KEAM 2023 : പരീക്ഷയ്ക്ക് ഒരുങ്ങുന്നവരാണോ? ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍


By ഡോ.എസ്.രാജൂകൃഷ്ണന്‍

8 min read
Read later
Print
Share

2022-'23 അധ്യയന വര്‍ഷത്തില്‍ പ്ലസ്ടുതല കോഴ്സിന്റെ അന്തിമ പരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം

Representational Image | Photo: freepik.com

വിവിധ പ്രൊഫഷണൽ കോഴ്സുകളിലെ 2023-’24 ലെ പ്രവേശനത്തിനായി, കേരള പ്രവേശന പരീക്ഷാ കമ്മിഷണർ (സി.ഇ.ഇ.) അപേക്ഷ ക്ഷണിച്ചു. മേയ് 17-നു നടത്തുന്ന എൻജിനിയറിങ്/ഫാർമസി പ്രവേശന പരീക്ഷകളുടെ ഫലം ജൂൺ 20-നകം പ്രസിദ്ധപ്പെടുത്തും. വിവിധ റാങ്ക് പട്ടികകൾ ജൂലായ് 20-നകം പ്രസിദ്ധീകരിക്കും.

അപേക്ഷ ഏപ്രിൽ 10-ന് വൈകീട്ട് അഞ്ചുവരെ www.cee.kerala.gov.in- വഴി നൽകാം. ക്ലാസ് 10, ജനനത്തീയതി, നേറ്റിവിറ്റി സർട്ടിഫിക്കറ്റ്/ തെളിവ് ഈ സമയപരിധിക്കകം അപ് ലോഡ് ചെയ്യണം. അപേക്ഷയിൽ ഉന്നയിക്കുന്ന വിവിധ അവകാശവാദങ്ങൾക്ക് ബാധകമായ മറ്റ് സർട്ടിഫിക്കറ്റുകൾ/പിൻതുണാരേഖകൾ ഏപ്രിൽ 20-ന് വൈകീട്ട് അഞ്ചിനകം അപ് ലോഡ് ചെയ്യണം.

സി.ഇ.ഇ. പ്രവേശന പരീക്ഷകൾ നടത്തുന്ന/നടത്താത്ത കോഴ്സുകൾ

കേരളത്തിൽ പ്രവേശന പരീക്ഷാ കമ്മിഷണർ എൻജിനിയറിങ്, ഫാർമസി പ്രവേശനങ്ങളുടെ ഭാഗമായി മാത്രമേ പ്രവേശന പരീക്ഷകൾ നടത്തുന്നുള്ളൂ. ഈ കോഴ്സുകളിലേക്കുള്ള റാങ്ക് പട്ടികകൾ തയ്യാറാക്കുന്ന രീതി പ്രോസ്പെക്ടസിൽ വിശദീകരിച്ചിട്ടുണ്ട്.

  • മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലെ പ്രവേശനം നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാേജ്വറ്റ് (നീറ്റ്-യു.ജി.) 2023 അടിസ്ഥാനമാക്കിയാണ്.
  • ആർക്കിടെക്ചർ പ്രവേശനം നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) 2023 അഭിരുചി പരീക്ഷാ സ്കോർ, യോഗ്യതാ പരീക്ഷാ മാർക്ക്/ഗ്രേഡ് എന്നിവ പരിഗണിച്ചാണ്.
  • മെഡിക്കൽ, മെഡിക്കൽ അലൈഡ്, ആർക്കിടെക്ചർ കോഴ്സുകൾക്ക് പ്രവേശന/അഭിരുചി പരീക്ഷകൾ കേരളത്തിൽ നടത്തുന്നില്ലെങ്കിലും ഈ കോഴ്സുകളിൽ പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന അലോട്മെൻറിൽ താത്‌പര്യമുള്ളവർ, എൻജിനിയറിങ്/ഫാർമസി പ്രവേശന പരീക്ഷകളുടെ അപേക്ഷ വിളിച്ചിരിക്കുന്ന ഇപ്പോൾത്തന്നെ അപേക്ഷിക്കാൻ ശ്രദ്ധിക്കണം. അതോടൊപ്പം നീറ്റ് യു.ജി. 2023, നാറ്റ 2023 (ബാധകമായത്) എന്നിവയ്ക്ക് അപേക്ഷിച്ച് യോഗ്യത നേടുകയും വേണം.
പരീക്ഷാ ഘടന: പ്രവേശന പരീക്ഷകൾ ഒ.എം.ആർ. (ഒപ്റ്റിക്കൽ മാർക്ക് റെകഗ്‌നിഷൻ) ഷീറ്റ് ഉപയോഗിച്ചുള്ളതായിരിക്കും.

ചോദ്യഘടന:

  • എൻജിനിയറിങ്: രണ്ടു പേപ്പർ, പേപ്പർ I -ഫിസിക്സ് ആൻഡ് കെമിസ്ട്രി (യഥാക്രമം 72, 48 ചോദ്യങ്ങൾ). മേയ് 17-ന് രാവിലെ 10 മുതൽ 12.30 വരെ. പേപ്പർ II - മാത്തമാറ്റിക്സ് (120 ചോദ്യങ്ങൾ). 17-ന് ഉച്ചയ്ക്ക് 2.30 മുതൽ അഞ്ചുവരെ.
  • ഫാർമസി: ഒരു പേപ്പർ, പേപ്പർ I- ഫിസിക്സ് ആൻഡ് കെമിസ്ട്രി (യഥാക്രമം 72, 48 ചോദ്യങ്ങൾ) - 17-ന് രാവിലെ 10 മുതൽ 12.30 വരെ (എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ ആദ്യ പേപ്പർ തന്നെയാണിത്).
എല്ലാ പേപ്പറുകളിലെയും ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് രീതിയിൽ ആയിരിക്കും. ഏറ്റവും അനുയോജ്യമായ ഉത്തരം തിരഞ്ഞെടുത്ത് ഒ.എം.ആർ. ഷീറ്റിൽ രേഖപ്പെടുത്തണം. ഓരോ ശരിയുത്തരത്തിനും നാലുമാർക്ക്. ഓരോ തെറ്റ് ഉത്തരത്തിനും ഒരു മാർക്ക് വീതം കുറയ്ക്കും. ഓരോ പേപ്പറിന്റെയും പരമാവധി മാർക്ക് 480. എൻജിനിയറിങ് പ്രവേശന പരീക്ഷയ്ക്ക് രണ്ടു പേപ്പറിനും കൂടിയുള്ള പരമാവധി മാർക്ക് 960. ഫാർമസി പ്രവേശന പരീക്ഷയ്ക്ക് പരമാവധി മാർക്ക് 480.സിലബസ് www.cee.kerala.gov.in ൽ ഉള്ള പ്രോസ്പെക്ടസിൽ ഉണ്ട്.

റാങ്കിങ്

  • എൻജിനിയറിങ്: യോഗ്യതാ പ്രോഗ്രാം രണ്ടാം വർഷ പരീക്ഷയിൽ ഫിസിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി എന്നിവയുടെ മാർക്ക് നൂറിൽ വീതം കണക്കാക്കി പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരം ഓരോന്നും ഏകീകരിച്ച് മൊത്തത്തിൽ 300-ൽ കണക്കാക്കിയ മാർക്കും എൻജിനിയറിങ് എൻട്രൻസിലെ മാർക്ക് 960-ൽ ഉള്ളത് 300-ൽ കണക്കാക്കിയതും കൂട്ടി 600-ൽ കിട്ടുന്ന മാർക്ക് പരിഗണിച്ച്.കെമിസ്ട്രി പഠിക്കാത്തവരുടെ കാര്യത്തിൽ കംപ്യൂട്ടർ സയൻസിന്റെയും ഇവ രണ്ടും പഠിച്ചിട്ടില്ലെങ്കിൽ ബയോടെക്നോളജിയുടെയും ഇവ മൂന്നും പഠിച്ചിട്ടില്ലെങ്കിൽ ബയോളജിയുടെയും മാർക്ക് പരിഗണിക്കും. എൻജിനിയറിങ് പ്രവേശന പരീക്ഷയിൽ യോഗ്യത നേടിയാലേ റാങ്കിങ്ങിന് പരിഗണിക്കൂ. അതിന് ഓരോ പേപ്പറിലും 10 മാർക്ക് വീതം നേടണം. പട്ടികവിഭാഗക്കാർ ഓരോ പേപ്പറിലും ഒരു ചോദ്യത്തിനെങ്കിലും ഉത്തരം നൽകിയിരിക്കണം.
  • ഫാർമസി: എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ ഒന്നാംപേപ്പർ സ്കോർ പ്രോസ്പെക്ടസ് വ്യവസ്ഥ പ്രകാരം പുനർ നിർണയിക്കുമ്പോൾ 480-ൽ കിട്ടുന്ന ഇൻഡക്സ് മാർക്ക് പരിഗണിച്ച്. റാങ്ക് പട്ടികയിൽ സ്ഥാനം നേടാൻ ഇൻഡക്സ് മാർക്ക് 10 എങ്കിലും നേടണം. പട്ടിക വിഭാഗക്കാർക്ക് ഈ വ്യവസ്ഥയില്ല. പക്ഷേ, ഈ പേപ്പറിലെ ഒരു ചോദ്യത്തിനെങ്കിലും അവർ ഉത്തരം നൽകിയിരിക്കണം.
  • മെഡിക്കൽ (ബി.എ.എം.എസ്. ഒഴികെ): പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അപേക്ഷിച്ചവരുടെ നീറ്റ് യു.ജി. 2023 റാങ്ക്/സ്കോർ പരിഗണിച്ച് (നേറ്റിവിറ്റി വ്യവസ്ഥയ്ക്കു വിധേയം) തയ്യാറാക്കുന്ന കേരള മെഡിക്കൽ റാങ്ക് പട്ടിക പ്രകാരം. നീറ്റ് വ്യവസ്ഥ പ്രകാരം യോഗ്യത നേടണം (പെർസന്റൈൽ തത്ത്വം - കാറ്റഗറി അനുസരിച്ച് 50-ാം/45-ാം/40-ാം പെർസന്റൈൽ സ്കോർ).
  • ബി.എ.എം.എസ്.: പ്ലസ്ടു തലത്തിൽ രണ്ടാം ഭാഷയായി സംസ്കൃതം പഠിച്ചവർക്ക് വെയ്റ്റേജായി എട്ടുമാർക്ക്. അവരുടെ നീറ്റ് യു.ജി. 2023 സ്കോറിനൊപ്പം ചേർത്തും സംസ്കൃതം പഠിക്കാത്തവർക്ക് നീറ്റ് യു.ജി. 2023 സ്കോർ പരിഗണിച്ചും തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരം.
  • മെഡിക്കൽ അലൈഡ്: പ്രവേശന പരീക്ഷാ കമ്മിഷണർക്ക് അപേക്ഷിച്ചവരുടെ നീറ്റ് യു.ജി. 2023 റാങ്ക്/സ്കോർ പരിഗണിച്ച്. നീറ്റിൽ 720 ൽ 20 മാർക്ക് എങ്കിലും ലഭിക്കുന്നവരെ പരിഗണിക്കും. പട്ടിക വിഭാഗക്കാർക്ക് ഈ കോഴ്സുകൾക്ക്, നീറ്റ് യു.ജി. 2023-ൽ മിനിമം മാർക്ക് വ്യവസ്ഥയില്ല.
  • ആർക്കിടെക്ചർ: പ്ലസ് ടു മൊത്തം മാർക്ക് 200-ൽ കണക്കാക്കിയതും 200-ൽ ലഭിച്ച നാറ്റ 2023 സ്കോറും (2023 ജൂൺ 30-നകം യോഗ്യത നേടണം) കൂട്ടി 400-ൽ ലഭിക്കുന്ന മാർക്ക് പരിഗണിച്ച്
വിദ്യാഭ്യാസ യോഗ്യത

  • മെഡിക്കൽ, മെഡിക്കൽ അനുബന്ധ വിഭാഗങ്ങളിലെ കോഴ്സുകളിലെ പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്കു നേടി, ഹയർ സെക്കൻഡറി/പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം എന്നതാണ് പൊതുവായ വ്യവസ്ഥ കൂടാതെ കോഴ്സിനനുസരിച്ച് ചില അധിക വ്യവസ്ഥകൾ ഉണ്ടാകാം.
  • എം.ബി.ബി.എസ്., ബി.ഡി.എസ്., പ്രവേശനത്തിന് ബയോളജിക്കുപകരം ബയോടെക്നോളജി ആകാം.
  • മെഡിക്കൽ കോഴ്സുകളിലെ (ആറ് എണ്ണം) പ്രവേശനത്തിന് സൂചിപ്പിച്ച നാല് വിഷയങ്ങൾ ഓരോന്നും പ്രത്യേകം ജയിച്ചിരിക്കണം.
  • ബി.വി.എസ്.സി. ആൻഡ് എ.എച്ച്.: ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ നാലു വിഷയങ്ങൾക്കും കൂടി, 50% മാർക്ക് വേണം.
  • ബി.എസ്.എം.എസ്.: 10/12 ക്ലാസിൽ തമിഴ് ഒരു വിഷയമായി പഠിച്ചിരിക്കണം. ഇല്ലെങ്കിൽ പ്രവേശനം നേടി ആദ്യ വർഷത്തിനകം തമിഴ് ലാംഗ്വേജ് കോഴ്സ് ജയിക്കണം.
  • ബി.യു.എം.എസ്.: 10-ൽ/12 ൽ ഉറുദു/അറബിക്/പേർഷ്യൻ വിഷയമായി പഠിച്ച് ജയിച്ചിരിക്കണം. അല്ലെങ്കിൽ അംഗീകൃത ഉറുദു പ്രവേശന പരീക്ഷ/ ഒരു വർഷ പ്രീ - ടിബ് പരീക്ഷ ജയിച്ചിരിക്കണം. 10/12 ൽ ഉറുദു/അറബിക്/പേർഷ്യൻ വിഷയം ജയിക്കാത്തവർ, ഉർദു ഒരു വിഷയമായി ഫസ്റ്റ് പ്രൊഫഷണൽ ബി.യു.എം.എസ്. കോഴ്സിൽ പഠിക്കണം.
  • ബി.എസ്‌സി. (ഓണേഴ്സ്) ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെൻറൽ സയൻസ്: ഹയർ സെക്കൻഡറി തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
  • ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ പഠിച്ച്, പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ച ശേഷം, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ബയോടെക്നോളജി എന്നിവയിലൊന്ന് മുഖ്യവിഷയമായും ഇവയിൽ ഏതെങ്കിലും ഒന്നോ രണ്ടോ വിഷയങ്ങൾ ഉപവിഷയമായും പഠിച്ച്, മുഖ്യവിഷയത്തിനും ഉപവിഷയങ്ങൾക്കും കൂടി മൊത്തം 50 ശതമാനം മാർക്കു വാങ്ങി, ത്രിവത്സര ബി.എസ്‌സി. ബിരുദമെടുത്തവർക്ക് എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എസ്.എം.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്. കോഴ്സുകളിലെ പ്രവേശനത്തിന് അർഹതയുണ്ട്. അപേക്ഷിക്കുന്ന സമയത്ത് ഇവർക്ക് യോഗ്യതയുണ്ടായിരിക്കണം. ബി.എസ്.എം.എസിന് നേരത്തേ സൂചിപ്പിച്ച തമിഴ് ഭാഷാ വ്യവസ്ഥ ഇവർക്കും ബാധകമാണ്.
  • എൻജിനിയറിങ്: മാത്തമാറ്റിക്സ്, ഫിസിക്സ് (രണ്ടും നിർബന്ധമാണ്), കെമിസ്ട്രി എന്നിവയ്ക്ക് മൊത്തം 45 ശതമാനം മാർക്ക് വാങ്ങി ഹയർ സെക്കൻഡറി/തത്തുല്യ കോഴ്‌സ് ജയിച്ചിരിക്കണം. പ്ലസ് ടു തലത്തിൽ കെമിസ്ട്രി പഠിച്ചിട്ടില്ലെങ്കിൽ കംപ്യൂട്ടർ സയൻസും ഇവ രണ്ടും പഠിച്ചിട്ടില്ലെങ്കിൽ ബയോടെക്നോളജിയും ഇവ മൂന്നും പഠിച്ചിട്ടില്ലെങ്കിൽ ബയോളജിയും മൂന്നാം വിഷയമായി പരിഗണിക്കും.
  • ആർക്കിടെക്ചർ: പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവ പഠിച്ച്, മൂന്നിനുംകൂടി 50 ശതമാനം മാർക്കു വാങ്ങി പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം. മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച്, മൊത്തം 50 ശതമാനം മാർക്ക് വാങ്ങി, 10+3 സ്കീം ഡിപ്ലോമ ജയിച്ചവർക്കും അപേക്ഷിക്കാം.
  • ബി.ഫാം: ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി പഠിച്ച് ഹയർ സെക്കൻഡറി/തത്തുല്യ പരീക്ഷ ജയിച്ചിരിക്കണം.
മാർക്ക്‌ ഇളവുകൾ

  • എം.ബി.ബി.എസ്./ബി.ഡി.എസ്. പ്രവേശനത്തിന് പ്ലസ് ടുവിന്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ ബയോടെക്നോളജി എന്നീ മൂന്നു വിഷയങ്ങൾക്ക് പട്ടിക/എസ്.ഇ.ബി.സി. വിഭാഗക്കാർക്ക്, മൊത്തം 40-ഉം ഭിന്നശേഷി വിഭാഗക്കാർക്ക് 45-ഉം ശതമാനം മാർക്ക് മതി. ഈ വിഭാഗക്കാർക്ക്, ബി.എ.എം.എസ്.; ബി.എച്ച്.എം.എസ്.; ബി.എസ്.എം.എസ്.; ബി.യു.എം.എസ്. പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ മൂന്നു വിഷയങ്ങൾക്ക് ഈ മാർക്ക് (40 ശതമാനം/45 ശതമാനം) മതി.
  • ബി.വി.എസ്.സി. ആൻഡ് എ.എച്ച്. പ്രവേശനത്തിന് പട്ടിക/എസ്.ഇ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക്, ബാധകമായ നാലു വിഷയങ്ങൾക്ക് മൊത്തം 47.5 ശതമാനം മാർക്ക് മതി.
  • മറ്റ് ആറ് മെഡിക്കൽ അനുബന്ധ കോഴ്സുകൾക്ക് എസ്.ഇ.ബി.സി./ഭിന്ന ശേഷി വിഭാഗക്കാർക്ക് യോഗ്യതാ മാർക്കിൽ അഞ്ചുശതമാനം ഇളവുണ്ട്. പട്ടിക വിഭാഗക്കാർക്ക് യോഗ്യതാ പരീക്ഷയിൽ മിനിമം പാസ് മാർക്ക് മതി.
  • എൻജിനിയറിങ്: പട്ടിക/എസ്.ഇ.ബി.സി./ഭിന്നശേഷി വിഭാഗക്കാർക്ക് ബാധകമായ മൂന്ന് വിഷയങ്ങൾക്ക് 40 ശതമാനം മാർക്ക് മതി.
  • പ്ലസ് ടു തല യോഗ്യതാ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.
പ്രായം

അപേക്ഷാർഥി 2023 ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കിയിരിക്കണം. എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, ബി.എ.എം.എസ്.; ബി.എച്ച്.എം.എസ്.; ബി.എസ്.എം.എസ്.; ബി.യു.എം.എസ്. കോഴ്സുകൾക്ക് ഉയർന്ന പ്രായപരിധിയല്ല. എം.ബി.ബി.എസ്./ബി.ഡി.എസ്. കോഴ്സ് പ്രവേശനത്തിന് പ്രായപരിധി, നീറ്റ് യു.ജി. 2023 ഇൻഫർമേഷൻ ബുള്ളറ്റിനിലെ വ്യവസ്ഥകൾ പ്രകാരമായിരിക്കും. മറ്റ് മെഡിക്കൽ അനുബന്ധ കോഴ്സുകളുടെ കാര്യത്തിൽ അതത് കേന്ദ്ര കൗൺസിലുകൾ നിശ്ചയിച്ചിട്ടുള്ള ഉയർന്ന പ്രായപരിധി ബാധകമായിരിക്കും.

അപേക്ഷാ ഫീസ്

എൻജിനിയറിങ്/ഫാർമസി: ഇവയിലൊന്നിനോ രണ്ടിനുമോ അപേക്ഷിക്കാൻ -700 രൂപ. ആർക്കിടെക്ചർ, മെഡിക്കൽ ആൻഡ് മെഡിക്കൽ അനുബന്ധ കോഴ്സുകൾ: ഇവയിൽ ഒന്നിനോ രണ്ടിനുമോ അപേക്ഷിക്കാൻ -500 രൂപ. സൂചിപ്പിച്ചവയിൽ മൂന്ന്/നാല് സ്ട്രീമുകൾക്ക് അപേക്ഷിക്കാൻ -900 രൂപ. പട്ടികജാതി വിഭാഗക്കാർക്ക് ഇത് യഥാക്രമം -300, 200, 400 രൂപ. പട്ടികവർഗ വിഭാഗം അപേക്ഷകർക്ക് അപേക്ഷാ ഫീസില്ല. ദുബായ് പരീക്ഷാ കേന്ദ്രമായി തിരഞ്ഞെടുത്താൽ അപേക്ഷാ ഫീസിന് പുറമേ 12,000 രൂപ കൂടി അടയ്ക്കണം. അപേക്ഷാഫീസ് ഓൺലൈൻ ആയോ ഇ-ചലാൻ വഴിയോ അടയ്ക്കാം.വിവരങ്ങൾക്ക്: www.cee.kerala.gov.in, www.cee-kerala.org

കോഴ്‌സുകൾ

  1. എൻജിനിയറിങ്: ബി.ടെക്. (കേരള കാർഷിക, വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ്, ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാലകളിലെ ബി.ടെക്. ഉൾപ്പെടെ)
  2. ബി.ആർക്ക് (ആർക്കിടെക്ചർ)
  3. മെഡിക്കൽ: എം.ബി.ബി.എസ്.; ബി.ഡി.എസ്.; ബി.എ.എം.എസ്. (ആയുർവേദ); ബി.എച്ച്.എം.എസ്. (ഹോമിയോ); ബി.എസ്.എം.എസ്. (സിദ്ധ); ബി.യു.എം.എസ്. (യുനാനി)
  4. മെഡിക്കൽ അനുബന്ധം: ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രികൾച്ചർ; ബി.എസ്‌സി. (ഓണേഴ്‌സ്) ഫോറസ്ട്രി; ബി.എസ്‌സി. (ഓണേഴ്സ്) കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിങ്; ബി.എസ്‌സി. (ഓണേഴ്സ്) ക്ലൈമറ്റ് ചേഞ്ച് ആൻഡ് എൻവയൺമെന്റൽ സയൻസ്; ബി.ടെക്. ബയോടെക്നോളജി (കാർഷിക സർവകലാശാലയിൽ), ബി.വി.എസ്‌സി. ആൻഡ് എ.എച്ച്. (വെറ്ററിനറി); ബി.എഫ്.എസ്‌സി. (ഫിഷറീസ്)
  5. ബി.ഫാം. (ഫാർമസി)
നാല് സ്ട്രീമുകൾ

കോഴ്സുകളെ നാലു സ്ട്രീമുകളിലായി തിരിച്ചിട്ടുണ്ട്. എൻജിനിയറിങ്, ആർക്കിടെക്ചർ, മെഡിക്കൽ ആൻഡ് അലൈഡ്, ഫാർമസി. അപേക്ഷിക്കുമ്പോൾ തന്നെ പരിഗണിക്കപ്പെടേണ്ട സ്ട്രീമുകൾമാത്രം അപേക്ഷാർഥി തിരഞ്ഞെടുത്താൽ മതി. എൻജിനിയറിങ്ങിലെ ബ്രാഞ്ചുകൾ, മെഡിക്കൽ ആൻഡ് അലൈഡ് വിഭാഗത്തിലെ പ്രോഗ്രാമുകൾ എന്നിവ അപേക്ഷിക്കുമ്പോൾ തിരഞ്ഞെടുക്കേണ്ടതില്ല.

അർഹതയ്ക്കു വിധേയമായി ഒരാൾക്ക് ഒന്നോ കൂടുതലോ സ്ട്രീമുകളിലേക്ക് (പരമാവധി നാല്) അപേക്ഷിക്കാം. ഒരു സ്ട്രീമിൽമാത്രം അപേക്ഷിച്ചാലും ഒന്നിൽ കൂടുതൽ സ്ട്രീമുകളിൽ അപേക്ഷിച്ചാലും ഒരൊറ്റ അപേക്ഷയേ നൽകേണ്ടതുള്ളൂ.

ഏതൊക്കെ സ്ട്രീമിൽ അപേക്ഷാർഥിയെ പരിഗണിക്കണമെന്ന് അപേക്ഷയിൽ രേഖപ്പെടുത്തണം. എൻജിനിയറിങ് പ്രവേശനപരീക്ഷയുടെ ആദ്യ പേപ്പർ, ഫാർമസി പ്രവേശനപരീക്ഷ കൂടിയാണ്. എന്നാൽ, എൻജിനിയറിങ്ങിന് അപേക്ഷിക്കുന്ന, അതിന്റെ പ്രവേശനപരീക്ഷയുടെ ആദ്യ പേപ്പർ എഴുതുന്ന ഒരാളെ സ്വമേധയാ ഫാർമസി റാങ്ക് പട്ടികയിലേക്ക് പരിഗണിക്കില്ല. അപേക്ഷ നൽകുമ്പോൾ ഫാർമസി സ്ട്രീം തിരഞ്ഞെടുക്കുന്നവരെ മാത്രമേ ഫാർമസി റാങ്കിങ്ങിനായി പരിഗണിക്കൂ.

കീം 2023: പ്രവേശന അർഹത

കേരള എൻജിനിയറിങ്, മെഡിക്കൽ, ഫാർമസി, ആർക്കിടെക്ചർ, മെഡിക്കൽ അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷിക്കുന്നവർ ഇന്ത്യക്കാരാകണം. പ്രോസ്പെക്ടസ്‌ പ്രകാരം, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.) പഴ്‌സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ.) വിഭാഗക്കാരെ എൻ.ആർ.ഐ. സീറ്റിലേക്കും മറ്റേതെങ്കിലും സൂപ്പർന്യൂമററി സീറ്റിലേക്കും മാത്രമേ പരിഗണിക്കുകയുള്ളൂ. ഇന്ത്യക്കാർക്കായി നീക്കിവെച്ചിട്ടുള്ള ഒരു സീറ്റിലേക്കും അവരെ പരിഗണിക്കുന്നതല്ല (ഒ.സി.ഐ./പി.ഐ. ഒ. വിഭാഗം അപേക്ഷകരുടെ പ്രവേശനം, WP (C) No. 891/2021-ൽ, സുപ്രീംകോടതിയുടെ 2023 ഫെബ്രുവരി മൂന്നിലെ വിധിയുടെ അടിസ്ഥാനത്തിൽ സർക്കാർ പുറപ്പെടുവിക്കുന്ന ഉത്തരവുകൾക്ക് വിധേയമായിരിക്കുമെന്ന് പ്രവേശനപരീക്ഷാ വിജ്ഞാപനത്തിൽ പറഞ്ഞിട്ടുണ്ട്).

അപേക്ഷകരെ, നേറ്റിവിറ്റി യോഗ്യതയുടെ അടിസ്ഥാനത്തിൽ കേരളീയർ, കേരളീയേതരൻ I, കേരളീയേതരർ II എന്നിങ്ങനെ മൂന്നുവിഭാഗങ്ങളിലായി പരിഗണിക്കും.

കേരളീയൻ ആര്

അപേക്ഷാർഥിയോ അപേക്ഷാർഥിയുടെ അച്ഛനോ, അമ്മയോ കേരളത്തിലാണ് ജനിച്ചതെങ്കിൽ, അപേക്ഷാർഥിയെ, ‘കേരളീയൻ’ ആയി പരിഗണിക്കും. കേരളീയർക്കേ സാമുദായിക/വിശേഷാൽ/ഭിന്നശേഷി സംവരണങ്ങൾ, ഏതെങ്കിലും ഫീസിളവുകൾ, എന്നിവ കിട്ടുകയുള്ളൂ. കേരള കേഡറിലുള്ള കേരളീയരല്ലാത്ത, അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരുടെ മക്കളെ കേരളീയരായി പരിഗണിക്കും. എന്നാൽ, സംവരണ ആനുകൂല്യങ്ങൾ, ഫീസിളവ് എന്നിവയ്ക്ക് ഇവർക്ക് അർഹതയില്ല.

കേരളീയൻ-എന്തുരേഖ നൽകണം: കേരളീയൻ അർഹതയ്ക്ക് ഒട്ടേറെ രേഖകൾ അംഗീകരിച്ചിട്ടുണ്ട്. അവയിലൊന്ന് നൽകണം. കേരളത്തിലെ ജനനസ്ഥലം അതിൽവേണം. രേഖകൾ ഇവയിലൊന്നാകാം.

* എസ്.എസ്.എൽ.സി./ജനനസർട്ടിഫിക്കറ്റ് (അപേക്ഷാർഥിയുടെ പേര് വേണം)/പാസ്പോർട്ട് എന്നിവയിലൊന്നിന്റെ/ബന്ധപ്പെട്ട പേജിന്റെ പകർപ്പ്

* അപേക്ഷാർഥി കേരളത്തിൽ ജനിച്ചു എന്നു വ്യക്തമാക്കുന്ന കേരളത്തിലെ വില്ലേജ് ഓഫീസർ/തഹസിൽദാരുടെ സർട്ടിഫിക്കറ്റ് (നിശ്ചിത ഫോർമാറ്റിൽ വാങ്ങി നൽകണം).

അച്ഛന്റെ/അമ്മയുടെ കേരളത്തിലെ ജനനസ്ഥലത്തിന്റെ അടിസ്ഥാനത്തിൽ ക്ലെയിംവെച്ചാൽ:

* അച്ഛന്റെ/അമ്മയുടെ കേരളത്തിലെ ജനനസ്ഥലം രേഖപ്പെടുത്തിയ എസ്.എസ്.എൽ.സി./ജനന സർട്ടിഫിക്കറ്റ്/പാസ്പോർട്ട്‌ എന്നിവയിലൊന്നിന്റെ/ബന്ധപ്പെട്ട പേജിന്റെ പകർപ്പും അതോടൊപ്പം അപേക്ഷാർഥിയും അച്ഛനും/അമ്മയും (ആരുടെ രേഖയാണോ നൽകുന്നത് ആ വ്യക്തിയുമായി) തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഔദ്യോഗിക, അനുബന്ധരേഖയും.

* അപേക്ഷാർഥിയുടെ അച്ഛൻ/അമ്മ കേരളത്തിൽ ജനിച്ചു എന്നു വ്യക്തമാക്കുന്ന കേരളത്തിലെ വില്ലേജ് ഓഫീസർ/തഹസിൽദാരുടെ സർട്ടിഫിക്കറ്റ് (നിശ്ചിത ഫോർമാറ്റിൽ-അപേക്ഷാർഥിയുടെ പേരുൾപ്പെടുന്ന സർട്ടിഫിക്കറ്റ്).

കേരളീയേതരൻ- l/II: അപേക്ഷാർഥി/അച്ഛൻ/അമ്മ കേരളത്തിൽ ജനിച്ചവരല്ലെങ്കിൽ അപേക്ഷാർഥി കേരളീയേതരൻ I/II വിഭാഗത്തിൽ പെടും.

കേരളീയേതരൻ-I: എട്ട് മുതൽ 12 വരെ ക്ലാസുകളിൽ കേരളത്തിൽ പഠിച്ചവർ, കഴിഞ്ഞ 12 വർഷത്തെ തന്റെ പഠനകാലയളവിൽ, കുറഞ്ഞത് അഞ്ചുവർഷം, കേരളത്തിൽ താമസിച്ചവർ എന്നിവരെ കേരളീയേതരൻ -I ആയി പരിഗണിക്കും. അപേക്ഷാർഥി, യോഗ്യതാ കോഴ്‌സിന് കേരളത്തിൽ പഠിക്കുകയും കേരളീയനല്ലാത്ത രക്ഷാകർത്താവ്, കേരളത്തിൽ ജോലി ചെയ്യുന്ന സായുധസേന/കേന്ദ്രസർക്കാർ ജീവനക്കാരൻ ആവുകയോ, കേരളസർക്കാരിനുവേണ്ടി രണ്ടുവർഷം ജോലിചെയ്ത/രണ്ടുവർഷമായി ജോലിചെയ്തുവരുന്ന ജീവനക്കാരൻ ആയിരിക്കുകയോ ചെയ്താലും അപേക്ഷാർഥിയെ, കേരളീയേതരൻ-I വിഭാഗത്തിൽ പരിഗണിക്കും. ഓരോരുത്തരും ഹാജരാക്കേണ്ട രേഖ പ്രോസ്പെക്ടസിൽ വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷയുടെ ഭാഗമായി, അവ അപ്‌ലോഡ് ചെയ്യണം.

കേരളീയേതരൻ-I വിഭാഗക്കാരെ, എല്ലാ കോഴ്‌സുകളിലും സ്റ്റേറ്റ് മെറിറ്റ് സീറ്റിലേക്കേ പരിഗണിക്കുകയുള്ളൂ. സംവരണ ആനുകൂല്യം, എന്തെങ്കിലും ഫീസിളവ് എന്നിവ കിട്ടില്ല.

കേരളീയൻ, കേരളീയേതരൻ-I എന്നിവയിൽ പെടാത്തവരെ, കേരളീയേതരൻ-II വിഭാഗമായി കണക്കാക്കും. പ്രോസ്പെക്ടസ് പ്രകാരമുള്ള രേഖ അപ്‌ലോഡ് ചെയ്യണം. ഇവരുടെ വിവിധ കോഴ്സുകളിലെ/സീറ്റുകളിലെ പ്രവേശന അർഹത പ്രോസ്പെക്ടസിൽ വിശദീകരിച്ചിട്ടുണ്ട്.

Content Highlights: KEAM 2023 registration begins,KEAM 2023 Application Form, Eligibility, Exam Dates, admission process

വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sanskrit University

2 min

സംസ്കൃത സർവ്വകലാശാലയിൽ ബിരുദ/ഡിപ്ലോമ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

Jun 3, 2023


media jobs

1 min

കേരള മീഡിയാ അക്കാദമിയിൽ പി.ജി. ഡിപ്ലോമ

May 27, 2023


Exam

2 min

യു.ജി.സി നെറ്റ് പരീക്ഷ ജൂണ്‍ 13 മുതല്‍; മേയ് 31 വരെ അപേക്ഷിക്കാം  | UGC NET 2023

May 18, 2023

Most Commented