പ്രതീകാത്മക ചിത്രം | ഫോട്ടോ: എൻ എം പ്രദീപ്
ആർമി വെൽഫെയർ എജ്യുക്കേഷൻ സൊസൈറ്റിയുടെ (എ.ഡബ്ല്യു.ഇ.എസ്.) കീഴിലുള്ള ആർമി കോളേജ് ഓഫ് നഴ്‌സിങ് (ജലന്ധർ കന്റോൺമെന്റ്), ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് (ഗുവാഹാട്ടി) എന്നിവ നടത്തുന്ന ബി.എസ്‌സി. നഴ്‌സിങ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
ഫരീദ്‌കോട്ട് ബാബ ഫരീദ് യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് അഫിലിയേഷനുള്ള ആർമി കോളേജ് ഓഫ് നഴ്‌സിങ്ങിലെ പ്രവേശനം, കരസേനയിൽ സേവനമനുഷ്ഠിക്കുന്നവരുടെയും വിരമിച്ചവരുടെയും പെൺമക്കൾക്കാണ്. പ്ലസ്‌ടുതല പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പഠിച്ച്, അവയ്ക്ക് മൂന്നിനുംകൂടി 45 ശതമാനം മാർക്ക് വാങ്ങിയും ഇംഗ്ലീഷ് വിഷയം ജയിച്ചും പാസായിരിക്കണം. മൊത്തം സീറ്റ് 60.
അസം ശ്രീമന്ദ ശങ്കരദേവ യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസ് അംഗീകാരമുള്ള ഗുവാഹാട്ടി ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്‌സിങ് പ്രവേശനത്തിന് പ്ലസ്‌ടു/തത്തുല്യ പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ പഠിച്ച് ഓരോന്നിനും 50 ശതമാനം മാർക്കുവാങ്ങി ആദ്യശ്രമത്തിൽത്തന്നെ ജയിച്ചിരിക്കണം. ഇവിടെയുള്ള 50 സീറ്റിൽ 90 ശതമാനം സീറ്റ് കരസേനയിൽ സേവനമനുഷ്ഠിക്കുന്നവരുടെയും വിരമിച്ചവരുടെയും പെൺമക്കൾക്ക് നീക്കിവെച്ചിട്ടുണ്ട്. ബാക്കി 10 ശതമാനം സീറ്റ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ (അസം, അരുണാചൽപ്രദേശ്, മേഘാലയ, മിസോറം, മണിപ്പുർ, നാഗാലാൻഡ്, ത്രിപുര) സിവിലിയൻ പെൺകുട്ടികൾക്കാണ്.
സ്ഥാപനം ഏതായാലും അപേക്ഷാർഥിയുടെ പ്രായം 2023 ഡിസംബർ 31-ന് 17-ൽ താഴെയോ 25-ൽ കൂടുതലോ ആയിരിക്കരുത്. പ്രവേശനപ്പരീക്ഷയുണ്ട്. ജൂൺ നാലിന് ഉച്ചയ്ക്ക് 2.30മുതൽ 4.30വരെ നടത്തുന്ന ഓൺലൈൻ അഡ്മിഷൻ ടെസ്റ്റിൽ ആപ്റ്റിറ്റ്യൂഡ് ഫോർ നഴ്‌സിങ് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നിവയിൽനിന്ന് ഒരു മാർക്കുവീതമുള്ള 20 വീതം ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. ഉത്തരംതെറ്റിയാൽ കാൽമാർക്കുവീതം നഷ്ടമാകും. താത്‌കാലികപരീക്ഷാകേന്ദ്രങ്ങളിൽ തിരുവനന്തപുരം/ചെന്നൈ ഉൾപ്പെടുന്നു. അപേക്ഷകരുടെ എണ്ണമനുസരിച്ച് ഇതിൽ മാറ്റംവരാം. അപേക്ഷ www.acn.co.in വഴി മേയ് 19 വരെ നൽകാം.
Content Highlights: BSc Nursing admissions at Army Nursing Colleges
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..