ആലപ്പുഴ: ഒരേ വീട്ടിലുള്ളവര്‍ക്ക് വോട്ട് പല വാര്‍ഡുകളില്‍. ചാത്തനാട് മന്നത്ത് ജങ്ഷനില്‍ കല്ലേലില്‍ വീട്ടുകാര്‍ വര്‍ഷങ്ങളായി വോട്ട് ചെയ്യുന്നത് മന്നം സ്‌കൂളിലാണ്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലും അങ്ങനെ തന്നെയായിരുന്നു. കല്ലേലില്‍ വീട്ടിലെ ഗൃഹനാഥന്‍ അനിയന്‍കുഞ്ഞിനും ഭാര്യ ഷീലയ്ക്കും വോട്ട് മന്നം സ്‌കൂളില്‍ തന്നെ. ഇതേ വീട്ടില്‍ താമസിക്കുന്ന മകന്‍ മഹേഷിനും അമ്മ ഭാര്‍ഗവിയമ്മയ്ക്കും അനുജത്തി ശ്രീലേഖയ്ക്കും വോട്ട് ആശ്രമം വാര്‍ഡിലെ ഗവണ്‍മെന്റ് യു.പി. എസ്സിലാണ്.
വോട്ടര്‍മാരുടെ സ്ലിപ്പ് കിട്ടിയപ്പോഴാണ് ഇവര്‍ക്ക് മറ്റൊരു വാര്‍ഡിലാണ് വോട്ടെന്ന് അറിഞ്ഞത്. സ്വന്തം ജനപ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള അവകാശം നഷ്ടമാകുന്നതിനൊപ്പം സംഭവം നിയമവിരുദ്ധമാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. കംപ്യൂട്ടറില്‍ വന്ന പിശക് കാരണമാകാം ഇങ്ങനെ സംഭവിച്ചതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറയുന്നത്. ഈ കുടുംബം തിരഞ്ഞെടുപ്പ് കമ്മിഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കും.