കാര്‍ത്തികപ്പള്ളി: ഉമ്മന്‍ ചാണ്ടിയുടെ വലതുകരണംനോക്കി പൊട്ടിക്കാനുള്ള അവസരമാണ് തിരഞ്ഞെടുപ്പിലൂടെ ലഭിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍.
കാര്‍ത്തികപ്പള്ളിയില്‍ എല്‍.ഡി.എഫ്. തിരഞ്ഞെടുപ്പ് പ്രചാരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉമ്മന്‍ചാണ്ടി ഭരണത്തിലേറുമ്പോള്‍ അരിക്ക് 14 രൂപയായിരുന്നു വില. ഇന്നിപ്പോള്‍ 42 രൂപയായി. ഉഴുന്നിനും പരിപ്പിനുമെല്ലാം വില കുതിച്ചുകയറുന്നു. വിലക്കയറ്റത്താല്‍ ജനം നട്ടംതിരിയുമ്പോള്‍ ചാണ്ടി അഴിമതി നടത്തി പണമുണ്ടാക്കുന്നു.
അരുവിക്കരയില്‍ പയറ്റിയ തന്ത്രം പ്രയോഗിച്ച് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ തോല്‍പിക്കാമെന്നാണ് ഉമ്മന്‍ചാണ്ടി, നടേശന്‍, ബി.ജെ.പി. കൂട്ടുകെട്ട് പ്രതീക്ഷിക്കുന്നത്. മനപ്പായസം ഉണ്ണുന്നവര്‍ വിഷമിക്കേണ്ടിവരും.
എസ്.എന്‍.ട്രസ്റ്റ് സ്ഥാപനങ്ങളിലെ നിയമനങ്ങളില്‍നിന്ന് വിദ്യാര്‍ഥി പ്രവേശനത്തിലൂടെയും വെള്ളാപ്പള്ളി നടേശന്‍ 1000 കോടി രൂപ കോഴ വാങ്ങിയെന്ന ആരോപണം വി.എസ്. ആവര്‍ത്തിച്ചു. എന്തൊക്കെ ചെയ്താലും വെള്ളാപ്പള്ളിയുടെ ആര്‍.എസ്.എസ്. രാഷ്ട്രീയം കേരളത്തില്‍ വിലപ്പോകില്ല- വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റംഗം എം. സുരേന്ദ്രന്‍ അധ്യക്ഷനായിരുന്നു.
മുന്‍ എം.എല്‍.എ. ടി.കെ. ദേവകുമാര്‍, അഡ്വ. ബി. രാജേന്ദ്രന്‍, എന്‍. സജീവന്‍, അഡ്വ. ടി.എസ്. താഹ, പി.ബി. സുജാതന്‍, നാലുകണ്ടത്തില്‍ കൃഷ്ണകുമാര്‍ എന്നിവരും വിവിധ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളും ഘടക കക്ഷി നേതാക്കളും പങ്കെടുത്തു.