തിരഞ്ഞെടുപ്പ് പ്രചാരണമൊക്കെ അപ്പപ്പോള്‍ ഫെയ്‌സ്ബുക്കിലിട്ട് ലൈക്കും കമന്റുമൊക്കെ വാരുന്നതാണ് സ്ഥാനാര്‍ഥികളുടെ ഇപ്പോഴത്തെ ഒരു രീതി. പടമെടുക്കാനും പോസ്റ്റ് ചെയ്യാനുമൊക്കെ കുട്ടിനേതാക്കളും ആശ്രിതരുമൊക്കെ സ്ഥാനാര്‍ഥിക്കൊപ്പം എപ്പോഴും കാണും. സ്ഥാനാര്‍ഥി ചിരിച്ചാല്‍... വീട്ടുകാരെ കെട്ടിപ്പിടിച്ചാല്‍... എന്തിന് ചായക്കടയിലിരുന്ന് ചായകുടിച്ചാല്‍... എല്ലാം ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും ലൈവായി തന്നെ ജനത്തിന് മുന്നിലെത്തും. തിരഞ്ഞെടുപ്പ് കാലമല്ലേ സഹിക്കാതെന്തുചെയ്യും.
ജനത്തിന് ഈ ലൈവൊക്കെ കണ്ട് ഒരുപാട് ബോറടിച്ചു. പക്ഷേ, അടുത്തിടെ ഒരു തകര്‍പ്പന്‍ ലൈവ് പരിപാടി വന്നുവീണു. ഇതോടെ സ്ഥാനാര്‍ഥികളുടെ ലൈവ് പരിപാടികള്‍ക്ക് ഇപ്പോ റേറ്റിങ് കൂടി. ഓണാട്ടുകര ഭാഗത്തുള്ള ഒരു സ്ഥാനാര്‍ഥി വോട്ടു ചോദിച്ചെത്തിയപ്പോള്‍, കുറെ സ്ത്രീകള്‍ നല്ല നാടന്‍ ഭാഷയില്‍ നാലു കാച്ചുകാച്ചി. അഞ്ചുകൊല്ലം മുന്‍പ് ജയിച്ചുപോയിട്ട് ഇപ്പോഴാണല്ലോ കാണുന്നത്. ഇവിടെ എന്തുകൊണ്ടുവന്നെന്നാണ് പറയണത്? ആദ്യം മയപ്പെട്ടു തുടങ്ങിയ സംസാരം പിന്നീട്, മലയാളം നിഘണ്ടുവിലില്ലാത്ത പദപ്രയോഗത്തിലേക്കൊക്കെ പോയി. പക്ഷേ, പാവം സ്ഥാനാര്‍ഥി എല്ലാം കേട്ട് മിണ്ടാതെ നിന്നു. തിരഞ്ഞെടുപ്പല്ലേ, തിരിച്ച് ബഹളമുണ്ടാക്കി ഉള്ള വോട്ടുകൂടി കളയണോ എന്ന് പാവം ചിന്തിച്ചുകാണും.
അതവിടെ കഴിഞ്ഞെന്ന് കരുതി സ്ഥാനാര്‍ഥി അടുത്ത സ്ഥലത്തേക്ക് വോട്ട് തേടിപ്പോകുകയും ചെയ്തു. പക്ഷേ, പിന്നീടല്ലേ പുകില്‍. സ്ഥാനാര്‍ഥിയെ പെണ്ണുങ്ങള്‍ ചീത്തവിളിക്കുന്നത് ഫെയ്‌സ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും ലോകം മുഴുവന്‍ കണ്ടു. തകര്‍പ്പന്‍ ലൈവ് വീഡിയോ. സ്ഥാനാര്‍ഥിക്ക് ഇപ്പോഴും ഒരു കാര്യം മനസ്സിലായിട്ടില്ല. ഏതവനാണ് ഈ ചതി ചെയ്തതെന്ന്. അന്വേഷണം പുരോഗമിക്കുകയാണ്. പക്ഷേ, ഒരു കുഴപ്പം ഇപ്പോ പഴയ പോലെ വോട്ടു ചോദിച്ച് പുറത്തിറങ്ങാനാവുന്നില്ല. കാരണം, മറ്റൊന്നുമല്ല, ലൈവ് വീഡിയോ കണ്ടവര്‍ ഒരു ആക്കിച്ചിരിചിരിക്കുന്നുണ്ട്.