പ്രതീകാത്മക ചിത്രം | Photo:gettyimages.in
ജൂണ്‍ 29-ലെ സ്റ്റാറ്റിസ്റ്റിക്‌സ് ദിന ആഘോഷത്തിന്റെ ഭാഗമായി സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം (എം.ഒ.എസ്.പി.ഐ.) നടത്തുന്ന തത്സമയ ഉപന്യാസമത്സരത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃതസ്ഥാപനത്തില്‍ ഇപ്പോള്‍ സ്റ്റാറ്റിസ്റ്റിക്‌സ് പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സില്‍ പഠിക്കുന്നവര്‍ക്ക് പങ്കെടുക്കാം.
ഫെബ്രുവരി 21 രാവിലെ 10 മുതല്‍ ഒരുമണി വരെ രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന മത്സരത്തില്‍ നല്‍കുന്ന രണ്ടുവിഷയങ്ങളില്‍ ഒന്നില്‍ 5000 വാക്കുകളില്‍ ഉപന്യാസം രചിക്കണം.
കേരളത്തില്‍ കണ്ണൂര്‍, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ നടത്തും. ഉള്ളടക്കം, ആശയങ്ങളുടെ മൗലികത, അവതരണക്രമം, രചനാനൈപുണി തുടങ്ങിയ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാകും ഉപന്യാസം വിലയിരുത്തപ്പെടുക.
ഒന്നാം സമ്മാനം 15,000 രൂപ. 12,000 രൂപയുടെ രണ്ട് രണ്ടാം സമ്മാനങ്ങള്‍, 10,000 രൂപയുടെ മൂന്ന് മൂന്നാം സമ്മാനങ്ങള്‍, 5000 രൂപയുടെ അഞ്ച് സമാശ്വാസസമ്മാനങ്ങള്‍, സര്‍ട്ടിഫിക്കറ്റ് എന്നിവ വിജയികള്‍ക്ക് ലഭിക്കും. ജൂണ്‍ 29ന് മന്ത്രാലയം സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണംചെയ്യും.
വിശദമായ വിജ്ഞാപനം https://www.mospi.gov.in-ല്‍ 'അനൗണ്‍സ്‌മെന്റ്‌സ്' ലിങ്കിലുണ്ട്. അതില്‍ അനുബന്ധത്തില്‍ നല്‍കിയിട്ടുള്ള ലിങ്കില്‍ അപേക്ഷാമാതൃക ലഭിക്കും. അത് ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രിന്റ് ഔട്ട് എടുക്കണം. നിര്‍ദേശിച്ച രീതിയില്‍ പൂര്‍ത്തിയാക്കി രേഖകള്‍ സഹിതം 'ഓണ്‍ ദി സ്‌പോട്ട് എസ്സേ റൈറ്റിങ് കോമ്പറ്റീഷന്‍ 2021' എന്ന് വിഷയ ലൈനില്‍ രേഖപ്പെടുത്തി 2021 ജനുവരി 22-നകം ലഭിക്കത്തക്കവിധം training-mospi@nic.in ലേക്ക് ഇമെയിലായി അയക്കണം.
Content Highlights: Spot essay writing competition for statistics PG students, apply till January 22
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..