മാവേലിക്കര: തദ്ദേശതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ തുറന്ന ജീപ്പുകള്‍ക്ക് വന്‍ ഡിമാന്‍ഡ്. പ്രചാരണത്തിന്റെ കൊട്ടിക്കലാശം ആഘോഷമാക്കുന്നതിനാണ് തുറന്ന ജീപ്പുകള്‍ എത്തിക്കുന്നത്. മേഖലയിലെ തുറന്ന ജീപ്പുകള്‍ ആഴ്ചകള്‍ക്ക് മുന്‍പുതന്നെ പ്രധാന മുന്നണികള്‍ വാടകയ്‌ക്കെടുത്തു കഴിഞ്ഞു. ബാറ്റ ഉള്‍പ്പെടെ പ്രതിദിനം 4,500 രൂപയാണ് ജീപ്പിന്റെ വാടക.
ചൊവ്വാഴ്ചത്തേക്ക് മണിക്കൂറിന് ആയിരം രൂപ വാടകയ്ക്ക് വരെ തുറന്ന ജീപ്പ് ബുക്ക് ചെയ്തവരുണ്ട്. കൊല്ലം ജില്ലയിലെ തിരഞ്ഞെടുപ്പ് തിങ്കളാഴ്ച കഴിഞ്ഞതിനാല്‍ പലരും അവിടെനിന്ന് ജീപ്പുകള്‍ എത്തിച്ചിട്ടുണ്ട്. ജയിക്കുമെന്ന് ഉറച്ച വിശ്വാസമുള്ളവര്‍ വോട്ടെണ്ണല്‍ നടക്കുന്ന ശനിയാഴ്ചയിലേക്കും ജീപ്പുകള്‍ പറഞ്ഞുവെച്ചിട്ടുണ്ട്. കൊട്ടിക്കലാശത്തിനായി കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്ന് വന്‍തോതില്‍ മൈക്ക് സെറ്റുകളും മാവേലിക്കരയില്‍ എത്തിച്ചിട്ടുണ്ട്.