ആദ്യത്തെ ആഗോള ഭക്ഷ്യസമ്മാനം ലഭിച്ചതാര്‍ക്ക്? ഭക്ഷ്യസുരക്ഷയെ കുറിച്ച് കൂടുതല്‍ അറിയാം


ലിദിത്ത് എം എം

ഒക്ടോബര്‍ 16 ലോക ഭക്ഷ്യ ദിനം

Image: AFP

തിനായിരക്കണക്കിന് വര്‍ഷങ്ങളുടെ ബൗദ്ധികസാമൂഹികസാങ്കേതികവിദ്യാ വികാസത്തിനു ശേഷവും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളില്‍ പ്രധാനമായ ഭക്ഷണലഭ്യത ഇനിയും ഉറപ്പുവരുത്താന്‍ കഴിഞ്ഞിട്ടില്ല. 2019ല്‍, 690 മില്യണ്‍ ജനങ്ങള്‍ പട്ടിണിയിലായിരുന്നുവെന്ന് യൂണിസെഫ് റിപ്പോര്‍ട്ടു ചെയ്യുന്നു.

കോവിഡ്19 മഹാമാരി ആഗോള ഭക്ഷ്യവിതരണ സംവിധാനങ്ങളെ ഗുരുതരമായി ബാധിച്ചതായും അത് സൃഷ്ടിച്ച യഥാര്‍ഥമായ ആഘാതം തിരിച്ചറിയാന്‍ ഇനിയും സമയം എടുക്കുമെന്നും, ചുരുങ്ങിയത് 83 മുതല്‍ 132 മില്യണ്‍ ജനങ്ങള്‍ ഇനിയും പട്ടിണിയിലേക്ക് നീങ്ങുമെന്നും യൂണിസെഫ് കണക്കുകൂട്ടുന്നു.

ഭക്ഷ്യസുരക്ഷ

ലോക ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ (The Food and Agriculture Organization of the United Nations) നിര്‍വചനപ്രകാരം, 'മുഴുവനാളുകള്‍ക്കും അവരുടെ ആരോഗ്യകരമായ ജീവിതത്തിനുതകുംവിധം ഹാനികരമല്ലാത്തതും പോഷകസമ്പുഷ്ടവുമായ ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുന്നതിലേക്കുള്ള ഭൗതികവും സാമ്പത്തികവുമായ പ്രാപ്യത ഉണ്ടാകുന്ന സ്ഥിതിയാണ് ഭക്ഷ്യസുരക്ഷ.'

വിവിധ ഘടകങ്ങള്‍

ആഗോള ഭക്ഷ്യ കാര്‍ഷിക സംഘടന നാലു ഘടകങ്ങളെ ഭക്ഷ്യസുരക്ഷയുടെ അടിസ്ഥാന ശിലകളായി വിലയിരുത്തുന്നു.

1) ഭക്ഷ്യലഭ്യത (Availabiltiy of Food): എല്ലാവര്‍ക്കും ഉപയോഗിക്കാനാവും വിധം, ഭക്ഷ്യവസ്തുക്കള്‍ അവരവരുടെ പ്രദേശത്ത് ലഭ്യമായിരിക്കുക.

2) ഭക്ഷ്യപ്രാപ്യത (Access to Food): സമൂഹത്തിലെ എല്ലാ തലത്തിലുമുള്ള ആളുകള്‍ക്ക് ഭക്ഷ്യവസ്തുക്കള്‍ എളുപ്പത്തില്‍ ലഭ്യമാവുക.

3) ഉപഭോഗം (Utilization): ആളുകള്‍ക്ക് അവരവരുടെ ആരോഗ്യത്തിനും അഭിവൃദ്ധിക്കും ഉതകുംവിധം ഭക്ഷ്യവസ്തുക്കള്‍ ഉപയോഗിക്കാന്‍ സാധിക്കുക.

4) സ്ഥിരലഭ്യത (Stabiltiy): എല്ലാ കാലത്തും ഉപയോഗിക്കാനാവുംവിധം ഭക്ഷ്യവസ്തുക്കള്‍ ലഭ്യമായിരിക്കുക.

ആഗോള ഭക്ഷ്യസമ്മേളനം

1970കളിലാണ് ഭക്ഷ്യസുരക്ഷ എന്ന ആശയം രൂപപ്പെട്ടുവരുന്നത്. ഭക്ഷ്യോത്പാദനം, വിതരണം, അടിസ്ഥാന ഭക്ഷ്യവസ്തുക്കളുടെ ലഭ്യത എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു ഈ ഘട്ടത്തില്‍ ഭക്ഷ്യസുരക്ഷ നിലകൊണ്ടിരുന്നത്.

ഇതുമായി ബന്ധപ്പെട്ട നയരൂപവത്കരണത്തിനും സംഘാടനത്തിനുമായി, 1974ല്‍ ആദ്യത്തെ ആഗോള ഭക്ഷ്യസമ്മേളനം (World Food Conference) റോമില്‍ നടന്നു.'താന്താങ്ങളുടെ ശാരീരികവും മാനസികവുമായ കഴിവുകളെ വികസിപ്പിക്കുന്നതിലേക്കായി, ഓരോ പുരുഷനും സ്ത്രീക്കുംകുട്ടികള്‍ക്കും പട്ടിണിയില്‍നിന്നും പോഷണ ശോഷണത്തില്‍നിന്നും മോചിതരാവാനുള്ള പൂര്‍ണമായ അവകാശമുണ്ട്' എന്നതായിരുന്നു ആഗോള ഭക്ഷ്യസമ്മേളനത്തിന്റെ മുഖവാക്യം.

ഡോ. നോര്‍മന്‍ ഇ ബോര്‍ലോഗും എം.എസ്. സ്വാമിനാഥനും

അമേരിക്കന്‍ കൃഷിശാസ്ത്രജ്ഞനായ ഡോ. നോര്‍മന്‍ ഇ ബോര്‍ലോഗ് ആണ് ഹരിതവിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിലും പട്ടിണി ഇല്ലായ്മചെയ്ത് മനുഷ്യന്റെ അന്തസ്സ് ഉയര്‍ത്തുന്നതിലും ഏറെ സംഭാവനകള്‍ നല്‍കി. 1970ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ഇദ്ദേഹം നേടുകയുണ്ടായി.

എം.എസ്. സ്വാമിനാഥന്‍ ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു. ഈ മേഖലയില്‍ നടത്തിയ ഇടപെടലുകളുടെ പേരില്‍, 1987ല്‍ ആദ്യത്തെ ആഗോള ഭക്ഷ്യസമ്മാനം (World Food Prize) അദ്ദേഹത്തിന് ലഭിച്ചു. പ്രസ്തുത പുരസ്‌കാരത്തുക ഉപയോഗിച്ച് അദ്ദേഹം, ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്ന ഗവേഷണഅനുബന്ധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി, ഇന്ത്യയില്‍ എം.എസ്. സ്വാമിനാഥന്‍ ഗവേഷണനിലയം സ്ഥാപിച്ചു.

ഭക്ഷ്യ അരക്ഷിതത്വം

ഭക്ഷ്യ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന അടിസ്ഥാനഘടകങ്ങളുടെ അഭാവത്തെയാണ് പൊതുവില്‍ ഭക്ഷ്യ അരക്ഷിതത്വം എന്നു പറയുന്നത്. ഭക്ഷ്യവസ്തുക്കളുടെ ഇല്ലായ്മ മാത്രമല്ല, സമീകൃതാഹാരം, സൂക്ഷ്മപോഷണം എന്നിവയുടെ അഭാവവും ഈയിനത്തില്‍ ഉള്‍പ്പെടുന്നു. വിറ്റാമിനുകള്‍ ഉള്‍പ്പെടുന്ന സൂക്ഷ്മപോഷണ അഭാവത്തെ പൊതുവായി ഹിഡന്‍ ഹംഗര്‍ (Hidden Hunger) എന്നു വിളിക്കുന്നു. പോഷണ ശോഷണം (Malnturition), ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയില്ലായ്മ, ഗുണമേന്മയില്ലായ്മ, വൈവിധ്യമില്ലായ്മ എന്നിവ ഭക്ഷ്യ അരക്ഷിതത്വത്തിനു കീഴില്‍വരുന്നു.

ജൈവവൈവിധ്യവും കാര്‍ഷിക ജൈവവൈവിധ്യവും

ജൈവവൈവിധ്യം, കാര്‍ഷിക ജൈവവൈവിധ്യം എന്നിവ ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ അടിസ്ഥാന ഘടകങ്ങളാണ്. ഈ ഘടകങ്ങള്‍ എത്രത്തോളം ശക്തിമത്താകുന്നുവോ അത്രത്തോളം ഭക്ഷ്യസുരക്ഷയുടെ സ്ഥിതിയും സ്ഥിരപ്പെട്ടുനില്‍ക്കുന്നു.

വെല്ലുവിളികള്‍

ഭക്ഷ്യസുരക്ഷയ്ക്ക് വെല്ലുവിളിയായി അനേകം ഘടകങ്ങളുണ്ട്. കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക പ്രശ്‌നങ്ങള്‍, വര്‍ധിച്ചുവരുന്ന ജനസംഖ്യ, ജലദൗര്‍ലഭ്യം, മഹാമാരികള്‍, രാജ്യങ്ങളുടെ രാഷ്ട്രീയവും സാമ്പത്തികവുമായ അസ്ഥിരത, ഭക്ഷ്യവ്യാപാര ഉടമ്പടികളും വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും എന്നിവ അവയില്‍ പ്രധാനമാണ്.

ആഗോള ഭക്ഷ്യ സമ്മേളനത്തിന്റെ തുടര്‍ച്ചയായി, 1996ല്‍ റോമില്‍വെച്ചുതന്നെ, ആദ്യത്തെ ആഗോള ഭക്ഷ്യ ഉച്ചകോടി സംഘടിപ്പിച്ചു

ഹരിതവിപ്ലവം

ഭക്ഷ്യസുരക്ഷ എന്ന സങ്കല്പത്തെ ഭൗതികതലത്തില്‍ പ്രായോഗികമാക്കുന്നതിനായി ഘടനാപരമായ സംഭാവനകള്‍ നല്‍കിയ ഒരു പ്രക്രിയയാണ് ഹരിതവിപ്ലവം.

അത്യുത്പാദന ശേഷിയുള്ള വിത്തുകളുടെയും രാസവളങ്ങളുടെയും ആധുനിക കീടനിയന്ത്രണമാര്‍ഗങ്ങളുടെയും മെച്ചപ്പെട്ട വിളപരിചരണ രീതികളുടെയും ജലസേചന മാര്‍ഗങ്ങളുടെയും സഹായത്തോടെ ഭക്ഷ്യോത്പാദന രംഗത്ത് കുതിച്ചുചാട്ടമുണ്ടാക്കാന്‍ ഈ പ്രക്രിയക്ക് കഴിഞ്ഞു.

ദേശീയ ഭക്ഷ്യസുരക്ഷാ നിയമം

ജനങ്ങള്‍ക്കു മതിയായ അളവിലുള്ള ഭക്ഷ്യപദാര്‍ഥങ്ങള്‍ ലഭ്യമാക്കുന്നതിനും ഭക്ഷ്യപോഷണ സുരക്ഷ ഉറപ്പുവരുത്തുന്നതിനായും ഇന്ത്യന്‍ പാര്‍ലമെന്റ് 2013 ജൂലായ് അഞ്ചിന് പാസാക്കിയ നിയമമാണ് ദേശീയ ഭക്ഷ്യസുരക്ഷാ നിയമം

Content Highlights: World Food Day

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
India vs England 5th Test Birmingham day 2 updates

2 min

റൂട്ടിനെ പുറത്താക്കി സിറാജ്, ഇംഗ്ലണ്ടിന് 5 വിക്കറ്റ് നഷ്ടം; രണ്ടാം ദിനവും സ്വന്തമാക്കി ഇന്ത്യ

Jul 2, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022

Most Commented