എസ്.എന്‍.ഡി.പി.- ബി.ജെ.പി- കോണ്‍ഗ്രസ് സഹകരണമെന്ന്

ചേര്‍ത്തല:
ചേര്‍ത്തല നഗരസഭ വാര്‍ഡ് 22 മിനിമാര്‍ക്കറ്റില്‍ സി.പി.എം.- എസ്.എന്‍.ഡി.പി. നേര്‍ക്കുനേര്‍ പോരാട്ടം. കോണ്‍ഗ്രസ് അവസാന ഘട്ടത്തില്‍ മത്സരരംഗത്തുനിന്ന് മാറിയതോടെയാണ് ഇവിടെ നേരിട്ടുള്ള പോരാട്ടത്തിനു കളമൊരുങ്ങിയത്.
ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മാധുരി സുരേഷും എസ്.എന്‍.ഡി.പി.- ബി.ജെ.പി. സമത്വമുന്നണി സ്ഥാനാര്‍ഥിയായി സിന്ധു പ്രകാശുമാണ് മത്സരിക്കുന്നത്. ഇരുവര്‍ക്ക് പുറമെ സി.പി.എം. പാര്‍ട്ടി അംഗമായിരുന്ന രത്‌നമ്മ സ്വതന്ത്രയായും മത്സര രംഗത്തുണ്ട്.
സി.പി.എം. കോട്ടയെന്നറിയപ്പെടുന്ന വാര്‍ഡില്‍ സമത്വ മുന്നണിക്കനുകൂലമായി കോണ്‍ഗ്രസും പ്രവര്‍ത്തിക്കുകയാണെന്ന ആരോപണം എല്‍.ഡി.എഫ്. ഉയര്‍ത്തിയിട്ടുണ്ട്.
ബി.ജെ.പി. ഉള്‍പ്പെടുന്ന സമത്വമുന്നണി സ്ഥാനാര്‍ഥിക്കുവേണ്ടിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പിന്‍വലിച്ചതെന്നാണ് എല്‍.ഡി.എഫ്. വിമര്‍ശം. ഇവരുടെ വിമര്‍ശനങ്ങള്‍ ന്യായീകരിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാക്കളടക്കം സമത്വമുന്നണി സ്ഥാനാര്‍ഥിക്കായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, സിന്ധു പ്രകാശ് യു.ഡി.എഫ്. പിന്തുണക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥിയാണെന്ന് ചേര്‍ത്തല ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. സി.വി.തോമസ് പറഞ്ഞു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സി.പി.എം. സ്ഥാനാര്‍ഥി 502 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. അന്ന് യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് ലഭിച്ചതിനേക്കാള്‍ ഇരിട്ടിയിലധികമായിരുന്നു ഭൂരിപക്ഷം.