പഞ്ചായത്ത് വാര്‍!ഡിലേക്ക് മത്സരിക്കുന്നവര്‍ക്ക് എന്തിനാ ബാനറും ഫ്‌ലെക്‌സുമൊക്കെ? വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥിയെ നേരിട്ടറിയാമെങ്കില്‍ പിന്നെ വെറുതെ കാശ് കളയണോ? ആ കാശുകൊണ്ട് എന്തെങ്കിലും കാരുണ്യ പ്രവര്‍ത്തനം ചെയ്തുകൂടേ? ചോദിക്കുന്നത് മുഹമ്മ പഞ്ചായത്ത് കല്ലാപ്പുറം വാര്‍ഡിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി സി.ബി. ഷാജികുമാറാണ്.
ഷാജി ഇതുവരെ ഒരു പോസ്റ്ററോ ഫ്‌ലെക്‌സോ ബാനറോ പ്രചാരണത്തിനായി അച്ചടിച്ചിട്ടില്ല. പകരം, എല്ലാവീടുകളും കയറിയിറങ്ങി വോട്ടു ചോദിക്കുക മാത്രമാണ് ചെയ്തത്. 435 വീടുകളടങ്ങുന്ന വാര്‍ഡില്‍ ഒരു റൗണ്ട് പ്രചാരണം കഴിഞ്ഞു. ഷാജിക്ക് ആകെ ചെലവായത് 775 രൂപ മാത്രം.
ഇനി ഒന്നിനും പണം വേണ്ട. പ്രചാരണത്തിന് പരമാവമധി 10,000 രൂപ ചെലവാക്കാനേ കമ്മിഷന്‍ അനുമതിയുള്ളൂ. ബാക്കി തുക പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനത്തിന് വേണ്ടി മാറ്റിവെച്ചു ഈ സ്ഥാനാര്‍ഥി. പല സ്ഥാനാര്‍ഥികളും ഇരുപതിനായിരവും മുപ്പതിനായിരവുമൊക്കെ ചെലവഴിച്ചു കഴിഞ്ഞെന്നോര്‍ക്കണം.
അല്ല. ഈ സ്ഥാനാര്‍ഥിയെന്താ ഇങ്ങനെ എന്ന് എല്ലാവരും ചിന്തിക്കുന്നുണ്ടാകും. മുന്‍ മുഹമ്മ പഞ്ചായത്ത് പ്രസിഡന്റും സി.പി.എമ്മിലെ ലാളിത്യത്തിന്റെ പ്രതീകവുമായ അന്തരിച്ച സി.കെ. ഭാസ്‌കരന്റെ മകനായതുതന്നെ കാരണം. അച്ഛന്‍ തുടങ്ങിവെച്ച പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനത്തിനുവേണ്ടിയാണ് ഷാജി മുഴുവന്‍ സമയവും നീക്കിവെക്കുന്നത്. പ്രചാരണത്തിനായി ലഭിക്കുന്ന സ്‌പോണ്‍സര്‍ഷിപ്പ് തുകപോലും ബാനറും പോസ്റ്ററും അടിച്ച് വേസ്റ്റാക്കാതെ കാരുണ്യ പ്രവര്‍ത്തനത്തിനാണ് വിനിയോഗിക്കുന്നത്. എന്തുകൊണ്ട് മറ്റു സ്ഥാനാര്‍ഥികള്‍ക്കും ഇത് മാതൃകയാക്കിക്കൂട. ഷാജിയുടെ പ്രചാരണത്തിലെ ലാളിത്യം തോമസ് ഐസക് എം.എല്‍.എ. തന്റെ എഫ്.ബി. പേജിലൂടെ പോസ്റ്റു ചെയ്തപ്പോള്‍, മറ്റു പല സ്ഥാനാര്‍ഥികളും ബാനറും പോസ്റ്ററും വേണ്ടെന്ന് വെച്ചെന്നാണ് കേട്ടത്.