Representative image
തിരുവനന്തപുരം: സഹകരണം പഠിക്കാൻ പുതിയ പാഠ്യപദ്ധതിയും പരിശീലനരീതിയുമായി പുതിയ കോഴ്സ് തുടങ്ങുന്നു. ഒരുവർഷത്തെ കോ-ഓപ്പറേറ്റീവ് ആൻഡ് ബാങ്ക് മാനേജ്മെന്റ് എന്ന പേരിലുള്ള പി.ജി. ഡിപ്ലോമ കോഴ്സിനാണ് സർക്കാർ അംഗീകാരം നൽകിയത്.
സഹകരണവകുപ്പിന് കീഴിലെ സ്വതന്ത്ര പരിശീലന സ്ഥാപനമായ അഗ്രിക്കൾച്ചറൽ കോ-ഓപ്പറേറ്റീവ് സ്റ്റാഫ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടാണ് (എ.സി.എസ്.ടി.ഐ.) കോഴ്സ് നടത്തുക. ആദ്യബാച്ചിനുള്ള അപേക്ഷ 18 മുതൽ സ്വീകരിക്കും.
എച്ച്.ഡി.സി., ജെ.ഡി.സി., ബി.കോം. കോ-ഓപ്പറേഷൻ, ബി.എസ്.സി. കോ-ഓപ്പറേറ്റീവ് ബാങ്കിങ് ആൻഡ് മാനേജ്മെന്റ് എന്നിവയാണ് സഹകരണപഠനത്തിനുള്ള കോഴ്സുകൾ. ഇതിൽ എച്ച്.ഡി.സി.യും ജെ.ഡി.സി.യും സഹകരണയൂണിയനാണ് നടത്തുന്നത്.
സാങ്കേതികമുന്നേറ്റംകൂടി കണക്കിലെടുത്ത് പുതിയ പാഠ്യപദ്ധതിയും പഠനരീതിയും ഉൾപ്പെടുത്തിയുള്ളതാണ് പുതിയ കോഴ്സെന്ന് എ.സി.എസ്.ടി.ഐ. ഡയറക്ടർ ഡോ. എം. രാമനുണ്ണി പറഞ്ഞു.
പി.എസ്.സി., സഹകരണ പരീക്ഷാബോർഡ് എന്നിവ മുഖേനെയാണ് സഹകരണസ്ഥാപനങ്ങളിലെ നിയമനം. അതിനാൽ, പുതിയ കോഴ്സ് സഹകരണസ്ഥാപനങ്ങളിലെ നിയമനത്തിനുള്ള യോഗ്യതയുടെ ഭാഗമാക്കി സർക്കാർ വിജ്ഞാപനമിറക്കണം. ഇതിന് നടപടിയെടുക്കാൻ എ.സി.എസ്.ടി.ഐ. സർക്കാരിന് അപേക്ഷ നൽകി.
യോഗ്യത ബിരുദം
50 ശതമാനം മാർക്കോടെയുള്ള ബിരുദമാണ് കോഴ്സിനുള്ള യോഗ്യത. പ്രവേശനപരീക്ഷ, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രായം 30 വയസ്സാണ്. സഹകരണസ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് 40 വയസ്സുവരെ അപേക്ഷിക്കാം. ഫോൺ: 9496598031.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..