മുമ്പൊക്കെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നാല്‍ പ്രചാരണം അതത് വാര്‍ഡുകളിലൊതുങ്ങുകയാണല്ലോ പതിവ്. സ്ഥാനാര്‍ഥികളും കുറെ അനുയായികളുമായി വീടു കയറ്റം, പത്രകടലാസ്സില്‍ നീലം കൊണ്ടെഴുതിയ പോസ്റ്റര്‍, അച്ചടിച്ച അഭ്യര്‍ഥന - ഇത്രയുമായാല്‍ പ്രചാരണം തകര്‍പ്പന്‍ എന്നാണു വയ്പ്.
പക്ഷേ, ആഗോളീകരണത്തിന്റെ പുതിയ കാലത്ത് സംഗതിയാകെ മാറി. ഇപ്പോള്‍ ആഗോളതലത്തിലാണ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍. സംശയമുണ്ടെങ്കില്‍ ചെങ്ങന്നൂരിനടുത്ത് ചെറിയനാട്ടേക്കൊന്നു വന്നാല്‍ മതി.
തിരഞ്ഞെടുപ്പു നടക്കുന്നത് ചെറിയനാട്ടാണെങ്കില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അമേരിക്കയില്‍. എന്താ വിശ്വാസം വരുന്നില്ലേ?
അമേരിക്കയില്‍ നിന്നാണ് ഒരു കൂട്ടര്‍ ചെറിയനാട്ടെ ഒരു സ്ഥാനാര്‍ഥിക്കായി പ്രചാരണം നടത്തുന്നത്. വാട്‌സ്ആപ് അടക്കം നവ മാധ്യമങ്ങളുപയോഗിച്ചാണ് പ്രചാരണം. ചെറിയനാട്ടുള്ള വോട്ടര്‍മാരുടെ മൊബൈല്‍ ഫോണിലേക്ക് സന്ദേശങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുകയാണത്രേ.
ജാതിക്കാലം കൂടിയാണല്ലോ. അതുകൊണ്ട് അമേരിക്കന്‍ സന്ദേശങ്ങള്‍ക്ക് ജാതിച്ചുവയുണ്ടെന്നാണ് സംസാരം. ആദ്യ വ്യവഹാരരഹിത പഞ്ചായത്തെന്ന് പേരെടുത്ത പഞ്ചായത്തിലെ അത്യാധുനിക സാങ്കേതിക വിദ്യയിലൂടെയുള്ള ജാതിപ്രചാരണം അയല്‍ വാര്‍ഡുകളിലേക്ക് പടരുമോ എന്നാണിപ്പോള്‍ സംശയം.