ആലപ്പുഴ: കുട്ടനാട് കഴിഞ്ഞാല്‍ നെല്ല് രാഷ്ട്രീയചര്‍ച്ചയാവുന്നത് അപ്പര്‍ കുട്ടനാട് ഡിവിഷനുകളിലാണ്. നെല്‍വയലുകളാല്‍ ചുറ്റപ്പെട്ട മൂന്നു മണ്ഡലങ്ങളാണ് ഇവിടെയുള്ളത്. കരുവാറ്റ, പള്ളിപ്പാട്, മുതുകുളം. രാഷ്ട്രീയ പാരമ്പര്യമുള്ളവരെ രംഗത്തിറങ്ങി മുന്നണികള്‍ തിരഞ്ഞെടുപ്പിന് ഗൗരവം പകര്‍ന്നിട്ടുമുണ്ട്.
ജില്ലാ പഞ്ചായത്തില്‍ 15 വര്‍ഷമായി സക്രിയനായ ജോണ്‍ തോമസാണ് പള്ളിപ്പാട് യു.ഡി.എഫ്. പ്രതിനിധി.
കമ്യൂണിസ്റ്റ് നേതാവ് വര്‍ഗീസ് വൈദ്യന്റെ ചെറുമകന്‍ അംബു വര്‍ഗീസാണ് എല്‍.ഡി.എഫിന്റെ പോരാളി. ഇവര്‍ക്കിടയില്‍ സേവാദള്‍ ജില്ലാ ചെയര്‍മാനായിരുന്ന കെ.എസ്. മോഹന്‍ദാസാണ് ബി.ജെ.പി.യുടെ തുറുപ്പു ചീട്ട്. കോണ്‍ഗ്രസ് അവഗണനയില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം രാജിവച്ച് ബി.ജെ.പി.യെ പ്രതിനിധീകരിക്കുന്നത്.
പള്ളിപ്പാട്, ചേപ്പാട്, കരുവാറ്റ, വീയപുരം ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് ഈ ഡിവിഷന്‍.
കരുവാറ്റയില്‍ വനിതകളുടെ വീറുറ്റ പോരാട്ടമാണ്. എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് രമ്യാരമണനാണ് എല്‍.ഡി.എഫ്. പോരാളി. കുമാരപുരം പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി രാജുവിനെയാണ് യു.ഡി.എഫ്. എതിരാളിയാക്കിയിട്ടുള്ളത്. മഹിളാ മോര്‍ച്ച ജില്ലാ സെക്രട്ടറി എ.ശാന്തകുമാരിയാണ് ബി.ജെ.പി. സാരഥി. കരുവാറ്റ, കുമാരപുരം, തൃക്കുന്നപ്പുഴ, കാര്‍ത്തികപ്പള്ളി എന്നീ പഞ്ചായത്തുകളുടെ വാര്‍ഡുകള്‍ കൂട്ടിച്ചേര്‍ത്തതാണ് ഈ ഡിവിഷന്‍.
സ്വതന്ത്ര സ്ഥാനാര്‍ഥിക്ക് പ്രാമുഖ്യം കിട്ടിയതിലൂടെ ശ്രദ്ധേയമാണ് മുതുകുളം ഡിവിഷന്‍. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബബിത ജയനെയാണ് യു.ഡി.എഫ്. രംഗത്തിറക്കിയിട്ടുള്ളത്. ആറാട്ടുപുഴ ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിന്നി സില്‍സാണ് എല്‍.ഡി.എഫ്. പ്രതിനിധി. ഇവര്‍ക്കിടയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയായ രജിത ചിത്രഭാനു സ്വതന്ത്രയായി മത്സരിക്കുന്നത്. സ്വന്തം സ്ഥാനാര്‍ഥിയുടെ പത്രിക തള്ളിപ്പോയതിനാല്‍ ബി.ജെ.പി. പിന്തുണ ഇവര്‍ക്കുണ്ടെന്നും പറയുന്നു. മുതുകുളം, ചിങ്ങോലി, ആറാട്ടുപുഴ, കാര്‍ത്തികപ്പള്ളി എന്നീ പഞ്ചായത്തുകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് ഈ ഡിവിഷന്‍.
നെല്‍ക്കര്‍ഷകര്‍ക്ക് സംതൃപ്തിയുള്ള കാലമാണ് യു.ഡി.എഫ്. ഒരുക്കിയതെന്ന് മുഖ്യന്ത്രിയും കെ.പി.സി.സി.പ്രസിഡന്റും ഇവിടെയെത്തി ആവര്‍ത്തിച്ചു. എന്നാല്‍, സമയത്ത് നെല്ലെടുക്കാതെ പണം നല്‍കാതെ കര്‍ഷകരെ ക്ലേശിപ്പിക്കുകയാണെന്ന് സി.പി.എം.പോളിറ്റ് ബ്യൂറോ അംഗങ്ങളായ പിണറായി വിജയനും എം.എ. ബേബിയും പ്രചാരണം നടത്തി. ആറാട്ടുപുഴ ഉള്‍പ്പെടുന്നതിനാല്‍ മത്സ്യത്തൊഴിലാളി പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യുന്നുണ്ട്.എന്തായാലും നെല്ലും മീനും പാടശേരങ്ങളുടെ പുറംബണ്ടുംവരെ ചര്‍ച്ചയായിരിക്കുന്നത് ശുഭകരമാണെന്ന് പറയാം.