മാങ്കാംകുഴി: തിരഞ്ഞെടുപ്പ് പ്രചാരണസാമഗ്രികള്‍ കെട്ടുന്നതിനിടെ യു.ഡി.എഫ്. പ്രവര്‍ത്തകന് വൈദ്യുതാഘാതമേറ്റു. തഴക്കര ഗ്രാമപ്പഞ്ചായത്ത് ഏഴാം വാര്‍ഡ് കല്ലിമേല്‍ നാലയ്യത്ത് തെക്കേതില്‍ ഷാജി(43)ക്കാണ് വൈദ്യുതാഘാതമേറ്റത്.
കല്ലിമേല്‍ ഗുരുമന്ദിരത്തിന് സമീപം ശനിയാഴ്ച ഉച്ചയ്ക്ക് 2.40നാണ് സംഭവം. ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥിതിചെയ്യുന്ന വൈദ്യുതിത്തൂണുകളില്‍ സ്ഥാനാര്‍ഥികളുടെ പോസ്റ്ററുകള്‍ തോരണമായി വലിച്ചുകെട്ടുവാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണ ഷാജിയുടെ കൈകാലുകള്‍ക്ക് പൊള്ളലേറ്റു.
നാട്ടുകാര്‍ ഉടന്‍തന്നെ മാവേലിക്കര ജില്ലാ ആസ്​പത്രിയിലാക്കി. പരിക്ക് ഗുരുതരമായതിനെത്തുടര്‍ന്ന് ഷാജിയെ പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് കൊണ്ടുപോയി.