പ്രതീകാത്മക ചിത്രം | Photo: AFP
ഇന്ത്യൻ നേവി 2023 ജൂലായിൽ ആരംഭിക്കുന്ന 10+2 (ബി.ടെക്.) കാഡറ്റ് എൻട്രി പദ്ധതിപ്രകാരമുള്ള ബി.ടെക്. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. കണ്ണൂർ ഏഴിമല നേവൽ അക്കാദമിയിലാണ് പരിശീലനം. ബി.ടെക്. ബിരുദം ജവാഹർലാൽ നെഹ്രു സർവകലാശാല (ജെ.എൻ.യു.) നൽകും. പഠനവും പരിശീലനവും സൗജന്യം. തുടർന്ന് നേവിയിൽ ഓഫീസറായി സ്ഥിരം കമ്മിഷൻ നിയമനം ലഭിക്കും.
യോഗ്യത
പ്ലസ്ടു സയൻസ് സ്ട്രീമിൽ ജയിച്ച അവിവാഹിതരായ ആൺകുട്ടികൾക്കാണ് അവസരം. 2004 ജനുവരി രണ്ടിനും 2006 ജൂലായ് ഒന്നിനും ഇടയ്ക്ക് (രണ്ടുദിവസങ്ങളും ഉൾപ്പെടെ) ജനിച്ചവരാകണം. 10+2/തത്തുല്യ പ്രോഗ്രാം, ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളെടുത്ത് ഈ മൂന്നു വിഷയങ്ങൾക്കുംകൂടി 70 ശതമാനം മാർക്കുവാങ്ങി ജയിക്കണം. 10-ലോ 12-ലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്ക് വാങ്ങണം. 2022-ൽ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) നടത്തിയ ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) മെയിൻ പേപ്പർ 1 (ബി.ഇ./ബിടെക്. പ്രവേശനത്തിന്) അഭിമുഖീകരിക്കണം.
കോമൺ റാങ്ക് ലിസ്റ്റിലെ (സി.ആർ.എൽ.) അഖിലേന്ത്യാ റാങ്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ടമായ സർവീസ് സെലക്‌ഷൻ ബോർഡിന് (എസ്.എസ്.ബി.) ഷോർട്ട് ലിസ്റ്റ് ചെയ്യുന്നത്.
എസ്.എസ്.ബി. ഇന്റർവ്യൂ
എസ്.എസ്.ബി. ഇന്റർവ്യൂ 2023 മാർച്ച് മാസത്തിൽ ബെംഗളൂരു/ഭോപാൽ/കൊൽക്കത്ത/വിശാഖപട്ടണം എന്നീ കേന്ദ്രങ്ങളിലായി പ്രതീക്ഷിക്കാം. സായുധസേനയിൽ ഓഫീസറായി പ്രവർത്തിക്കുവാനുള്ള അപേക്ഷകരുടെ അഭിരുചി (ഓഫീസർ ലൈക്ക് ക്വാളിറ്റീസ്) ഇതിൽ വിലയിരുത്തപ്പെടും. അവയിൽ ആസൂത്രണ, സംഘാടനമികവ്, സാമൂഹിക പരിതസ്ഥിതികളോട് ഇണങ്ങാനുള്ള കഴിവ്, ചലനാത്മകത, സാമൂഹിക പൊരുത്തപ്പെടൽ തുടങ്ങിയവ ഉൾപ്പെടും.
ഇന്റലിജൻസ് ടെസ്റ്റ്, പിക്ചർ പെർസപ്ഷൻ ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ എന്നിവയാണ് ആദ്യഘട്ടത്തിൽ. സൈക്കോളജി ടെസ്റ്റ്, ഗ്രൂപ്പ് ടെസ്റ്റിങ്, ഇന്റർവ്യൂ എന്നിവയാണ് രണ്ടാം ഘട്ടത്തിൽ. തുടർന്ന് മെഡിക്കൽ പരിശോധന.
ബ്രാഞ്ചുകൾ
തിരഞ്ഞെടുക്കപ്പെടുന്നവർകാഡറ്റുകളായി നേവൽ അക്കാദമിയിൽ നേവിയുടെ ആവശ്യകതയ്ക്കനുസരിച്ച് അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചുകളിലൊന്നിൽ നാലുവർഷത്തെ എൻജിനിയറിങ് പഠനത്തിന് എൻറോൾ ചെയ്യപ്പെടും.
നിയമനം
കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവരെ കമ്മിഷൻഡ് റാങ്കോടെ നിയമിക്കും. ആദ്യനിയമനം സബ് ലെഫ്റ്റനൻറ് റാങ്കിൽ. അടിസ്ഥാനശമ്പളം 56,100 രൂപയും മിലിട്ടറി സർവീസ് പേ 15,500 രൂപയും. മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും. പടിപടിയായി ഉയർന്ന റാങ്കുകളിലേക്കു നീങ്ങാം.
എജ്യുക്കേഷൻ ബ്രാഞ്ചിൽ അഞ്ചും എക്സിക്യുട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിൽ 30 ഒഴിവുകളുണ്ട്. എക്സിക്യുട്ടീവ് ബ്രാഞ്ചിലേക്കോ ടെക്നിക്കൽ (എൻജിനിയറിങ് ആൻഡ് ഇലക്‌ട്രിക്കൽ) ബ്രാഞ്ചിലേക്കോ ഉള്ള നിയമനം നേവി തീരുമാനിക്കും. പരിശീലനചെലവ് പൂർണമായും ഇന്ത്യൻ നേവി വഹിക്കും.
അപേക്ഷ
www.joinindiannavy.gov.in വഴി ഫെബ്രുവരി 12 വരെ അപേക്ഷിക്കാം. എജ്യുക്കേഷൻ ബ്രാഞ്ചിലേക്കോ എക്സിക്യുട്ടീവ് ആൻഡ് ടെക്നിക്കൽ ബ്രാഞ്ചിലേക്കോ രണ്ടിലേക്കുമോ ഒരപേക്ഷവഴി മുൻഗണന നൽകാം.
Content Highlights: applications now open for indian navy
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..