Representational Image | Photo: freepik.com
2023-’24 അധ്യയനവർഷത്തെ ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്.) പ്രവേശനത്തിനു ബാധകമായ അഭിരുചിപരീക്ഷയായ നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) മൂന്നുതവണ നടത്തും. കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന ഈവർഷത്തെ ആദ്യ പരീക്ഷ ഏപ്രിൽ 21-നായിരിക്കും. മേയ് 28-ന് രണ്ടാംപരീക്ഷയും ജൂലായ് ഒമ്പതിന് മൂന്നാംപരീക്ഷയും നടത്തും. കംപ്യൂട്ടർ അധിഷ്ഠിത രീതിയിലായിരിക്കും പരീക്ഷ. ഓരോ പരീക്ഷയും രണ്ടുസെഷനുകളിലായി നടത്തും. ഒന്നാം സെഷൻ, രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയും രണ്ടാം സെഷൻ ഉച്ചയ്ക്ക് 2.30 മുതൽ 5.30 വരെയും ആയിരിക്കും. പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുമ്പോൾ സെഷൻ താത്‌പര്യമറിയിക്കണം. കേരളത്തിൽ ബി.ആർക്. പ്രവേശനം നാറ്റ-2023 സ്കോർ, യോഗ്യതാപരീക്ഷാ മാർക്ക്/ഗ്രേഡ് എന്നിവ പരിഗണിച്ചാണ്.
ചോദ്യങ്ങൾ
പരീക്ഷയ്ക്ക്, മൊത്തത്തിൽ 200 മാർക്കുള്ള 125 ചോദ്യങ്ങളുണ്ടാകും. ഇതിൽ 1/2/3 മാർക്കുള്ള മൾട്ടിപ്പിൾ ചോയ്സ്, മൾട്ടിപ്പിൾ സെലക്ട്, പ്രിഫറൻഷ്യൽ ചോയ്സ് ടൈപ്പ്, ന്യൂമറിക്കൽ ആൻസർ ടൈപ്പ്, മാച്ച് ദ ഫോളോയിങ് ചോദ്യങ്ങളുണ്ടാകാം.
ഡയഗ്രമാറ്റിക്, ന്യൂമറിക്കൽ, വെർബൽ, ഇൻഡക്ടീവ്, ലോജിക്കൽ, അബ്സ്ട്രാക്ട് റീസണിങ്, സിറ്റുവേഷണൽ ജഡ്ജ്മെൻറ് തുടങ്ങിയവയിൽക്കൂടി അഭിരുചി അളക്കുന്നതാകും ചോദ്യങ്ങൾ.
മാത്തമാറ്റിക്സ്, ഫിസിക്സ് ആൻഡ് ജ്യോമട്രി എന്നിവയുടെ അടിസ്ഥാനതത്ത്വങ്ങൾ, ലാംഗ്വേജ് ആൻഡ് ഇൻറർപ്രറ്റേഷൻ, എലമെൻറ്സ് ആൻഡ് പ്രിൻസിപ്പൽസ് ഓഫ് ഡിസൈൻ, ഏസ്തറ്റിക് സെൻസിറ്റിവിറ്റി, കളർ തിയറി, ലാറ്ററൽ തിങ്കിങ് ആൻഡ് ലോജിക്കൽ റീസണിങ്, വിഷ്വൽ പെർസെപ്ഷൻ ആൻഡ് കൊഗ്‌നീഷൻ, ഗ്രാഫിക്സ് ആൻഡ് ഇമേജറി, ബിൽഡിങ് അനാറ്റമി, ആർക്കിടെക്ചറൽ വൊക്കാബുലറി, ബിൽഡിങ് കൺസ്ട്രക്‌ഷൻ ആൻഡ് നോളജ് ഓഫ് മെറ്റീരിയൽ, ജനറൽ നോളജ്, കറൻറ് അഫയേഴ്സ് തുടങ്ങിയവയിലെ ചോദ്യങ്ങൾ പ്രതീക്ഷിക്കാം.
ഒരാൾക്ക് താത്‌പര്യമനുസരിച്ച് ഒന്നോ രണ്ടോ മൂന്നോ ടെസ്റ്റുകൾ അഭിമുഖീകരിക്കാം. രണ്ടുടെസ്റ്റുകൾ അഭിമുഖീകരിച്ചാൽ, രണ്ടിൽ ഭേദപ്പെട്ട സ്കോർ അന്തിമസ്കോറായി പരിഗണിക്കും. മൂന്നും അഭിമുഖീകരിച്ചാൽ മെച്ചപ്പെട്ട രണ്ടുസ്കോറുകളുടെ ശരാശരിസ്കോർ അന്തിമസ്കോറായി കണക്കാക്കും.
പ്രവേശനയോഗ്യത
10+2/തത്തുല്യ പ്രോഗ്രാം, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ച് മൂന്നിനുംകൂടി മൊത്തത്തിൽ 50 ശതമാനം മാർക്കും പ്ലസ്‌ടു പരീക്ഷയിൽ മൊത്തത്തിൽ 50 ശതമാനം മാർക്കും വാങ്ങി ജയിച്ചിരിക്കണം. മാത്തമാറ്റിക്സ് ഒരു നിർബന്ധ വിഷയമായി പഠിച്ച്, അംഗീകൃത ത്രിവത്സരഡിപ്ലോമ 50 ശതമാനം മാർക്കോടെ ജയിച്ചവർക്കും അപേക്ഷിക്കാം. യോഗ്യതാപരീക്ഷ 2022-’23-ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.
അപേക്ഷ
ആദ്യപരീക്ഷയ്ക്ക് മാർച്ച് 20 മുതൽ ഏപ്രിൽ 10 വരെ www.nata.in വഴി രജിസ്റ്റർചെയ്യാം. രണ്ടാം പരീക്ഷയ്ക്ക് മേയ് 13 വരെയും മൂന്നാംപരീക്ഷയ്ക്ക് ജൂൺ 24 വരെയും അതതുദിവസം രാത്രി 11.59 വരെ അപേക്ഷിക്കാം. ഒരുസമയത്ത് ഒരു പരീക്ഷയ്ക്ക് മാത്രമായും രണ്ടിനോ മൂന്നിനുമോ ഒരുമിച്ചും അപേക്ഷിക്കാം.
ഒരുടെസ്റ്റിന് മാത്രമായി അപേക്ഷിക്കുമ്പോൾ അപേക്ഷാഫീസ് 2000 രൂപയാണ് (വനിതകൾ/പട്ടിക/ഭിന്നശേഷി/ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 1500 രൂപ). ഏതെങ്കിലും രണ്ട് ടെസ്റ്റുകൾക്ക് ഒരുമിച്ച് അപേക്ഷിക്കാൻ ഇത് 4000/3000 രൂപയാണ്. മൂന്നു ടെസ്റ്റുകൾക്കും ഒരുമിച്ച് അപേക്ഷിക്കാനുള്ള ഫീസ് 5400/4050 രൂപയാണ്. തുക ഓൺലൈനായി അടയ്ക്കാം. വിദേശത്ത് പരീക്ഷാകേന്ദ്രമെടുക്കുന്നവർക്ക് ഒന്ന്/രണ്ട്/മൂന്ന് പരീക്ഷകൾക്ക് അപേക്ഷിക്കാൻ 10,000/20,000/27,000 രൂപയാണ് അപേക്ഷാഫീസ്. വിവരങ്ങൾക്ക്: www.nata.in
Content Highlights: National Aptitude Test in Architecture NATA 2023
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..