ബിഹാര്‍ ഒരിക്കല്‍ കൂടി വിധിയെഴുതിയിരിക്കുന്നു.ബിഹാറിന്റെ ഉള്‍മനസ്സ്‌ അറിയുന്നവര്‍ക്ക്‌ അപ്രതീക്ഷിതമായിരുന്നില്ല ഈ ജനവിധി. പുറത്ത്‌ ഇളക്കങ്ങള്‍ ഉയര്‍ത്തുമ്പോഴും അടിത്തട്ടിലെ നിശ്ചയ ദാര്‍ഢ്യം പലപ്പോഴും ഇളകാതെ കാത്തു സൂക്ഷിക്കാന്‍ ബീഹാറിലെ ഗ്രാമങ്ങള്‍ക്കറിയാം.പട്ടിണിയിലും പരിമിതിയിലും പോലും ,ഈ ഉറച്ച തീരുമാനങ്ങള്‍ അവര്‍ സ്വന്തം സഹനസമരങ്ങളുടെ ഭാഗമായി ചേര്‍ത്തു പിടിക്കുമെന്ന്‌ ബിഹാറിന്റെ ചരിത്രം പറഞ്ഞു തരും.അതു കൊണ്ട്‌ ഈ ജനവിധിയില്‍ അത്ഭുതപ്പെടേണ്ടതില്ല.

സോഷ്യലിസ്റ്റ്‌ പ്രസ്ഥാനത്തില്‍ നിന്ന്‌ ജാതിരാഷ്ട്രീയത്തിലേക്ക്‌

എല്ലാവര്‍ക്കും ജയിക്കേണ്ട യുദ്ധമായിരുന്നു ഇക്കുറി ബിഹാറില്‍ നടന്നത്‌. ജാതി സമവാക്യങ്ങള്‍ രാഷ്ട്രീയം നിശ്ചയിക്കുന്ന ബിഹാറില്‍ ഈ സമവാക്യങ്ങളെ സമര്‍ഥമായി ഉപയോഗിക്കുന്നവരാണ്‌ തൊണ്ണൂറുകള്‍ മുതല്‍ ഭരണം പിടിക്കുന്നത്‌. ഒരു കാലത്ത്‌ ഇന്ത്യയിലെ സോഷ്യലിസ്റ്റ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ വേരോട്ടമുള്ള മണ്ണായിരുന്നു ബിഹാർ. രാം മനോഹര്‍ ലോഹ്യ, ജയപ്രകാശ്‌ നാരായണന്‍, കര്‍പൂരി ഠാക്കൂര്‍, ജെ.ബി.കൃപലാനി, മധു ലിമായെ, ജോര്‍ജ്ജ്‌ ഫെര്‍ണാണ്ടസ്‌ തുടങ്ങിയവര്‍ ഇന്ത്യയിലെ സോഷ്യലിസറ്റ്‌‌ പ്രസ്ഥാനത്തിന്‌ അടിത്തട്ട്‌ തീര്‍ത്തത്‌ സമരപാരമ്പര്യമുള്ള ബിഹാര്‍ ഗ്രാമങ്ങളിലായിരുന്നു. ഇന്ദിരാഗാന്ധിയുടെ ഏകാധിപത്യത്തിനും അടിയന്തരാവസ്ഥക്കുമെതിരെ ജയപ്രകാശ്‌ നാരായണന്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ വിപ്ലവത്തിന്‌ തോളൊപ്പം നില്‍ക്കാന്‍ അധസ്ഥിതരുടെ ജനനായകനായ കര്‍പ്പൂരി ഠാക്കൂറുമുണ്ടായിരുന്നു.

ജന്‍മിത്വവും ശക്തമായ ജാതിഘടനയും നില നിന്ന ബിഹാറില്‍ ദളിതരെയും പിന്നോക്കക്കാരെയും സംഘടിപ്പിച്ച്‌ നടത്തിയ അവകാശ സമരങ്ങളിലാണ്‌ ജെ.പി.യും കര്‍പ്പൂരിയും സോഷ്യലിസറ്റ്‌ പ്രസ്ഥാനങ്ങള്‍ക്ക്‌ വിത്തിട്ടത്‌. കര്‍പ്പൂരി ഠാക്കൂര്‍ സോഷ്യലിസ്റ്റ്‌ പാതകളിലേക്ക്‌ കൈ പിടിച്ച് നടത്തിയ ചെറുപ്പക്കാരാണ്‌ ഇപ്പോള്‍ ബിഹാര്‍ രാഷ്ട്രീയത്തിന്റെ അടയാളങ്ങള്‍ .  ലാലു പ്രസാദ്‌ യാദവ്‌, നിതീഷ്‌ കുമാര്‍, രാം വിലാസ്‌ പാസ്വാന്‍, സുശീല്‍ കുമാര്‍ മോഡി തുടങ്ങിയവര്‍. 1970-80 കാലഘട്ടത്തിന്റെ സംഭാവനകള്‍‍. എന്നാല്‍ 90 കളിലെ മണ്ഡല്‍ രാഷ്ട്രീയം ബീഹാറിനെ സോഷ്യലിസ്റ്റ്‌ മേല്‍വിലാസത്തില്‍ നിന്ന്‌ ജാതി രാഷ്ട്രീയത്തിലേക്ക്‌ വഴിമാറ്റി നടത്തി. തൊട്ടു കൂടായ്‌മയും അടിച്ചമര്‍ത്തലും ജാതി വിവേചനങ്ങളും അതിശക്തമായിരുന്ന ബിഹാറില്‍ ഈ ജാതി സമവാക്യങ്ങളായി പിന്നീട്‌ രാഷ്ട്രീയം. ഭൂമിയുടെ അധികാരത്തെച്ചൊല്ലി ഭൂവുടമകളായ സവര്‍ണ സമുദായവും , ദളിത്‌, മഹാദളിത്‌, പിന്നോക്ക-ന്യൂനപക്ഷങ്ങള്‍ എന്നിവരടങ്ങുന്ന ബഹൂഭൂരിപക്ഷവും തമ്മിലുള്ള യുദ്ധങ്ങള്‍ക്ക്‌ കക്ഷി രാഷ്ട്രീയത്തിന്റെ മാനം കൈവന്നു. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഈ രാഷ്ട്രീയത്തില്‍ നിന്ന്‌‌ പുറന്തള്ളപ്പെട്ടപ്പോള്‍ പ്രാദേശിക പാര്‍ട്ടികള്‍ ഇടം കയ്യടക്കി. 

90 കളില്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമെതിരെ രൂപം കൊണ്ട രാഷ്ട്രീയ മുന്നേറ്റങ്ങളില്‍ ഒരിക്കല്‍ കൂടി ബിഹാര്‍ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കളും നിര്‍ണയാകങ്ങളായി.പിന്നീട്‌ ഡല്‍ഹിയില്‍ രൂപമെടുത്ത എല്ലാ ഭരണ-പ്രതിപക്ഷ സഖ്യങ്ങളിലും ബിഹാറിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ സാന്നിധ്യം അനിവാര്യമായി.വി.പി.സിംഗിനെ പ്രധാനമന്ത്രിപദത്തിലെത്തിച്ച ജനതാദള്‍ പിന്നീട്‌‌ പലപാര്‍ട്ടികളുടെയും തറവാടായി‌. ലാലുവിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ ജനതാദള്‍,ശരദ്‌ യാദവിന്റെയും നിതീഷ്‌ കുമാറിന്റെയും നേതൃത്വത്തില്‍ ജനതാദള്‍ .യു,ജോര്‍ജ്‌്‌ ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തില്‍ സമതാ പാര്‍ട്ടി എന്നിങ്ങനെ.ഈ പാര്‍ട്ടികളെ എതിര്‍ത്തും അനുകൂലിച്ചും ബി.ജെ.പി.യും.

ജാതികളുടെ ഭൂമിക

ബിഹാറിന്റെ ജാതി ഭൂമികയില്‍ 51 ശതമാനം പേര്‍ പിന്നോക്കം, അതി പിന്നോക്കം, വിഭാഗങ്ങളില്‍പ്പെട്ടവരാണ്‌.പിന്നോക്ക വിഭാഗത്തില്‍ യാദവര്‍ 14 ശതമാനവും കുര്‍മികള്‍ 4 ശതമാനവും .അതി പിന്നോക്ക വിഭാഗങ്ങളില്‍ കുശ്വാഹ 6 ശതമാനം.കൊയേരി 8 ശതമാനം.തേലി 3 ശതമാനം എ്‌ന്നിങ്ങനെ.ദളിത്‌-മഹാദളിത്‌്‌ വിഭാഗങ്ങള്‍ 16 ശതമാനമാണ്‌ വോട്ട്‌ ബാങ്ക്‌ തീര്‍ക്കുന്നത്‌.പസ്വാന്‍,ഭണ്ഡാര്‍,ബൂരി,മുസഹര്‍ തുടങ്ങി 21 ഉപജാതികളുണ്ട്‌ മഹദളിതുകളില്‍.16.9 ശതമാനമാണ്‌ മുസ്ലീം ജനസംഖ്യ.15 ശതമാനമാണ്‌ മുന്നോക്ക വിഭാഗങ്ങള്‍.ഇതില്‍ ഭൂമിഹാര്‍ 3 ശതമാനം,ബ്രാഹ്മണര്‍ 5 ശതമാനം,രജപുത്തുകള്‍ 6 ശതമാനം,കായസ്ഥര്‍ 1 ശതമാനം എന്നിങ്ങനെ.എന്നാല്‍ 15 ശതമാനം വരുന്ന ഉയര്‍ന്ന സമുദായങ്ങള്‍ ഭൂമിയും പ്രകൃതി വിഭവങ്ങളും കൈവശം വയ്‌ക്കുകയും 85 ശതമാനം വരുന്ന പിന്നോക്ക-ദളിത്‌ വിഭാഗങ്ങളെ അടിയാളരായി കീഴടക്കുകയും ചെയ്‌ത സാമൂഹ്യാവസ്ഥയാണ്‌ ഇപ്പോഴും ബിഹാറിന്റെ സ്വഭാവം.ഈ ജാതി ഘടനകളെ സമര്‍ഥമായി ഉപയോഗിക്കുന്നവര്‍ക്കാണ്‌ ബിഹാറിന്റെ രാഷ്ട്രീയാധീശത്വവും ഭരണാധികാരവും.വീണ്ടുമൊരു തിരഞ്ഞെടുപ്പിലൂടെ കടന്നു പോയപ്പോള്‍,ജാതി രാഷ്ട്രീയത്തിന്റെയും രാഷ്ട്രീയ ചേരിതിരിവുകളുടെയും അടുക്കളയായി ബീഹാര്‍ മാറുകയായിരുന്നു.നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയായി ഉയര്‍ത്തിക്കാട്ടി 2013 ല്‍ എന്‍.ഡി.എ,സഖ്യം വെടിഞ്ഞ നിതീഷ്‌ കുമാറിന്റെ ജനതാദള്‍.യു ബദ്ധവൈരിയായിരുന്ന ലാലുപ്രസാദ്‌ യാദവുമായി കൈകോര്‍ത്തു.രണ്ട്‌ പേര്‍ക്കും നിലനില്‍പിനായുള്ള സഖ്യമായിരുന്നു.എന്നാല്‍ ജനതാപരിവാറിന്റെ ഭാഗമായിരുന്ന മുലായം സിംഗ്‌ യാദവ്‌ സീറ്റ്‌ പങ്കുവയ്‌പിനെച്ചൊല്ലി നാടകീയമായി പിണങ്ങിപ്പിരിഞ്ഞു.ബി.ജെ.പിയാകട്ടെ നിതീഷിനോട്‌ പിണങ്ങിയിറങ്ങിയ മഹാദളിത്‌ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ജതിന്‍ റാം മാഞ്ചി,ലോക്‌ജനശക്തി പാര്‍ട്ടി നേതാവ്‌ രാം വിലാസ്‌ പസ്വാന്‍,ആര്‍.എല്‍.എസ്‌പി. നേതാവും മോഡിയുടെ വിശ്വസ്‌തനുമായ ഉപേന്ദ്ര കുശ്വാഹ എന്നിവരെ ചേര്‍ത്ത്‌്‌്‌ എന്‍.ഡി.എ സഖ്യം വിപുലീകരിച്ചു.
ബിഹാറിന്റെ നാനാര്‍ഥങ്ങള്‍

എല്ലാവര്‍ക്കും നിര്‍ണായകം.

ജാതികളെ കേന്ദ്രീകരിച്ചുള്ള തിരഞ്ഞെടുപ്പ്‌ രാഷ്ട്രീയത്തിന്‌ സമീപകാലത്ത്‌ ബിഹാറില്‍ മാറ്റമുണ്ടായത്‌ 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ്‌.ഇന്ത്യ മുഴുവന്‍ വീശിയടിച്ച മോഡി കൊടുങ്കാറ്റിനൊപ്പം ബിഹാറും വിധിയെഴുതിയത്‌ അത്ഭുതങ്ങളിലൊന്നായി.അടിമുടി രാഷ്ടീയവും അതിശക്തമായ സ്വത്വബോധവുമുള്ള ഗ്രാമങ്ങള്‍ പോലും ബി.ജെ.പി.ചിഹ്നത്തില്‍ വോട്ടു രേഖപ്പെടുത്തിയതോടെ,ബിഹാര്‍ മാറി ചിന്തിക്കാന്‍ തുടങ്ങി എ്‌ന്ന ധാരണയാണ്‌ പരന്നത്‌.ലാലുവിന്റെയും നീതിഷിന്റെയും കോട്ടകളായിരുന്ന ദളിത്‌,മഹാദളിത്‌ വോട്ട്‌ ബാങ്കുകളിലും വിള്ളല്‍ വീണു.എന്നാല്‍,കേന്ദ്രത്തില്‍ നിലവിലുള്ള കോണ്‍ഗ്രസ്‌ സര്‍ക്കാരിനോടുള്ള ജനരോഷം,മോഡിയിലുള്ള പ്രതീക്ഷ,ഉറച്ച സര്‍ക്കാര്‍ ,വികസന മുദ്രാവാക്യം തുടങ്ങിയ ഘടകങ്ങളാണ്‌ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്‌.മാത്രമല്ല,ബി.ജെ.പി വിരുദ്ധ ശക്തികള്‍ ബിഹാറിലും വെവ്വേറെയാണ്‌ മത്സരിച്ചത്‌.ഇതോടെ ബി.ജെ.പി. വിരുദ്ധ വോട്ടുകള്‍ ചിതറി.40 ലോക്‌സഭാ സീറ്റുകളില്‍ 31 എണ്ണവും ബി.ജെ.പി.ക്ക്‌ ലഭിച്ചു.എന്നാല്‍ ഈ വോട്ട്‌്‌ ശൈലി ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ ആവര്‍ത്തിക്കുമെന്ന കണക്ക്‌ കൂട്ടലിലായിരുന്നു എന്‍.ഡി.എ.സഖ്യം.

പരമ്പരാഗത ശൈലിയില്‍ ജാതി സമവാക്യങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ തങ്ങള്‍ക്ക്‌ അനുകൂലമാകില്ല ബിഹാര്‍ എന്ന്‌ മുന്‍കൂട്ടി മനസ്സിലാക്കിയ ബി.ജെ.പി. വികസന കാര്‍ഡിറക്കാനാണ്‌ തുടക്കം മുതല്‍ ശ്രമിച്ചത്‌.തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കും മുമ്പ്‌ തന്നെ പ്രധാനമന്ത്രി നരേന്ദ്രമോഡി ,പരിവര്‍ത്തന്‍ റാലികളിലൂടെ വികസനമുദ്രാവാക്യം മുന്നോട്ടു വച്ച്‌ പ്രചരണം വഴി തിരിക്കാന്‍ മോഡിയും അമിത്‌ ഷായും ശ്രമിച്ചു.ബിഹാറിന്‌്‌ ഒന്നേകാല്‍ ലക്ഷം കോടിയുടെ വികസന പാക്കേജ്‌ പ്രഖ്യാപിച്ചതും ഈ ലക്ഷ്യം മുന്നില്‍ കണ്ട്‌ തന്നെ. തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച്‌ കഴിഞ്ഞ്‌്‌്‌ പ്രചരണങ്ങളുടെ തുടക്കത്തില്‍ തന്നെ ഈ വികസന വിഷയങ്ങളില്‍ മറ്റ്‌ മുന്നണികളെ കുടുക്കിയിടാന്‍ മോഡിക്ക്‌ കഴിഞ്ഞു.പ്രധാനമന്ത്രി നരേന്ദ്രമോഡിയും ബി.ജെ.പി.ദേശീയ അധ്യക്ഷന്‍ അമിത്‌ ഷായുമായിരുന്നു പ്രചരണങ്ങള്‍ക്ക്‌ നേരിട്ട്‌ നേതൃത്വം നല്‌കിയത്‌.എന്നാല്‍ മോഡിയുടെ വികസന കാര്‍ഡിനെ താന്‍ നടത്തിയ വികസനങ്ങള്‍ അക്കമിട്ടു നിരത്തിയാണ്‌ നിതീഷ്‌ നേരിട്ടത്‌. കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കിടയില്‍ ബിഹാറിലെത്തിയ വികസനങ്ങള്‍ കണ്ടില്ലെന്ന്‌ നടിക്കാന്‍ എന്‍.ഡി.എക്കും കഴിഞ്ഞില്ല.എങ്കിലും നിതീഷിന്റെ ഡി.എന്‍.എ പരിശോധന തുടങ്ങിയ പ്രധാനമന്ത്രിയുടെ വിവാദ പരാമര്‍ശങ്ങളും വികസനചര്‍ച്ചക്കിടയില്‍ രാഷ്ട്രീയചൂടുയര്‍ത്തി.

ജാതി സംവരണത്തില്‍ തട്ടി....

വിജയം ലക്ഷ്യമിട്ട്‌ നടത്തിയ നീക്കങ്ങള്‍ ഒന്നൊന്നായി തിരിച്ചടിച്ചതാണ്‌ ബിഹാറില്‍ ബി.ജെ.പിയെ വീഴ്‌ത്തിയത്‌.ആസ്‌ൂത്രണ വിദഗ്‌ധരായ മോഡിയും അമിത്‌ഷായും അതീവ പ്രൊഫഷണല്‍ വൈദഗ്‌ധ്യത്തോടെ നടത്തിയ കരുനീക്കങ്ങള്‍ പാളിയത്‌ പുതിയ പാഠമായി.ബി.ജെ.പി.യ്‌ക്ക്‌ സംഭവിച്ച പധാന പാളിച്ചകള്‍ :

1).ബിഹാറിയോ ബാഹറിയോ ?

മഹാരാഷ്ട്ര,ഹരിയാന,ജാര്‍ഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ പയറ്റിത്തെളിഞ്ഞ ഫോര്‍മുല തന്നെയാണ്‌ ബീഹാറിലും പയറ്റാന്‍ ബി.ജെ.പി ശ്രമിച്ചത്‌.മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാതെ മോഡിയും അമിത്‌ ഷായും നേരിട്ട്‌ പ്രചരണം നടത്തുക.മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിന്‌ ശേഷം പ്രഖ്യാപിക്കുക.ഇതനുസരിച്ച്‌്‌ ,പ്രചരണ സാമഗ്രികളില്‍ പോലും സംസ്ഥാന നേതാക്കളുടെ ചിത്രം പതിക്കാതെ എന്‍.ഡി.എ സഖ്യം പ്രചരണം തുടങ്ങി.എന്നാല്‍ ഇത്‌ ബി.ജെ.പി.യുടെ സംസ്ഥാന ഘടകത്തില്‍ അതൃപ്‌തി വളര്‍ത്തിയെന്ന്‌ മാത്രമല്ല,എതിരാളികള്‍ കടുത്ത പ്രചരണായുധമാക്കി മാറ്റുകയും ചെയ്‌തു.ബിഹാറിന്റെ അഭിമാനം ചോദ്യം ചെയ്യപ്പെട്ടു എന്ന വികാരമുണര്‍ത്താനായിരുന്നു മഹാസഖ്യത്തിന്റെ ശ്രമം.ബിഹാറി ഓര്‍ ബാഹറി ? (ബിഹാറിയെ വേണോ അതോ ബാഹറി -അഥവാ പുറത്തുനിന്നുള്ളയാള്‍-യെ വേണോ ? ) എന്ന ചോദ്യമുയര്‍ത്തിയ പ്രചരണവുമായി മഹാസഖ്യം എന്‍.ഡി.എ.യെ നേരിട്ടു.മുന്‍ ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവും ബിഹാറിലെ ബി.ജെ.പി.യുടെ ജനപ്രിയ മുഖവുമായ സുശീല്‍ കുമാര്‍ മോഡി,ബി.ജെ.പി.സംസഥാന പ്രസിഡണ്ട്‌ മംഗള്‍ പാണ്ഡേ,മുതിര്‍ന്ന നേതാവായ നന്ദകിഷോര്‍ യാദവ,കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്‌ തുടങ്ങിയ നേതാക്കളുണ്ടായിട്ടും ഇവരെയൊന്നും ഉയര്‍്‌ത്തിക്കാട്ടാതെയാണ്‌ ആദ്യത്തെ രണ്ട്‌ ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ്‌ കടന്നു പോയത്‌.

പട്‌ന എം.പി.യും ചലച്ചിത്രതാരവും മുന്‍ കേന്ദ്രമന്ത്രിയുമായ ശത്രുഘ്‌നന്‍ സിന്‍ഹയെ പടികയറ്റിയില്ല.സിന്‍ഹ തന്റെ അതൃപ്‌തി മറച്ചു വച്ചതുമില്ല.ട്വിറ്ററിലൂടെ നിരന്തരം പാര്‍ട്ടിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച ശത്രു ,മാതൃഭൂമി ന്യൂസിന്‌ നല്‌കിയ അഭിമുഖത്തില്‍ പാര്‍ട്ടിയുടെ പുതിയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചു.അദ്വാനിപക്ഷ നേതാക്കള്‍ എന്ന നിലയിലാണ്‌ സുശീല്‍ കൂമാര്‍ മോഡിയെയും ശത്രുവിനെയും അവഗണിച്ചത്‌ എന്നതാണ്‌‌ പരസ്യമായ രഹസ്യം. എൻ.ഡി.എ.യുടെ സ്ഥാനാര്‍ഥിപ്പട്ടികയിലേറെയും കുറ്റവാളികളാണെന്നായിരുന്നു ആറ്‌ മണ്ഡലത്തിലെ ബി.ജെ.പി എം.പി.യും മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുമായ ആര്‍. പി.എന്‍.സിംഗിന്റെ പ്രതികരണം.ഇങ്ങനെ തുറന്നടിച്ച സിംഗിനെയും പ്രചരണ വേദിയിലേക്ക്‌ വിളിച്ചില്ല. ഈ ഇരട്ടത്താപ്പുകള്‍ മഹാസഖ്യം പ്രചരണവിഷയമാക്കിയപ്പോഴാണ്‌ ബി.ജെ.പി.അപകടം തിരിച്ചറിഞ്ഞത്‌.താഴെത്തട്ടില്‍ നിയോഗിച്ച ആര്‍.എസ്‌.എസ്‌.വോളണ്ടിയര്‍മാരും ജനങ്ങള്‍ക്കിടയില്‍ ഇക്കാര്യം ചര്‍ച്ചയാണെന്ന്‌്‌ നേതൃത്വത്തെ ധരിപ്പിച്ചു.ഇതെത്തുടര്‍ന്ന്‌ മൂന്നാം ഘട്ടം പ്രചരണക്കളത്തില്‍ ബി.ജെ.പി.യിറങ്ങിയത്‌ സംസ്ഥാന നേതാക്കളുടെ മുഖം പതിച്ച പ്രചരണ സാമഗ്രികളുമായാണ്‌ .പക്ഷെ അപ്പോഴേക്ക്‌ ഉണ്ടാകാവുന്ന ദുരന്തം ഉണ്ടായിക്കഴിഞ്ഞിരുന്നു.

2).മോഹന്‍ ഭഗവത്തിന്റെ പ്രസ്‌താവന

ആര്‍.എസ്‌.എസ്‌.സര്‍ സംഘചാലക്‌ മോഹന്‍ ഭഗവത്‌ ഒന്നാം ഘട്ടം തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ ആര്‍.എസ്‌.എസ്‌.മുഖപത്രങ്ങള്‍ക്ക്‌ നല്‌കിയ ഒരു അഭിമുഖത്തിലാണ്‌ ജാതി സംവരണത്തെക്കുറിച്ച്‌്‌ പ്രതികരിച്ചത്‌.മുന്നോക്ക വിഭാഗങ്ങള്‍ക്ക്‌ കൂടി ആനുകൂല്യങ്ങള്‍ ഉറപ്പാക്കുന്ന നിലയില്‍ നിലവിലുള്ള ജാതിസംവരണ വ്യവസ്ഥ പുനപരിശോധിക്കണമെന്നായിരുന്നു ഭഗവത്തിന്റെ പ്രതികരണം.എന്നാല്‍ ഇത്‌ ജാതിസങ്കീര്‍ണത നിറഞ്ഞ ബിഹാറിന്റെ തിരഞ്ഞെടുപ്പ്‌ കളത്തെ ചൂടുപിടിപ്പച്ചത്‌ സ്വാഭാവികം.1970 കളില്‍ കര്‍പ്പൂരിഠാക്കൂര്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ജാതി സംവരണം ബിഹാറിലെ പിന്നോക്ക വിഭാഗങ്ങളുടെ ജീവവായുവാണ്‌.മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയ ബി.പി.മണ്ഡലിന്റെ ജന്‍മനാട്ടില്‍ ജാതിസംവരണത്തെക്കുറിച്ചുള്ള ഏത്‌ ചര്‍ച്ചയും വൈകാരികതയോടെയാണ്‌ ബിഹാര്‍ ജനത വീക്ഷിക്കുന്നത്‌.മഹാസഖ്യം ജാതി സംവരണത്തെക്കുറിച്ചുള്ള ആര്‍.എസ്‌.എസ്‌ നേതാവിന്റെ പ്രസ്‌താവനയെ കടുത്ത പ്രചരണായുധമാക്കി.എന്‍.ഡി.എ.അധികാരത്തില്‍ വന്നാല്‍ ജാതി സംവരണം റദ്ദാക്കുമെന്ന്‌ അവര്‍ എല്ലാ വേദികളിലും പ്രചരിപ്പിച്ചു.ലാലുവിന്റെ 15 വര്‍ഷത്തെ ഭരണം ജംഗിള്‍ രാജാണെന്നും അതു തിരിച്ചു വരുമെന്നും പ്രചരിപ്പിച്ച്‌‌ എന്‍.ഡി.എ സഖ്യം പ്രചരണത്തില്‍ മേല്‍കൈ നേടിത്തുടങ്ങിയ ഘട്ടത്തിലാണ്‌ ജാതിസംവരണ വിഷയം മഹാസഖ്യത്തിന്‌ വീണു കിട്ടിയത്‌.

അതോടെ,എന്‍.ഡി.എ സഖ്യം പ്രതിരോധത്തിലായി.ജാതിസംവരണത്തെക്കുറിച്ചുള്ള പ്രചരണത്തില്‍ പിടിച്ചു നില്‍ക്കാന്‍ സംസ്ഥാന നേതാക്കള്‍ക്കും കഴിഞ്ഞില്ല.ആര്‍.എസ്‌.എസിന്റെ പ്രസ്‌താവനയയായതിനാല്‍ ,പരസ്യമായി എതിര്‍പ്പുയര്‍ത്താന്‍ ബി.ജെ.പി.യുടെ കേന്ദ്ര നേതാക്കള്‍ക്ക്‌ പോലും ഭയമായിരുന്നു.തിരഞ്ഞെടുപ്പ്‌ സമയത്ത്‌ ഈ പ്രസ്‌താവന അനാവശ്യമായിരുന്നുവെന്ന്‌് രഹസ്യമായി പറഞ്ഞ നേതാക്കള്‍,പൊതുവേദിയില്‍ ഉരുണ്ടുകളിച്ചു.എന്നാല്‍,സംവരണത്തിലും ജാതി രാഷ്ട്രീയത്തിലും മാത്രം നിലനില്‍പുള്ള എന്‍.ഡി.എ.യിലെ മാഞ്ചി-പസ്വാന്‍-കുശ്വാഹ നേതൃത്രയം പരസ്യമായി പ്രസ്‌താവനയെ തള്ളിപ്പറയാന്‍ നിര്‍ബന്ധിതരായി.എന്നാല്‍ ജാതിസംവരണം വജ്രായുധമാക്കി മഹാസഖ്യം ആക്രമണം രൂക്ഷമാക്കി.ഇത്‌ രണ്ടാം മണ്ഡല്‍ സമരമാണെന്നായിരുന്നു ലാലുവിന്റെ പ്രചരണം.സവര്‍ണര്‍ക്കെതിരെ യദുവംശികള്‍ അണി ചേരണമെന്ന അപകടം നിറഞ്ഞ പഴയ ആഹ്വാനം പൊടി തട്ടിയെടുത്ത്‌ ലാലു വീശിയെറിഞ്ഞു.ലാലുവിന്റെ ഗ്രാമീണ വോട്ടു ബാങ്കുകളെ ഒന്നു കൂടി ഉറപ്പിച്ചു നിര്‍ത്താന്‍ ഈ ആഹ്വാനങ്ങള്‍ക്ക്‌ കഴിഞ്ഞു-തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വിശദീകരണ നോട്ടീസ്‌ നല്‌കിയെങ്കിലും.ഒടുവില്‍,സംവരണ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരും ബി.ജെ.പി.യും വിശദീകരണം നല്‌കിയേ മതിയാകൂ എന്ന ഘട്ടത്തില്‍ എത്തിയപ്പോഴാണ്‌ ,ആര്‍.എസ്‌.എസും പ്രധാനമന്ത്രിയും വിശദീകരണത്തിനൊരുങ്ങിയത്‌.സംവരണത്തില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു പ്രധാനമന്ത്രി ഒരു തിരഞ്ഞെടുപ്പ്‌്‌ റാലിയില്‍ തിരുത്തിയത്‌.എന്നാല്‍ അപ്പോഴേക്ക്‌്‌്‌ മഹാത്മാ ഗാന്ധി പാലത്തിന്‌ അടിയിലൂടെ വെള്ളം ഒത്തിരി ഒഴുകിപ്പോയിരുന്നു.


3).ബീഫ്‌ വിവാദവും ദളിത്‌ പീഡനങ്ങളും..

ജാതിസംവരണം ബി.ജെ.പിക്ക്‌ കടുത്ത ക്ഷീണമുണ്ടാക്കിയ സാഹചര്യത്തിലേക്കാണ്‌ ബീഫ്‌ വിവാദവും ദളിത്‌ പീഡനങ്ങളും എത്തിയത്‌.ബീഫ്‌ നിരോധനം,ബീഫ്‌ കഴിച്ചു എന്നാരോപിച്ച്‌ ഉത്തര്‍പ്രദേശിലെ ദാദ്രിയിലുണ്ടായ ദളിത്‌ കൊലപാതകം,ബീഫിനായി ഡല്ലിയിലെ കേരളാ ഹൗസില്‍ നടത്തിയ റെയ്‌ഡ്‌,ത ുടങ്ങിയ വിവാദങ്ങള്‍ ബിഹാറില്‍ തിരഞ്ഞെടുപ്പ്‌ വിഷയങ്ങളായി.ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തിന്‌ ഈ വിഷയങ്ങള്‍ ഉപയോഗിക്കാമെന്ന കണക്ക്‌ കൂട്ടലിലായിരുന്നു ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും.അടിത്തട്ടില്‍ ഇത്തരത്തില്‍ പ്രചരണം നടത്തുകയും ചെയ്‌തു.എന്നാല്‍ ബിഹാറിലെ മുസ്ലീം-ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണത്തിലാണ്‌ വിഷയം കലാശിച്ചത്‌.മഹാസഖ്യം സമര്‍ഥമായി ബീഫ്‌ വിഷയത്തെ ഉപയോഗിച്ചു.എന്നാല്‍ ഹിന്ദുക്കളും ബീഫ്‌ കഴിക്കുമെന്ന്‌്‌ ആര്‍.ജെ.ഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവ്‌ പറഞ്ഞപ്പോ്‌ള്‍,ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച്‌ പ്രചരണം തിരിച്ചു വിടാന്‍ ബി.ജെ.പി ശ്രമിച്ചു.എന്നാല്‍,ഇത്തരം പരിശ്രമങ്ങളൊന്നും വിജയിച്ചില്ല.ഇതിനിടയിലാണ്‌ ഹരിയാനയിലെ ദളിത്‌ കുട്ടികളുടെ കൊലപാതകങ്ങളും അതെക്കുറിച്ച്‌ കേന്ദ്രമന്ത്രി വി.കെ.സിംഗിന്റെ വിവാദ പരാമര്‍ശങ്ങളുമെത്തിയത്‌.കൂനിന്‍മേല്‍ കുരു എന്ന നിലയില്‍ ഈ വിഷയങ്ങളും എന്‍.ഡി.എ.യുടെ നില പരുങ്ങലിലാക്കി.

4).പ്രൊഫഷണല്‍ സമീപനം.

നരേന്ദ്രമോഡി-അമിത്‌ ഷാ-അരുണ്‍ ജയ്‌റ്റ്‌ലി കൂട്ടുകെട്ടിന്റെ പ്രൊഫഷണലിസം രാജ്യം കണ്ടത്‌ 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ്‌.അജണ്ട നിശ്ചിയിക്കുന്നതില്‍,അത്‌ നടപ്പാക്കുന്നതില്‍,അക്കാര്യം പ്രചരിപ്പിക്കുന്നതിലൊക്കെ അന്ന്‌ ദൃശ്യമായ പ്രൊഫഷണല്‍ വൈദഗ്‌ധ്യം തുടക്കത്തില്‍ ബിഹാറില്‍ ബി.ജെ.പിക്കുണ്ടായിരുന്നു.പണത്തിന്‌ പതിവു പോലെ ക്ഷാമമുണ്ടായിരുന്നില്ല.പട്‌നയിലെ സംസ്ഥാന കമ്മിറ്റി ഓഫീസ്‌ ഒരു വര്‍ഷം മുമ്പ്‌ തന്നെ ഹൈടെക്‌ യുവാക്കള്‍ കയ്യടിക്കിയിരുന്നു.ഷായുടെ സംഘാടന മികവിന്റെ പ്രത്യേകതയായി കണക്കാക്കുന്ന ചിട്ടയും ഹൈടെക്‌ തന്ത്രങ്ങളും കോര്‍പറേറ്റ്‌‌ സ്വഭാവും പാര്‍ട്ടി ഓഫിസിന്റെ പിന്‍മുറികളില്‍ ദൃശ്യമായിരുന്നു.നേതാക്കള്‍ക്ക്‌ ഭക്ഷണം വിളമ്പുന്നതില്‍ പോലും ഈ വിലയേറിയ സമീപനം കാണാമായിരുന്നു.ഡല്‍ഹിയില്‍ നിന്നും പുറം സംസ്ഥാനങ്ങളില്‍ നിന്നുമെത്തിയ നേതാക്കളും പ്രവര്‍ത്തകരുമായിരുന്നു പാര്‍ട്ടി ഓഫീസ്‌ കൈകാര്യം ചെയ്‌തത്‌.അമിത്‌ ഷാ,ബിഹാറിന്റെ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി അനന്ത്‌ കുമാര്‍ എന്നിവര്‍ പട്‌നയില്‍ മാസങ്ങളോളം ക്യാംപ്‌ ചെയ്‌താണ്‌ ദൈനം ദിന കാര്യങ്ങള്‍ നിയന്ത്രിച്ചത്‌.ജനസഭകള്‍ സംഘടിപ്പിച്ച്‌്‌ പ്രവര്‍ത്തകര്‍ക്ക്‌ ആവേശമേറ്റാനും അമിത്‌ ഷാ അവിശ്രമ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ സമയം കണ്ടെത്തി.എന്നാല്‍ ബിഹാര്‍ വ്യത്യസ്‌തമായ തട്ടകമാണെന്ന്‌ തിരിച്ചറിയാന്‍ ഷായും അനന്ത്‌ കുമാറും വൈകി.സാധാരണ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഈ ഹൈടെക്‌ നേതാക്കളുമായി ബന്ധം പുലര്‍ത്താന്‍ കഴിഞ്ഞില്ല എന്നതാണ്‌ ബിഹാര്‍ ആസൂത്രണത്തിലുണ്ടായ വന്‍വീഴ്‌ചകളിലൊന്ന്‌.

കെട്ടുകാഴ്‌ചകള്‍ പോലെ ഇതൊക്കെ കണ്ടുനിന്നു എന്നതിനപ്പുറം വൈകാരികമായ ഒരു പങ്കാളിത്തം നല്‌കാന്‍ അതുകൊണ്ടു തന്നെ ബി.ജെ.പി. പ്രവര്‍ത്തകാരായിരുന്നിട്ടും സാധാരണക്കാര്‍ക്ക്‌ കഴിഞ്ഞില്ല.നഗരകേന്ദ്രീകൃതമായ പ്രവര്‍ത്തന-പ്രചരണ രീതികള്‍ 85 ശതമാനവും ഗ്രാമങ്ങള്‍ നിറഞ്ഞ ബിഹാറിന്‌ പഥ്യമായില്ല. തങ്ങള്‍ക്ക്‌ പങ്കില്ലാത്ത മാമാങ്കമെന്ന മട്ടില്‍ സംസ്ഥാന-പ്രാദേശിക നേതാക്കളും മങ്ങിയ സാന്നിധ്യമായി.ഇതൊടെ തുടക്കത്തില്‍ ഉണ്ടായ പൊഫഷണലിസം കൈമോശമായി.കഴിഞ്ഞ ലോക്‌ സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളെ കയ്യിലെടുത്ത പ്രചരണങ്ങള്‍ രൂപകല്‍പന ചെയ്‌ത പ്രൊഫഷണല്‍ പരിചയ സമ്പന്നതയും ഇക്കുറി കൈവിട്ടത്‌ ബി.ജെ.പിക്ക്‌ കനത്ത തിരിച്ചടിയായി.2014 ല്‍ മോദിയുടെ പ്രചരണങ്ങള്‍ക്ക്‌ ചുക്കാന്‍ പിടിച്ച പ്രൊഫഷണല്‍ പ്രശാന്ത്‌ കിഷോറായിരുന്നു ഇത്തവണ നിതീഷ്‌ കൂമാറിന്റെ പ്രചരണങ്ങള്‍ രൂപകല്‍പന ചെയ്‌തത്‌.സംസ്ഥാന നേതാക്കളെ അവഗണിച്ച്‌ ബി.ജെ.പി. മുന്നോട്ടു പോയപ്പോള്‍,ബിഹാറിയൊ അതോ ബാഹറിയോ എന്ന പരസ്യവാചകവുമായി പ്രശാന്ത്‌ കിഷോര്‍ മഹാസഖ്യത്തെ പ്രചരണത്തില്‍ മുന്‍ നിരയിലെത്തിച്ചു.നിതീഷ്‌ നിശ്ചയ്‌ ഗ്യാരണ്ടിയെന്നായിരുന്നു മറ്റൊരു പ്രചരണ വാചകം.കേവലമൊരു പ്രൊഫഷണല്‍ എന്നതിനപ്പുറം, രാഷ്ട്രീയം വശമുള്ള പ്രൊഫഷണല്‍ എന്നതാണ്‌്‌ പ്രശാന്തിന്റെ പ്രത്യേകത.മഹാസഖ്യത്തിനായി പ്രചരണസാമഗ്രികള്‍ തയ്യാറാക്കുന്നതിനൊപ്പം,അടിത്തട്ടില്‍ പ്രവര്‍ത്തകരെ അയച്ച്‌ അപ്പോഴപ്പോഴുള്ള സ്ഥിതിവിവരങ്ങള്‍ ശേഖരിച്ച്‌ തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനും തന്ത്രങ്ങള്‍ പൊളിച്ചെഴുതാനും പ്രശാന്ത്‌ തയ്യാറായി.പ്രശാന്ത്‌ നിതീഷിന്‌ നേട്ടമായപ്പോള്‍,ബി.ജെ.പി.ക്ക്‌ ക്ഷീണമായി.

5).നിതീഷ്‌ എ്‌ന്ന വ്യക്തിയും നേതാവും..

ജംഗിള്‍ രാജെന്ന്‌ ആക്ഷേപിച്ച്‌ ആര്‍.ജെ.ഡി നേതാവ്‌ ലാലു പ്രസാദ്‌ യാദവിനെ ആക്ഷേപിക്കാന്‍ ബി.ജെ.പിക്ക്‌ എളുപ്പം കഴിയുമായിരുന്നെങ്കിലും നിതീഷിനെതിരെ ആക്ഷേപങ്ങള്‍ ഉന്നയിക്കാന്‍ ആവനാഴിയില്‍ അമ്പുകള്‍ കാണാതെ എന്‍.ഡി.എ.പലപ്പോഴും കുഴയുകയായിരൂന്നു.അതുകൊണ്ടു തന്നെ നിതീഷിനെതിരെ ഒന്നും പറയാതെ ലാലുവിനെ ആക്ഷേപിക്കുക എന്നതായിരുന്നു എന്‍.ഡി.എ കൈക്കൊണ്ട സമീപനം.പലവിധ കാരണങ്ങള്‍ കൊണ്ടും ബി.ജെ.പി.ക്ക്‌ നിതീഷിനെ ആക്രമിക്കാനാവുമായിരുന്നില്ല.സമീപ കാല രാഷ്ട്രീയ്‌ത്തില്‍ നീതീഷ്‌ ഏറക്കാലവും എന്‍.ഡി.എക്കൊപ്പമായിരുന്നു എന്നതാണ്‌ ഏറ്റവും വലിയ ഘടകം.2013 ല്‍ മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനെച്ചൊല്ല്‌ി എന്‍.ഡി.എ.സഖ്യം വിടുന്നതുവരെ 17 വര്‍ഷം നിതീഷ്‌ എന്‍.ഡി.എ.യുടെ പ്രിയപ്പെട്ട മുഖമായിരുന്നു.10 വര്‍ഷം ബിഹാറില്‍ ഭരിച്ചത്‌ നിതീഷും ബി.ജെ.പി.യും ചേര്‍ന്നായിരുന്നു.ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ നിതീഷിനെതിരെ ഉയര്‍ത്തുന്ന വിമര്‍ശനങ്ങള്‍,ശ്രദ്ധിച്ചില്ലെങ്കില്‍ തിരിച്ചു വന്ന്‌ ബി.ജെ.പി.യുടെ കണ്ണില്‍ കൊള്ളുമെന്നുറപ്പ്‌്‌്‌്‌.മാത്രമല്ല,10 വര്‍ഷത്തെ നിതീഷിന്റെ ഭരണനേട്ടങ്ങളിലുള്ള പങ്കാളിത്തം അവകാശവാദമായി ബി.ജെ.പി.ക്കും ഉന്നയിക്കണമായിരുന്നു.നിതീഷിന്റെ ഭരണം കൊള്ളില്ല എന്ന്‌ വാദിച്ചാല്‍ എന്‍.ഡി.എ.യുടെ ഭരണം കൊള്ളില്ല എന്ന്‌ സ്വയം നെഞ്ചത്തടിക്കുന്നതിന്‌ തുല്യമാകും.10 വര്‍ഷം ഭരിച്ചിട്ടും ഭരണ വിരുദ്ധ വികാരമില്ലാത്തതും വികസന നായകനായി നിതീഷ്‌ ജനങ്ങളുടെ മനസ്സില്‍ ഇടം നേടിയതും ബി.ജെ.പിയെ നിതീഷിനെതിരെ തിരിയുന്നതില്‍ നിന്ന്‌ വിലക്കി.ഇതിനുമപ്പുറം,നിതീഷുമായി ബി.ജെ.പി.സംസ്ഥാന ഘടകം നേതാക്കള്‍ പുലര്‍ത്തുന്ന വ്യക്തിപരമായ സൗഹൃദവും ആക്രമണങ്ങളുടെ മുനയൊടിച്ചു.ഈ സാഹചര്യത്തില്‍ ലക്ഷ്യബോധം നഷ്ടപ്പെട്ട ബി.ജെ.പി.പ്രചരണം ലാലു വില്‍ കേ്‌ന്ദ്രീകരിച്ചു.ചടുലമായ പ്രചരണങ്ങളിലൂടെയും തുറന്ന ആക്രമണങ്ങളിലൂടെയും ലാലു അതിനെ നേരിട്ടപ്പോള്‍ ബി.ജെ.പി. പലപ്പോഴും പതറി.


പാളിച്ചകളില്‍ നിന്ന്‌ പാഠം.

ഡല്‍ഹി തിരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തില്‍ നിന്ന്‌ ബി.ജെ.പി. പാഠം പഠിക്കുന്നില്ലെന്നതാണ്‌ ബിഹാറും പറയുന്നത്‌.കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ വന്‍ വിജയത്തിന്റെ അതിരില്ലാത്ത ആത്മവിശ്വാസവും മോഡി എക്കാലത്തും രക്ഷകനായിരിക്കുമെന്ന പ്രതീക്ഷയുമാണ്‌ ബി.ജെ.പി.ക്ക്‌്‌്‌്‌ ആലസ്യം തീര്‍ത്തത്‌.അടിത്തട്ടില്‍ വിന്യസിക്കപ്പെട്ട എഴുപതിനായിരം ആര്‍.എസ്‌.എസ്‌.പ്രവര്‍ത്തകര്‍ക്ക്‌ തിരിച്ചറിയാനാവാതെ പോയ കരയുദ്ധമാണ്‌ ബിഹാറില്‍ നടന്നതെന്ന്‌്‌ വിശ്വസിക്കുക എളുപ്പമല്ല.എന്നാല്‍ ആര്‍.എസ്‌.എസ്‌.കൊടുത്ത റി്പ്പോര്‍ട്ടുകളിലെ ജനവികാരം തിരിച്ചറിയാന്‍ ബി.ജെ.പി ചാണക്യന്‍മാര്‍ക്ക്‌ കഴിഞ്ഞില്ല എന്ന്‌്‌ വിശ്വസിക്കുകയാണ്‌ എളുപ്പം.ഇതോടൊപ്പം, സംഘപരിവാര്‍ സംഘടനകള്‍ രാജ്യത്ത്‌ വിവിധ വിഷയങ്ങളില്‍ സ്വീകരിക്കുന്ന നിലമറന്ന നിലപാടുകള്‍ ന്യുനപക്ഷങ്ങള്‍ക്കിടയില്‍ മാത്രമല്ല,കടുത്ത മതവികാരങ്ങള്‍ക്കടിപ്പെടാത്ത സാധാരണ ഹിന്ദുക്കള്‍ക്കിടയിലും ഉളവാക്കുന്ന അസ്വസ്ഥത വായിച്ചെടുക്കാന്‍ തയ്യാറല്ലെന്ന സമീപനവും തിരഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുന്നുണ്ട്‌.ബിഹാര്‍ ജനവിധി ഈ അസ്വസ്ഥതകളുടെ പ്രതിഫലനം കൂടിയാണ്‌.അതുകൊണ്ടാണ്‌ ബിഹാര്‍ തിരഞ്ഞെടുപ്പു ഫലം ബി.ജെ.പി.യില്‍ തന്നെ ഒരു വിഭാഗത്തെ ഞെട്ടിക്കാത്തത്‌.ഇതായിരിക്കും ജനവിധിയെന്ന്‌ നേരത്തെ തിരിച്ചറിഞ്ഞ അദ്വാനി പക്ഷം അവസരം മുതലാക്കി അതൃപ്‌തി പുറത്തെടുക്കുന്നതും അതുകൊണ്ടു തന്നെ.

ഇതിന്‌ സമാനമായി,മഹാസഖ്യംസങ്കല്‍പത്തെ ദേശീയ തലത്തിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനും,സം്‌സ്ഥാനങ്ങളിലെ കൂട്ടുകെട്ടുകള്‍ക്ക്‌ പുതിയ സ്വഭാവം നല്‌കുന്നതിനും ബിഹാര്‍ വിജയം രാജ്യത്തെ പ്രതിപക്ഷ നിരയ്‌ക്ക്‌ പ്രേരണയാകും.പാര്‍ലമെന്റിനകത്തും പുറത്തും പുതിയ ശാക്തിക ചേരികള്‍ രൂപമെടുക്കാനും ഇത്‌ കാരണമാകും.നേതൃത്വ പ്രതിസന്ധിയില്‍ ഉഴലുന്ന കോണ്‍ഗ്രസിന്‌ മഹാസഖ്യത്തിന്റെ പിന്തുണയോടെ പ്രതിക്ഷ നിര കെട്ടിപ്പടുക്കാനും ഇത്‌ അവസരം.പാര്‍ലമെന്റിനകത്ത്‌ വിവിധ വിഷയങ്ങളില്‍ മോദി സര്‍ക്കാരിനെതിരെ കോണ്‍ഗ്രസിനൊപ്പം കൈകോര്‍ത്ത്‌്‌ പലപ്പോഴും ഉറച്ച നിര ഉണ്ടാക്കിയത്‌ ഇടതു പാര്‍ട്ടികളായിരുന്നു.എന്നാല്‍,ഇടതു പാര്‍ട്ടികള്‍ ബിഹാറില്‍ മഹാസഖ്യത്തില്‍ ചേരാതെ ഒറ്റക്കാണ്‌ മത്സരിച്ചത്‌.മോദി്‌ സര്‍ക്കാരിനെതിരെ രാജ്യത്തെ മതേതര ശക്തികള്‍ ഒന്നിക്കണമെന്ന്‌ ആഹ്വാനം ചെയ്യുന്ന ഇടത്‌ പാര്‍ട്ടികള്‍,പക്ഷെ മഹാസഖ്യമൊരുക്കിയ മതേതര വേദിയില്‍ അണിനിരക്കാതിരുന്നത്‌ രാഷ്ട്രീയ വൈരുധ്യമായി.മുമ്പ്‌ കൂട്ടു ചേര്‍ന്നപ്പോഴൊക്കെ,തങ്ങള്‍ക്ക്‌ ക്ഷീണമാണുണ്ടാക്കിയതെന്ന്‌്‌ ചൂണ്ടിക്കാട്ടിയാണ്‌ ഇടതു പാര്‍ട്ടികള്‍ വിട്ടുനിന്നത്‌.എ്‌ന്നാല്‍,ഒറ്റക്ക്‌ മത്സരിച്ചപ്പോള്‍ സി.പി.ഐ.എം.എല്ലിനൊഴികെ മറ്റ്‌ ഇടതു പാര്‍ട്ടികള്‍ക്ക്‌ ബിഹാര്‍ നിയമസഭയില്‍ പ്രാതിനിധ്യമുണ്ടായില്ല.തിരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ സീറ്റ്‌ പങ്കു വയ്‌പില്‍ അതൃപ്‌തി ഉയര്‍ത്തി മുലായം സിംഗ്‌ യാദവിന്റെ സമാജ്‌ വാദി പാര്‍ട്ടി മഹാസഖ്യം വെടിഞ്ഞതാണ്‌ മറ്റൊരു രാഷ്ട്രീയ കൗതുകം.ബിഹാറില്‍ ചെറിയ സാന്നിധ്യം മാത്രമായ സമാജ്‌ വാദി പാര്‍ട്ടിക്ക്‌ 5 സീറ്റുകള്‍ നല്‌കാമെന്ന വാഗ്‌ദാനത്തില്‍ എതിര്‍പ്പുയര്‍ത്തി മുലായം സിംഗ്‌ യാദവ്‌ മഹാസഖ്യം വിട്ടത്‌‌ പ്രഹേളികയായി.ജനതാപരിവാര്‍ എന്ന പുതിയ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായിരുന്നു മുലായം !

നവംബര്‍ ഒടുവില്‍ തുടങ്ങുന്ന പാര്‍ലമെന്റ്‌ ശീതകാല സമ്മേളനമായിരിക്കും ഊര്‍ജ്ജം നേടി തിരിച്ചെത്തുന്ന പ്രതിപക്ഷത്തിന്റെ ആദ്യ പരീക്ഷണ ശാല.ലോക്‌സഭയില്‍ വന്‍ ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ എന്‍.ഡി.എ.ക്ക്‌ ദുര്‍ബലമായ അംഗബലമാണുള്ളത്‌.എന്‍.ഡി.എ.സഖ്യത്തിന്‌ 64,പ്രതിപക്ഷത്തിന്‌ 132 എ്‌ന്നിങ്ങനെയാണ്‌ രാജ്യസഭയിലെ ബലാബലം.നിര്‍ണായകമായ ബില്ലുകള്‍ ലോക്‌സഭയില്‍ എളുപ്പം പാസാകുമെങ്കിലും രാജ്യസഭയെന്ന കടമ്പ കടക്കാറില്ല.ഈ അവസ്ഥക്ക്‌ ബിഹാര്‍ തിരഞ്ഞെടുപ്പ്‌ അല്‌പമെങ്കിലും മരുന്ന്‌ നല്‌കുമെന്ന പ്രതീക്ഷയിലായിരുന്നു മോഡി.16 സീറ്റുകളാണ്‌ ബിഹാറില്‍ നിന്ന്‌ രാജ്യസഭയിലേക്കുള്ളത്‌.ഇതില്‍ 12 സീറ്റുകള്‍ ജെ.ഡി.യു,4 സീറ്റുകള്‍ ബി.ജെ.പി എന്നിങ്ങനെയാണ്‌ നിലവിലെ കക്ഷി നില.2016 ല്‍ 75 സീറ്റുകള്‍ രാജ്യസഭയില്‍ ഒഴിവു വരും .എന്നാല്‍,ഈ ഒഴിവുകള്‍ നികത്തുമ്പോള്‍ ബിഹാറും സഹായിക്കുമെന്ന ബി.ജെ.പി.യുടെ കണക്കു കൂട്ടലും പാളിയിരിക്കു്‌ന്നു.