പ്രതീകാത്മക ചിത്രം | Photo:gettyimages.in
ആയുർവേദ ബിരുദധാരികൾക്ക് അധിക പ്രായോഗിക പരിശീലനം നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചിരിക്കുന്ന ‘സർട്ടിഫിക്കറ്റ് കോഴ്സ് ഓഫ് ആയുർവേദ് വിദ്യാപീഠ്’ പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്രസർക്കാർ ആയുഷ് മന്ത്രാലയത്തിന്റെ ഫണ്ടിങ്ങോടെ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ രാഷ്ട്രീയ ആയുർവേദിക് വിദ്യാപീഠ് ആണ് ഒരുവർഷം ദൈർഘ്യമുള്ള പ്രോഗ്രാം നടത്തുന്നത്. സ്റ്റൈപ്പെൻഡ് ലഭിക്കും.
ആയുർവേദരംഗത്ത് 20 വർഷത്തിൽക്കൂടുതൽ പരിചയമുള്ള പ്രശസ്തരായ പണ്ഡിതർ, വിദഗ്ധർ, പ്രാക്ടീഷണർമാർ എന്നിവരെ കണ്ടെത്തി ഗുരു-ശിഷ്യ പരമ്പരരീതിയിൽ കോഴ്സുകൾ നടത്തുന്ന പദ്ധതിയുടെ ഭാഗമായാണിത്.
വ്യത്യസ്ത സവിശേഷമേഖലകളിലെ ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ പരിശീലനം ലഭിക്കുന്നു. പണ്ഡിതരുടെ ലഭ്യതയ്ക്കു വിധേയമായി കായചികിത്സ, സ്ത്രീരോഗ ആൻഡ് പ്രസ്തുതി തന്ത്ര, ക്ഷാർസൂത്ര, മർമചികിത്സ, ഭഗ്ന ആൻഡ് അസ്തി ചികിത്സ, ഷാലക്യ (നേത്രരോഗ), ഷാലക്യ (ദന്തരോഗ), മറ്റ് ക്ലിനിക്കൽ സവിശേഷമേഖലകൾ എന്നിവയിൽ പരിശീലന അവസരം ലഭിക്കും.
യോഗ്യത: അംഗീകൃത ബി.എ.എം.എസ്. (ആയുർവേദാചാര്യ) ബിരുദം വേണം. 2023 ജനുവരി 25-നകം ഇന്റേൺഷിപ്പ് പൂർത്തിയാക്കണം. എം.ഡി./എം.എസ്. (ആയുർവേദ) ബിരുദക്കാർക്കും അപേക്ഷിക്കാം.
പ്രവേശന പരീക്ഷ: ഫെബ്രുവരി അഞ്ചിന് നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. 100 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയ്ക്ക് ബി.എ.എം.എസ്. സിലബസ് അടിസ്ഥാനമാക്കി 100 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. ശരിയുത്തരത്തിന് ഒരു മാർക്ക് കിട്ടും. ഉത്തരം തെറ്റിയാൽ മാർക്ക് നഷ്ടപ്പെടില്ല. തൃശ്ശൂർ പരീക്ഷാകേന്ദ്രമാണ്.
അപേക്ഷ: അപേക്ഷാ ഫോറം, വിജ്ഞാപനം, പ്രോസ്പെക്ടസ് എന്നിവ ravdelhi.nic.in -ൽനിന്ന് ഡൗൺലോഡ് ചെയ്യാം. വെബ്സൈറ്റിലുള്ള ഗൂഗിൾ ഫോം നിർബന്ധമായും പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യണം. തുടർന്ന്, പൂരിപ്പിച്ച ഓഫ് ലൈൻ അപേക്ഷ ‘ഡയറക്ടർ, രാഷ്ട്രീയ ആയുർവേദ വിദ്യാപീഠ്, ധന്വന്തരി ഭവൻ, റോഡ് നമ്പർ 66, പഞ്ചാബി മാർഗ് (വെസ്റ്റ്), ന്യൂഡൽഹി-110 026, എന്ന വിലാസത്തിൽ 2023 ജനുവരി 25-നകം സ്പീഡ് പോസ്റ്റ്/കുറിയർ വഴിയോ നേരിട്ടോ ലഭിക്കണം.
Content Highlights: course certificate to begin in Rashtriya Ayurveda Vidyapeeth
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..