മങ്കൊമ്പ് : മത്സരിക്കാന്‍ ഇത്തവണ കുട്ടനാട്ടില്‍ നിന്നൊരു കായികതാരവും. തുഴച്ചിലെ കൈത്തഴക്കം ബലപരീക്ഷണങ്ങളുടെയും അടവ് നയങ്ങളുടെയും വേദിയായ രാഷ്ട്രീയത്തില്‍ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടനാട്ടിലെ കൈനകരി സ്വദേശിയായ റോചാ മാത്യു.
കൈനകരി പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് റോചാ മത്സരിക്കുന്നത്.
തുഴച്ചില്‍ താരമാണെങ്കിലും രാഷ്ട്രീയം റോചായ്ക്ക് അന്യമല്ല. മുന്‍പ് സി.പി.ഐ. കൈനകരി സൗത്ത് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു. പക്ഷേ, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ആദ്യമാണെന്ന് മാത്രം. പാര്‍ട്ടിയില്‍നിന്ന് രാജിവെച്ചാണ് മത്സരത്തിനിറങ്ങുന്നത്. തുഴച്ചിലില്‍ രാജ്യാന്തര തലത്തില്‍ നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്.
2014ല്‍ സ്വിറ്റ്സര്‍ലന്‍ഡില്‍ നടന്ന അന്താരാഷ്ട്ര സര്‍ഫിങ് ചാംപ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേതാവാണ്. 2012ല്‍ തായ്ലന്ഡില് നടന്ന ഏഷ്യന്‍ ഡ്രാഗണ്‍ ബോട്ട് ചാംപ്യന്‍ഷിപ്പില്‍ രണ്ട് വെള്ളിയും ഒരു വെങ്കലവും നേടിയിട്ടുണ്ട്. വികസന കാര്യങ്ങളില്‍ പാര്‍ട്ടി പ്രതിനിധികള്‍ രാഷ്ട്രീയം കലര്‍ത്തുന്നതില്‍ പ്രതിഷേധിച്ചാണ് മത്സരിക്കുന്നതെന്ന് റോചാ പറയുന്നു.