Representational Image | Photo: freepik
കേരളത്തിൽ 2023-ലെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷൻ (എം.ബി.എ.) കോഴ്‌സ് പ്രവേശനത്തിനായി നടത്തുന്ന കേരള മാനേജ്മന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (കെ-മാറ്റ്) രണ്ടാംസെഷന് പ്രവേശന പരീക്ഷാ കമ്മിഷണർ അപേക്ഷ ക്ഷണിച്ചു.വിവിധ സർവകലാശാലകൾ/ഡിപ്പാർട്ട്‌മെന്റുകൾ, ഓട്ടോണമസ് മാനേജ്‌മെന്റ് കോളേജുകൾ ഉൾപ്പെടെയുള്ള അഫിലിയേറ്റഡ് മാനേജ്‌മെന്റ് കോളേജുകൾ എന്നിവയിലെ എം.ബി. എ. പ്രവേശനത്തിന് കെ-മാറ്റ് ബാധകമായിരിക്കും.
യോഗ്യത
കുറഞ്ഞത് മൂന്നുവർഷം ദൈർഘ്യമുള്ള കോഴ്‌സിലൂടെ ആർട്‌സ്/സയൻസ്/കൊമേഴ്‌സ്/എൻജിനിയറിങ്/മാനേജ്മന്റ് സ്ട്രീമിൽ ബാച്ചിലർ ബിരുദം/തത്തുല്യ യോഗ്യത നേടിയിരിക്കണം. കെ-മാറ്റ് 2023 അടിസ്ഥാനമാക്കിയുള്ള പ്രവേശനം ആരംഭിക്കുംമുമ്പ് യോഗ്യതാ പരീക്ഷാഫലം പ്രഖ്യാപിച്ചിരിക്കണം എന്ന വ്യവസ്ഥയ്ക്ക് വിധേയമായി, യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവർഷ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. ഏതു സർവകലാശാലയിലെ എം.ബി.എ. കോഴ്‌സിലേക്കാണോ പ്രവേശനം തേടുന്നത്, ആ സർവകലാശാലയ്ക്കു ബാധകമായ യോഗ്യതാ പരീക്ഷാ മാർക്ക് വ്യവസ്ഥ തൃപ്തിപ്പെടുത്തിയിരിക്കണം.
പരീക്ഷ
ജൂലായ് രണ്ടിന് എല്ലാ ജില്ലകളിലുമുള്ള നിശ്ചിത പരീക്ഷാകേന്ദ്രങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിത പ്രവേശന പരീക്ഷ നടത്തും. മൂന്നുമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക്, പ്ലസ്ടു നിലവാരമുള്ള, മൊത്തം 180 ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. ഇംഗ്ലീഷ് ലാംഗ്വേജ് യൂസേജ് ആൻഡ് റീഡിങ് കോംപ്രിഹൻഷൻ (50 ചോദ്യങ്ങൾ), ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (50), ഡേറ്റ സഫിഷ്യൻസി ആൻഡ് ലോജിക്കൽ റീസണിങ് (40), ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്‌സ് (40) എന്നീ മേഖലകളിൽ നിന്നുമായിരിക്കും ചോദ്യങ്ങൾ. ശരിയുത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിച്ചാൽ ഒരുമാർക്കുവീതം നഷ്ടപ്പെടും.
യോഗ്യതാ മാർക്ക്
കെ-മാറ്റിൽ യോഗ്യതനേടാൻ പരമാവധി മാർക്കായ 720-ൽ (180 x 4) കുറഞ്ഞത് 10 ശതമാനം മാർക്ക് (72 മാർക്ക്) നേടണം. പട്ടിക/ഭിന്നശേഷിക്കാർ, കുറഞ്ഞത് 7.5 ശതമാനം മാർക്ക് (54 മാർക്ക്) നേടണം. യോഗ്യത നേടുന്നവരെ മാത്രമേ പ്രവേശനത്തിനായി പരിഗണിക്കുകയുള്ളൂ.
അപേക്ഷ
www.cee.kerala.gov.in വഴി ജൂൺ 12-ന് വൈകീട്ട് നാലുവരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് 1000 രൂപ (പട്ടിക വിഭാഗക്കാർക്ക് 750 രൂപ). തുക ഇന്റർനെറ്റ് ബാങ്കിങ്, ക്രഡിറ്റ്/ഡബിറ്റ് കാർഡ് വഴി അടയ്ക്കാം. ഓഫ് ലൈൻ ആയി (പണമായി) അടയ്ക്കാനും സൗകര്യമുണ്ട്. അപേക്ഷിക്കുമ്പോൾ രൂപപ്പെടുത്തിയെടുക്കാവുന്ന ഇ-ചലാൻ ഡൗൺലോഡു ചെയ്ത്, അതുപയോഗിച്ച്, തുക പണമായി കേരളത്തിലെ ഏതെങ്കിലും സബ്/ ഹെഡ് പോസ്റ്റാഫീസിൽ അടയ്ക്കാം. ഫീസടച്ചശേഷം, അപേക്ഷാർഥിയുടെ പാസ്പോർട്ട് വലുപ്പമുള്ള കളർ ഫോട്ടോഗ്രാഫ്, ഒപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം. തുടർന്ന് ആപ്ലിക്കേഷൻ അക്‌നോളജ്മന്റ് പേജ് ഡൗൺലോഡുചെയ്ത് സൂക്ഷിക്കണം.
പരീക്ഷയ്ക്കുശേഷം, താത്‌കാലികമായി ഉത്തരസൂചിക പ്രസിദ്ധപ്പെടുത്തും. നിശ്ചിതഫീസ് അടച്ച്, പിൻതുണ രേഖകൾ സഹിതം, ഉത്തര സൂചിക ചലഞ്ച് ചെയ്യാൻ അഞ്ചുദിവസം ലഭിക്കും. ചലഞ്ച് ശരിയെന്നു കണ്ടാൽ അടച്ച തുക തിരികെ ലഭിക്കും. എം.ബി.എ. പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കാൻ എൻട്രൻസ് ടെസ്റ്റ് (കെ-മാറ്റ് ) സ്കോറിന് 80-ഉം ഗ്രൂപ്പ് ഡിസ്കഷന് 10-ഉം പഴ്‌സണൽ ഇന്റർവ്യൂവിനു 10-ഉം ശതമാനം വെയ്‌റ്റേജ് നൽകും.
Content Highlights: Kerala Management Aptitude Test -KMAT 2023
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..