-
പ്ലസ്‌വണ്‍ ബയോളജിസയന്‍സ് വിദ്യാര്‍ഥിയാണ്. കോഴിക്കോട് എന്‍.ഐ.ടി. യില്‍ കംപ്യൂട്ടര്‍സയന്‍സ് വിത്ത് സൈബര്‍ സെക്യൂരിറ്റി പഠിക്കാന്‍ ആഗ്രഹമുണ്ട്. എങ്ങനെയാണ് മുന്നോട്ടുപോകേണ്ടത്?
അഞ്ജന, കോട്ടയം
കോഴിക്കോട് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എന്‍.ഐ.ടി.)യില്‍ ബി.ടെക്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് എന്ന പ്രോഗ്രാമാണുള്ളത്. ബി.ടെക്. കംപ്യൂട്ടര്‍ സയന്‍സ് വിത്ത് സൈബര്‍ സെക്യൂരിറ്റി എന്ന പ്രോഗ്രാം ലഭ്യമല്ല. എന്നാല്‍, കോട്ടയത്തുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി (ഐ.ഐ.ഐ.ടി.)യില്‍ ബി.ടെക്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് പ്രോഗ്രാമും കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ സൈബര്‍ സെക്യൂരിറ്റി എന്ന പ്രോഗ്രാമും ഉണ്ട്. ഈ സ്ഥാപനത്തിലെ പ്രവേശനം നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെ.ഇ.ഇ.) മെയില്‍ പേപ്പര്‍ 1 (ബി.ഇ./ബി.ടെക്. പ്രവേശനത്തിന്) റാങ്ക് അടിസ്ഥാനമാക്കി ജോയന്റ് സീറ്റ് അലോക്കേഷന്‍ അതോറിറ്റി (ജോസ) നടത്തുന്ന അലോട്ട്‌മെന്റ് വഴിയാണ്.
പ്രവേശനപ്രക്രിയയില്‍ പങ്കെടുക്കാന്‍ ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍ 1 അഭിമുഖീകരിക്കണം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ ചോദ്യങ്ങളുള്ള, മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണിത്. 2021 - 22 അക്കാദമിക് വര്‍ഷത്തെ പ്രവേശനത്തിന് നാല് സെഷനുകളില്‍ പരീക്ഷ നടത്തിയിരുന്നു. ഒന്നോ, ഒന്നില്‍ക്കൂടുതലോ (പരമാവധി നാല്) സെഷനുകള്‍ അഭിമുഖീകരിക്കാം. പെര്‍സന്റൈല്‍ സ്‌കോര്‍ തത്ത്വം ഉപയോഗിച്ചാണ് റാങ്ക് നിര്‍ണയിക്കുന്നത്. വിവരങ്ങള്‍ക്ക്: jeemain.nta.nic.in അലോട്ട്‌മെന്റ് വിവരങ്ങള്‍ക്ക്: josaa.nic.in
കോട്ടയം ഐ.ഐ.ഐ.ടി.യില്‍ 2021ലെ പ്രവേശനത്തില്‍ ആറ് റൗണ്ട് അലോട്ട്‌മെന്റ് പൂര്‍ത്തിയായപ്പോള്‍ ബി.ടെക്. കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് വിത്ത് സ്‌പെഷ്യലൈസേഷന്‍ ഇന്‍ സൈബര്‍ സെക്യൂരിറ്റി എന്ന പ്രോഗ്രാമില്‍, വിവിധ വിഭാഗങ്ങളില്‍ ജെന്‍ഡര്‍ന്യൂട്രല്‍ സീറ്റില്‍ അവസാനമായി അലോട്ട്‌മെന്റ് ലഭിച്ച ജെ.ഇ.ഇ. മെയിന്‍ പേപ്പര്‍ 1 റാങ്കുകള്‍: (ഓപ്പണ്‍ വിഭാഗത്തില്‍ ഓള്‍ ഇന്ത്യ റാങ്കും സംവരണ വിഭാഗങ്ങളില്‍ കാറ്റഗറി റാങ്കുമാണ് നല്‍കിയിരിക്കുന്നത്) ഓപ്പണ്‍ 35997, ഇ.ഡബ്ല്യു.എസ്. 6061, ഒ.ബി.സി.എന്‍.സി.എല്‍. 13576, എസ്.സി. 8657, എസ്.ടി 4333.
ജെന്‍ഡര്‍ന്യൂട്രല്‍ സീറ്റുകള്‍ കൂടാതെ പെണ്‍കുട്ടികള്‍ക്കായുള്ള ഫീമെയില്‍ ഒണ്‍ലി സീറ്റുകളും ഇവിടെയുണ്ട്. റൗണ്ട് ആറില്‍ അതിലെ അവസാന അലോട്ട്‌മെന്റ് റാങ്കുകള്‍ ഇപ്രകാരമായിരുന്നു. ഓപ്പണ്‍ 34227, ഒ.ബി.സി.എന്‍.സി.എല്‍. 14064, എസ്.സി. 9595.
ജോസ അലോട്ട്‌മെന്റില്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രമാണ് സൈബര്‍ സെക്യൂരിറ്റി സ്‌പെഷ്യലൈസേഷനോടെയുള്ള കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് പ്രോഗ്രാമുള്ളത്. ഇവിടെ എല്ലാ സീറ്റുകളും അഖിലേന്ത്യാതലത്തിലാണ് നികത്തുന്നത്. കേരളത്തിലെ കുട്ടികള്‍ക്കായി സീറ്റുകള്‍ സംവരണം ചെയ്തിട്ടില്ല.
Content Highlights: Computer science with cyber security at Kozhikode NIT
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..