Ridhin dhamu| Mathrubhumi archives
'Read, reread, discribe, evaluate, appreciate: That is the art of literary criticism for the present time' Harold Bloom
എഴുത്തും വായനയും ചേരുന്നതാണ് സാഹിത്യത്തിന്റെ ലോകം. അവിടെ കവികള്‍ക്കും കഥാകാരന്മാര്‍ക്കുമെന്നപോലെ നിരൂപകരെന്നും വിമര്‍ശകരെന്നും വിളിക്കപ്പെടുന്ന മികച്ച വായനക്കാര്‍ക്കും സ്ഥാനമുണ്ട്. മികച്ച വായനയാണ് വിമര്‍ശനമെന്നും നിരൂപണമെന്നും പറയാം. എന്താണ് മികച്ച വായന ?
അതൊരു കലയാണ്. കൃതിയുടെ അര്‍ഥാന്തരങ്ങളും അനുഭൂതിതലങ്ങളും സൗന്ദര്യവിതാനങ്ങളുമെല്ലാം അറിഞ്ഞ്, ആസ്വദിച്ചുകൊണ്ടുള്ള വായനയാണത്. നിരൂപകന്റെ സര്‍ഗാത്മകത സാഹിത്യകൃതിയെ സ്പര്‍ശിക്കുമ്പോഴാണ് പ്രിസത്തിലൂടെ കടന്നുപോകുമ്പോള്‍ പ്രകാശത്തിനു സംഭവിക്കുന്നത് അതിനു സംഭവിക്കുന്നതും സാഹിത്യമെന്ന സൗന്ദര്യസൃഷ്ടി ലാവണ്യാനുഭവത്തിന്റെ മഴവില്ലു വിടര്‍ത്തുന്നതും. അര്‍ഥത്തിന്റെയും അനുഭൂതിയുടെയും പെരുക്കമാണ് നിരൂപണവായന ലക്ഷ്യമിടുന്നത്. അത് അലസവായനയല്ല. മികച്ച നര്‍ത്തകി തന്നെത്തന്നെ മുഴുവനായി വിനിയോഗിച്ചു കൊണ്ട് കലാവിഷ്‌കാരം നടത്തുന്നതു പോലെയോ ഗായകന്‍ / ഗായിക സ്വരങ്ങളെ സ്വര്‍ണനാണയങ്ങള്‍പോലെ വാരിവിതറുന്നതു മാതിരിയോ ഒരുമരം പുഷ്പിക്കുന്നതുപോലെയോ തന്നെത്തന്നെ കൃതിയുടെ സൗന്ദര്യസന്നിധിയില്‍ സമര്‍പ്പിച്ചുകൊണ്ടാണ് നിരൂപകന്‍ വായിക്കുന്നത്. ഗദ്യശില്പിയാണ് നിരൂപകന്‍. മികച്ച ഗദ്യം സൃഷ്ടിക്കുക എന്നത് അയാളുടെ കലയുടെ സ്വഭാവവും ഉത്തരവാദിത്വവുമാകുന്നു. മികച്ച കൃതികളെ കണ്ടെത്തി അവയുടെ മൂല്യം സ്ഥാപിക്കുക എന്നതും അധമകൃതികളെ തിരസ്‌കരിക്കുക എന്നതും അയാളുടെ പ്രവര്‍ത്തനങ്ങളില്‍പ്പെടുന്നു. ഉയര്‍ന്ന സാഹിത്യാഭിരുചിയുടെയും സൗന്ദര്യബോധത്തിന്റെയും കാവല്‍ക്കാരനാണ് നിരൂപകന്‍. സാഹിത്യകൃതികളുടെ മൂല്യനിര്‍ണയവും അയാളുടെ കടമയാണ്. അങ്ങനെ ചെയ്യുന്ന നിരൂപണം വിമര്‍ശനമായി മാറും. വിമര്‍ശനത്തില്‍ ഖണ്ഡനവും മണ്ഡനവുമുണ്ട്. പ്രതികൂല വിമര്‍ശനമാണ് ഖണ്ഡനം, പ്രശംസാപരമായത് മണ്ഡനവും.
തന്റെ വായനയുടെ വ്യാപ്തിയും സൗന്ദര്യാഭിരുചിയുടെ സൂക്ഷ്മതയുമാണ് ഒരുവനെ/ ഒരുവളെ നിരൂപണ കര്‍മത്തിലേര്‍പ്പെടാന്‍ സ്വയം സജ്ജമാക്കുന്നത്. സൗന്ദര്യശാസ്ത്രത്തിന്റെ ഒരുപവിഭാഗമായ കാവ്യമീമാംസയും സാഹിത്യസിദ്ധാന്തങ്ങളുമൊന്നും അയാള്‍ക്ക് അന്യമല്ല. അവയില്‍നിന്ന് തനിക്കഭിമതമായവ ഉചിതമായ അനുപാതത്തില്‍ തന്റെ വായനയിലും അപഗ്രഥനത്തിലും ഉള്‍ച്ചേര്‍ക്കുകയോ സ്വന്തമായൊരു വിശകലനരീതി തന്നെ ഉരുത്തിരിച്ചെടുക്കുകയോ ചെയ്യാം വിമര്‍ശകന്. അതെന്തായാലും ആഴത്തിലുള്ള, അനന്യമായ വായനയാണ് നടക്കുന്നത് വിമര്‍ശനത്തിലും നിരൂപണത്തിലും. വിമര്‍ശകന്റെ ചരിത്രബോധവും രാഷ്ട്രീയവും ജീവിതസമീപനവും തത്ത്വചിന്താപരതയും ബുദ്ധിയും അറിവും ഭാവനയുമെല്ലാം അതില്‍ പങ്കുചേരുന്നു.
മികച്ച സാഹിത്യവായന കഥയിലും കവിതയിലും നോവലിലും മാത്രമായി ഒതുങ്ങിപ്പോവാന്‍ പാടില്ല. നല്ല വായനക്കാരന്‍ / വായനക്കാരി നിരൂപണ പുസ്തകങ്ങള്‍ക്കു കൂടി അവരുടെ വായനമുറിയിലിടം നല്‍കണം. അതു നിങ്ങളുടെ സാഹിത്യബോധത്തെയും സൗന്ദര്യബോധത്തെയും ഭാഷാബോധത്തെയും ബലപ്പെടുത്തുകയും നിങ്ങളെ മികച്ച സാഹിത്യവിദ്യാര്‍ഥികളും വായനക്കാരും മനുഷ്യരുമാക്കി മാറ്റുകയും ചെയ്യും. സാഹിത്യം, പൊതുവേ, നമ്മുടെ ഹൃദയത്തെയാണ് സംബോധന ചെയ്യുന്നതെന്നു പറയാറുണ്ട്. നിരൂപണം ഹൃദയത്തെ മാത്രമല്ല ബുദ്ധിയെയും ലക്ഷ്യമാക്കുന്നു. അപഗ്രഥനവും ഉദ്ഗ്രഥനവും വ്യാഖ്യാനവും വിലയിരുത്തലും ചേരുമ്പോള്‍ വായന എന്ന പ്രവൃത്തി എത്ര ഭാവനാപൂര്‍ണവും ഗഹനവും സങ്കീര്‍ണവും ആഹ്‌ളാദകരവുമാകാമെന്നും സാഹിത്യം എന്ന മനുഷ്യപ്രവര്‍ത്തനത്തിന് നമ്മുടെ ജീവിതത്തിലുള്ള ഉന്നതസ്ഥാനമെന്ത് എന്നും അതു കാട്ടിത്തരുന്നു.
നമ്മുടെ നിരൂപകര്‍
നമ്മുടെ ഭാഷയില്‍ വിമര്‍ശനം സജീവമായ ഒരു സാഹിത്യശാഖയായി മാറുന്നത് ജോസഫ് മുണ്ടശ്ശേരി, കുട്ടികൃഷ്ണമാരാര്‍, എം.പി. പോള്‍ , കേസരി ബാലകൃഷ്ണപിള്ള, എസ്. ഗുപ്തന്‍ നായര്‍, ഡോ. കെ. ഭാസ്‌കരന്‍ നായര്‍, എം.പി. ശങ്കുണ്ണി നായര്‍ എന്നിവരിലൂടെയാണ്. തുടര്‍ന്ന് എം. കൃഷ്ണന്‍ നായര്‍, എം.എന്‍. വിജയന്റെയും സുകുമാര്‍ അഴീക്കോടിന്റെയും എം. ലീലാവതിയുടെയും എം.കെ. സാനുവിന്റെയും എം. തോമസ് മാത്യുവിന്റെയും കാലമായി. ആധുനികത എന്ന സാഹിത്യപ്രസ്ഥാനത്തോടൊപ്പം കെ.പി. അപ്പനും ആഷാ മേനോനും വി. രാജകൃഷ്ണനും ആര്‍. നരേന്ദ്രപ്രസാദും നിരൂപണത്തിലെ പുതുസാന്നിധ്യങ്ങളായി മാറി. ആധുനികതയ്ക്കുശേഷവും നിരൂപണം ആളൊഴിഞ്ഞ ഒരരങ്ങായി മാറിയില്ല. പുതിയ നിരൂപണപദ്ധതികളും സൗന്ദര്യസമീപനങ്ങളുമായി പി.കെ. രാജശേഖരന്‍, പ്രസന്നരാജന്‍, കല്പറ്റ നാരായണന്‍, ഇ.പി. രാജഗോപാലന്‍, പി.പി. രവീന്ദ്രന്‍, പി. പവിത്രന്‍, വി.സി. ശ്രീജന്‍, കെ.സി. നാരായണന്‍, കെ.ബി. പ്രസന്നകുമാര്‍, സുനില്‍ പി. ഇളയിടം, ടി.ടി. ശ്രീകുമാര്‍ തുടങ്ങിയ വിമര്‍ശകര്‍ ഇപ്പോഴും രംഗത്തുണ്ട്.
Content Highlights: About Literary Criticism Education Feature
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..