പോലീസ് ജീപ്പിന്റെ ബീക്കണ്‍ ലൈറ്റ് ഉച്ചത്തില്‍ ശബ്ദിച്ചു. അരൂക്കുറ്റി വടുതല ജങ്ഷനു സമീപമുള്ള മൈതാനത്ത് മുമ്പെങ്ങുമില്ലാത്ത ആവേശം. കാറില്‍നിന്ന് ഇറങ്ങിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പ്രവര്‍ത്തകരുടെ ഉജ്ജ്വലസ്വീകരണം.
ജില്ലയിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥികള്‍ക്കുവേണ്ടിയുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രമേശ് വടുതലയില്‍ തുടക്കമിടുകയായിരുന്നു. മുസ്ലിം ലീഗും കോണ്‍ഗ്രസ്സും നേര്‍ക്കുനേര്‍ മത്സരിക്കുന്ന അരൂക്കുറ്റി പഞ്ചായത്തില്‍ മതേതരത്വം പറഞ്ഞായിരുന്നു രമേശ് പ്രസംഗം തുടങ്ങിയത്. 'മുണ്ട് വലത്തോട്ടോ ഇടത്തോട്ടോ ഉടുക്കാം.
അത് മുണ്ടുടുക്കുന്നവന്റെ ഇഷ്ടമാണ്. ഏത് ഭക്ഷണം കഴിക്കണമെന്ന് അവരവര്‍തന്നെ തീരുമാനിക്കും. അതില്‍ ആര്‍ക്കും ഇടപെടാനാവില്ല. പിണറായി കോണ്‍ഗ്രസ്സുകാരെ മതേതരത്വം പഠിപ്പിക്കേണ്ട'. ചെന്നിത്തലയുടെ വാക്കുകള്‍ അണികള്‍ കൈയടിയോടെയാണ് സ്വീകരിച്ചത്.
വടുതലയില്‍നിന്ന് അടുത്ത പ്രസംഗവേദിയായ തുറവൂര്‍ വളമംഗലത്തേക്ക്. അവിടെ പ്രവര്‍ത്തകരെല്ലാം കാത്തിരിപ്പുണ്ടായിരുന്നു.
എല്‍.ഡി.എഫില്‍നിന്ന് അണികള്‍ കൊഴിഞ്ഞുപോകുന്നതിനെക്കുറിച്ചായിരുന്നു അവിടെ പ്രസംഗം. പിന്നീട് മണ്ണഞ്ചേരി കാവുങ്കലിലേക്ക്. സി.പി.എം. വിട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മണ്ണഞ്ചേരിയില്‍ മത്സരിക്കുന്ന വി.എന്‍.മോനപ്പന്‍ ചെന്നിത്തലയുടെ അഭിനന്ദനം. പിന്നെ, പൊന്നാടയണിച്ചു.
കാവുങ്കലിലെ പരിപാടി കഴിഞ്ഞ് ആലപ്പുഴ പ്രസ് ക്ലബ്ബില്‍ മുഖാമുഖം പരിപാടിക്കെത്തി. അപ്പോഴേക്കും ബാര്‍ കോഴക്കേസ് വിധി വന്നതുമായി ബന്ധപ്പെട്ട് ഫോണ്‍വിളി പ്രവാഹം. ഉടന്‍ പ്രസ് ക്ലബ്ബിലെ ടി.വി.ക്കു മുന്നിലേക്ക്. പിന്നെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞും മൗനമായിരുന്നും തഴക്കം വന്ന രാഷ്ട്രീയനേതാവിന്റെ പ്രകടനം. എല്ലാം കഴിഞ്ഞ് കെ.സി.വേണുഗോപാല്‍ എം.പി.യുടെ വീട്ടില്‍ ഉച്ചയൂണ്.
വിശ്രമിക്കാനൊന്നും സമയമുണ്ടായിരുന്നില്ല. 3.15 ഓടെ പഴവീട് ജങ്ഷനിലുള്ള ആലപ്പുഴ നഗരസഭാ സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് പ്രചാരണ യോഗസ്ഥലത്തേക്ക്. അവിടെ എല്ലാ സ്ഥാനാര്‍ഥികളെയും പരിചയപ്പെട്ടു. പിന്നെ, പ്രസംഗം. പ്രസംഗത്തിലെല്ലാം പോലീസിന്റെ വിജയഗാഥകളായിരുന്നു പറയാനുണ്ടായിരുന്നത്. കുപ്രസിദ്ധ മോഷ്ടാവും പിടികിട്ടാപ്പുള്ളിയുമായിരുന്ന ആട് ആന്റണി, ബാങ്ക് കൊള്ള നടത്തിയവര്‍... പിടികൂടിയ പ്രതികളുടെ നീണ്ടപട്ടിക. ഒപ്പം, ആട് ആന്റണിമാരായി വിലസുന്ന എല്ലാവരെയും പോലീസ് പൊക്കുമെന്ന മുന്നറിയിപ്പും.
പുന്നപ്ര ചന്ത, മാന്നാര്‍ സ്റ്റോര്‍ ജങ്ഷന്, മാവേലിക്കര, വെട്ടിയാര്‍ ജില്ലയാകെ ഓട്ട പ്രദക്ഷിണം. കായംകുളം പാര്‍ക്ക് മൈതാനത്തായിരുന്നു സമാപനം. അപ്പോഴേക്കും രാത്രി ഏറെ വൈകിയിരുന്നു.