BITS Pilani Campus | Photo: BITS Pilani
രാജസ്ഥാനിലെ പിലാനി ആസ്ഥാനമായുള്ള ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് സയന്‍സ് (ബിറ്റ്‌സ് പിലാനി) 2023-24 അധ്യയന വര്‍ഷം ആരംഭിക്കുന്ന വിവിധ ഇന്റഗ്രേറ്റഡ് ഫസ്റ്റ് ഡിഗ്രി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്രസര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എമിനന്‍സ് പദവി നല്‍കിയ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നാണിത്. ബി.ഇ., ബി.ഫാം., എം.എസ്‌സി. പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. പിലാനി, ഗോവ, ഹൈദരാബാദ്, ദുബായ് എന്നിവിടങ്ങളിലെ കാമ്പസുകളിലാണ് പ്രവേശനം. ദുബായ് ഒഴികെയുള്ള കാമ്പസുകളിലേക്ക് പ്രവേശന പരീക്ഷയുണ്ടാകും. മേയിലും ജൂണിലുമായി രണ്ട് സെഷനുകളായാണ് പ്രവേശന പരീക്ഷ നടത്തുന്നത്. വിദ്യാര്‍ഥികള്‍ക്ക് ഏതെങ്കിലും ഒരു സെഷനിലോ അല്ലെങ്കില്‍ രണ്ട് സെഷനുകളിലുംകൂടിയോ പരീക്ഷ എഴുതാന്‍ അവസരം ലഭിക്കും.
കോഴ്‌സുകള്‍
ബി.ഇ.: കെമിക്കല്‍ എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ്, കംപ്യൂട്ടര്‍ സയന്‍സ്, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, മാനുഫാക്ചറിങ് എന്‍ജിനീയറിങ്, ബയോടെക്‌നോളജി.
ബി.ഫാം.
എം.എസ്‌സി.: ബയോളജിക്കല്‍ സയന്‍സസ്, കെമിസ്ട്രി, ഇക്കണോമിക്‌സ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ജനറല്‍ സ്റ്റഡീസ്.
യോഗ്യത
ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നിവയുള്‍പ്പെട്ട ഗ്രൂപ്പില്‍ 75 ശതമാനം മാര്‍ക്കില്‍ കുറയാത്ത പന്ത്രണ്ടാംക്ലാസ് വിജയം/ തത്തുല്യം. ഓരോ വിഷയത്തിനും കുറഞ്ഞത് 60 ശതമാനം മാര്‍ക്കും ഇംഗ്ലീഷ് ഭാഷാപ്രാവീണ്യവും ഉണ്ടായിരിക്കണം. ബി.ഫാം. കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയുള്‍പ്പെട്ട ഗ്രൂപ്പില്‍ പഠിച്ചവരെയും പരിഗണിക്കും. 2022-ല്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്കും 2023-ല്‍ അവസാന വര്‍ഷ പരീക്ഷയെഴുതുന്നവര്‍ക്കും അപേക്ഷിക്കാം.
www.bitsadmission.com എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കണം. ഫീസ്: ആദ്യസെഷന്‍ പ്രവേശനപരീക്ഷ മാത്രമാണ് എഴുതുന്നതെങ്കില്‍ പുരുഷന്മാര്‍ക്ക് 3400 രൂപയും വനിതകള്‍ക്ക് 2900 രൂപയുമാണ് ഫീസ്. രണ്ടു സെഷനുകളിലേക്കും അപേക്ഷിക്കാന്‍ പുരുഷന്മാര്‍ക്ക് 5400 രൂപയും വനിതകള്‍ക്ക് 4400 രൂപയുമാണ് ഫീസ്. ദുബായ് സെന്ററിലേക്ക് പരീക്ഷയെഴുതാന്‍ ആദ്യ സെഷനില്‍ 7000 രൂപ, രണ്ടു സെഷനുകളിലേക്കുംകൂടി 9000 രൂപ എന്നിങ്ങനെയാണ് ഫീസ്. രണ്ടാം സെഷനിലേക്ക് മാത്രമായി അപേക്ഷിക്കാനുള്ള ആപ്ലിക്കേഷന്‍ വിന്‍ഡോ മേയ് 23-ന് തുറക്കും.അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: ഏപ്രില്‍ 9.
ബിറ്റ്‌സ് ലോ സ്‌കൂള്‍ ആരംഭിച്ചു
ബിറ്റ്‌സ് പിലാനി ഗ്രേറ്റര്‍ മുംബൈയില്‍ ആരംഭിച്ച ബിറ്റ്‌സ് ലോ സ്‌കൂളില്‍ ഈ മാസം പ്രവേശനം ആരംഭിക്കുന്ന കോഴ്‌സുകളുടെ ക്ലാസുകള്‍ ആഗസ്റ്റ് ഒന്നിന് ആരംഭിക്കും. ബിറ്റ്‌സ് ലോ സ്‌കൂളില്‍ അഞ്ചുവര്‍ഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍, ബി.എ. എല്‍.എല്‍.ബി (ഓണേഴ്‌സ്), ബി.ബി.എ. എല്‍.എല്‍.ബി (ഓണേഴ്‌സ്) എന്നി കോഴ്‌സുകളാണ് ഉള്ളത്. ടെക്‌നോളജി & മീഡിയ ലോ, വിനോദം & കായിക നിയമം, കോര്‍പ്പറേറ്റ് & സാമ്പത്തിക നിയമം, തര്‍ക്ക പരിഹാരവും മധ്യസ്ഥതയും എന്നീ സ്‌പെഷ്യലൈസേഷനുകളാണ് കോഴിസില്‍ ഉള്‍പ്പെടുന്നത്. മികച്ച വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകളും ലഭ്യമാണ്.
മുന്‍ ചീഫ് ജസ്റ്റിസ് യു.യു.ലളിത്, ജസ്റ്റിസ്് ബി.എന്‍. ശ്രീകൃഷ്ണ, പല്ലവി ഷ്‌റോഫ്, ഹൈഗ്രേവ് ഖൈതാന്‍, പ്രൊഫസര്‍ ഡോ. ആശിഷ് ഭരദ്വാജ് എന്നിവരടങ്ങിയതാണ് ബിറ്റ്‌സ് ലോ സ്‌കൂളിന്റെ ഉപദേശകസമിതി.
Content Highlights: Birla Institute of Technology and Science, Pilani (BITS Pilani) Admissions 2023
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..