പ്രതീകാത്മക ചിത്രം | Photo: Mathrubhumi archives
പ്ലസ്ടു സയൻസ് പഠിച്ച പെൺകുട്ടികൾക്ക് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിന്റെ നഴ്സിങ് കോളേജുകളിൽ നാലുവർഷ ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്സി.) നഴ്സിങ് പഠിക്കാം. വിജയകരമായി പൂർത്തിയാക്കുന്നവർക്ക് മിലിട്ടറി നഴ്സിങ് സർവീസസിൽ സ്ഥിരം/ഷോർട്ട് സർവീസ് കമ്മിഷനുള്ള അർഹതയുമുണ്ട്.
മൊത്തം സീറ്റുകൾ 220. പുണെ ആംഡ് ഫോഴ്സസ് മെഡിക്കൽ കോളേജ് (40 സീറ്റ്), കൊൽക്കത്ത കമാൻഡ് ഹോസ്പിറ്റൽ-ഈസ്റ്റേൺ കമാൻഡ് (30), ഇന്ത്യൻ നേവൽ ഹോസ്പിറ്റൽ ഷിപ്പ്-അശ്വിനി (40), ന്യൂഡൽഹി ആർമി ഹോസ്പിറ്റൽ-റിസർച്ച് ആൻഡ് റഫറൽ (30), ലഖ്നൗ കമാൻഡ് ഹോസ്പിറ്റൽ-സെൻട്രൽ കമാൻഡ് (40), ബെംഗളൂരു കമാൻഡ് ഹോസ്പിറ്റൽ-എയർഫോഴ്സ് (40), എന്നിവയിലാണ് പ്രോഗ്രാം നടത്തുന്നത്.
അവിവാഹിതരാവണം. വിവാഹമോചനം ലഭിച്ചവർക്കും നിയമപരമായി ബന്ധം വേർപെടുത്തിയവർക്കും ബാധ്യതകളില്ലാത്ത വിധവകൾക്കും അപേക്ഷിക്കാം. ജനനം 1996 ഒക്ടോബർ ഒന്നിനും 2004 സെപ്റ്റംബർ 30-നും (രണ്ടു ദിവസങ്ങളും ഉൾപ്പെടെ) ഇടയ്ക്കായിരിക്കണം. പ്ലസ്ടു/തുല്യപരീക്ഷ ആദ്യശ്രമത്തിൽ ജയിച്ചിരിക്കണം. ഫിസിക്സ്, കെമിസ്ട്രി, ബയോളജി (ബോട്ടണിയും സുവോളജിയും), ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് പ്ലസ്ടു തലത്തിൽ ആകെ 50 ശതമാനം മാർക്ക് നേടിയിരിക്കണം. 2020-21 വിദ്യാഭ്യാസ വർഷത്തിൽ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. മെഡിക്കൽ ഫിറ്റ്നസ് വ്യവസ്ഥകളും ഉണ്ട്.
കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ, അഭിമുഖം, മെഡിക്കൽപരിശോധന എന്നിവ ഉണ്ടാകും. ഏപ്രിലിൽ നടന്നേക്കാവുന്ന 90 മിനിറ്റ് ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പ്രവേശനപരീക്ഷയ്ക്ക് ജനറൽ ഇംഗ്ലീഷ്, ജനറൽ ഇന്റലിജൻസ്, സയൻസ് (ബയോളജി, ഫിസിക്സ്, കെമിസ്ട്രി), എന്നിവയിൽനിന്ന് ഒരു മാർക്കു വീതമുള്ള 50 വീതം ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുണ്ടാകും. നെഗറ്റീവ് മാർക്കില്ല. ഷോർട്ട്ലിസ്റ്റ് ചെയ്യപ്പെടുന്നവരെ ജൂണിൽ നടത്തുന്ന അഭിമുഖത്തിന് (100 മാർക്ക്) വിളിക്കും. മെഡിക്കൽ പരിശോധനയും ഉണ്ടാവും.
അപേക്ഷ ഫെബ്രുവരി 17 മുതൽ മാർച്ച് 10 വൈകീട്ട് അഞ്ചുവരെ www.joinindianarmy.nic.in വഴി നൽകാം.
Content Highlights: Military Nursing course apply till March 10
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..