ആലപ്പുഴ: തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്കുള്ള പോസ്റ്റല്‍ വോട്ടുകള്‍ സ്വന്തമാക്കാന്‍ സ്ഥാനാര്‍ഥികളുടെ നെട്ടോട്ടം. പോസ്റ്റല്‍ വോട്ടുകളുടെ രഹസ്യസ്വഭാവം നിലനിര്‍ത്തി വോട്ടു ചെയ്ത് വരണാധികാരിയെ ഏല്‍പ്പിക്കണമെന്നാണ് ചട്ടമെങ്കിലും അത് പലേടത്തും ലംഘിക്കപ്പെടുന്നതായാണ് സൂചന.
നിശ്ചിത രാഷ്ട്രീയകക്ഷികളിലെ സക്രിയരായ പ്രവര്‍ത്തകര്‍ (ഉദ്യോഗസ്ഥര്‍) വോട്ടു ചെയ്ത് ബന്ധപ്പെട്ടവരെ ഏല്‍പ്പിക്കുകയും അത് പാര്‍ട്ടിക്കാര്‍ നടപടികള്‍ നടത്തി എത്തിക്കുന്നതായും പറയുന്നുണ്ട്. ചിലയിടത്ത് ചില ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ വോട്ടുകള്‍ സ്ഥാനാര്‍ഥിയുടെ സാന്നിധ്യത്തില്‍ ചെയ്താണത്രെ കവറിലാക്കുന്നത്. വോട്ടെടുപ്പിന് മുന്‍പേ ഉറപ്പിക്കാവുന്ന ഈ പോസ്റ്റല്‍ വോട്ടുകളുടെ കണക്കെടുക്കാന്‍ എല്ലാ കക്ഷികളും പ്രത്യേകിച്ച് പ്രവര്‍ത്തകരെ നിയോഗിച്ചിട്ടുണ്ട്.
പാര്‍ട്ടിയോടോ, സ്ഥാനാര്‍ഥിയോടോ ഉള്ള കൂറ് ഉറപ്പിക്കാനും ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ വോട്ടിനെ കരുവാക്കുന്നുണ്ട്. കൂറ് എക്കാലവും നിലനിര്‍ത്താമെന്ന് മാത്രമല്ല വിജയത്തിലോ പരാജയത്തിലോ നേരിട്ട് പങ്കാളിയുമാകാം.
ജില്ലയില്‍ 12,000-ല്‍ അധികമാണ് മൊത്തം പോസ്റ്റല്‍ വോട്ടുകള്‍. ജില്ലയ്ക്ക് പുറത്തേയ്ക്കും ഇവിടുന്ന് പോസ്റ്റല്‍ വോട്ടുണ്ട്.
ഉദ്യോഗസ്ഥര്‍ക്ക് വോട്ടെണ്ണല്‍ ദിനംവരെ പോസ്റ്റല്‍ വോട്ട് സമര്‍പ്പിക്കാം. പഞ്ചായത്ത് പ്രദേശങ്ങളിലുള്ള ഉദ്യോഗസ്ഥരെല്ലാം വോട്ടുകള്‍ അതത് ബ്ലോക്ക്തല വരണാധികാരിക്ക് നല്‍കണം. മൂന്ന് പോസ്റ്റല്‍ വോട്ടുകളും ഒരുമിച്ച് സമര്‍പ്പിക്കാം. ബ്ലോക്ക് വരണാധികാരി ഇത് തരംതിരിച്ച് അതത് പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാതലത്തിലേക്ക് മാറ്റും.
കഴിഞ്ഞ തവണത്തേതുപോലെ തന്നെയാണ് ഇക്കുറിയും പോസ്റ്റല്‍ വോട്ടുകള്‍ അനുവദിക്കുന്നത്. ജില്ലയ്ക്ക് വെളിയിലുള്ള പോസ്റ്റല്‍ വോട്ടുകളാണെങ്കില്‍ നേരത്തെ അയയ്‌ക്കേണ്ടിവരും. നഗരസഭകളില്‍ ഒരു വോട്ട് മാത്രം മതിയെന്നതിനാല്‍ ഇവിടത്തെ ഉദ്യോഗസ്ഥര്‍ക്ക് അതതിടത്തെ നഗരസഭാ വരണാധികാരിയ്ക്ക് പോസ്റ്റല്‍ വോട്ട് സമര്‍പ്പിക്കാം. പക്ഷേ, പഞ്ചായത്തിലുള്ളവര്‍ക്ക് മൂന്ന് വോട്ട് ചെയ്യേണ്ടതിനാല്‍ ആശയക്കുഴപ്പം കൂടി ഒഴിവാക്കാനാണ് ബ്ലോക്ക് വരണാധികാരിക്ക് അവ ഒരുമിച്ച് സമര്‍പ്പിച്ചാല്‍ മതിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്.