പ്രതീകാത്മക ചിത്രം | Photo:gettyimages.in
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് മാനേജ്മെൻറ് (ഐ.ഐ.എം.) പോസ്റ്റ് ഗ്രാജ്വേറ്റ്, ഫെലോ/ഡോക്ടറൽ തല പ്രോഗ്രാമുകളിലെ പ്രവേശനത്തിന് നടത്തുന്ന കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) നവംബർ 27-ന് മൂന്നുസെഷനുകളിലായി നടത്തും.
പ്രവേശനസ്ഥാപനങ്ങൾ
അഹമ്മദാബാദ്, അമൃത്സർ, ബെംഗളൂരു, ബോധ്ഗയ, കൊൽക്കത്ത, ഇന്ദോർ, ജമ്മു, കാഷിപുർ, കോഴിക്കോട്, ലഖ്നൗ, നാഗ്പുർ, റായ്പുർ, റാഞ്ചി, റോഹ്തക്, സാംബൽപുർ, ഷില്ലോങ്, സിർമോർ, തിരുച്ചിറപ്പള്ളി, ഉദയ്പുർ, വിശാഖപട്ടണം എന്നീ 20 ഐ.ഐ.എമ്മിലെ പ്രവേശനമാണ് ‘കാറ്റി’ന്റെ പരിധിയിൽ വരുന്നത്. ഓരോ ഐ.ഐ.എമ്മിനും അവരുടേതായ പ്രവേശനരീതിയുണ്ടാകും. ചില ഇതര സ്ഥാപനങ്ങളും കാറ്റ്-2022 സ്കോർ ഉപയോഗിച്ച് മാനേജ്മെൻറ് പ്രോഗ്രാം പ്രവേശനം നടത്തും. ഈ സ്ഥാപനങ്ങളുടെ പട്ടിക www.iimcat.ac.in-ൽ.
പ്രോഗ്രാമുകൾ
വിവിധ സ്പെഷ്യലൈസേഷനുകളിലെ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം (പി.ജി.പി.) വിവിധ സ്പെഷ്യലൈസേഷനുകളിലെ എം.ബി.എ. എന്നിവയിലൊന്ന് എല്ലായിടത്തും ഉണ്ട്.
പി.ജി. തലത്തിലെ ചില സ്പെഷ്യലൈസേഷനുകൾ ഇവയാണ്: ഫുഡ് ആൻഡ് അഗ്രിബിസിനസ് മാനേജ്മെൻറ്, ബിസിനസ് അനലറ്റിക്സ്, ഹ്യൂമൺ റിസോഴ്സസ് മാനേജ്മെൻറ്, അനലറ്റിക്സ്, അഗ്രിബിസിനസ് മാനേജ്മെൻറ്, ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് ഹെൽത്ത് കെയർ മാനേജ്മെൻറ്, സസ്റ്റെയ്നബിൾ മാനേജ്മെൻറ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് തുടങ്ങിയവ. കോഴിക്കോട് ഐ.ഐ.എമ്മിൽ ബിസിനസ് ലീഡർഷിപ്പ്, ഫിനാൻസ്, ലിബറൽ സ്റ്റഡീസ് ആൻഡ് മാനേജ്മെൻറ് എന്നിവയിലും പി.ജി. പ്രോഗ്രാമുകളുണ്ട്. സ്ഥാപനം തിരിച്ചുള്ള പ്രോഗ്രാം ലഭ്യത www.iimcat.ac.in-ൽ.
യോഗ്യത
ഏതെങ്കിലും വിഷയത്തിൽ ബിരുദം/തുല്യ യോഗ്യത. യോഗ്യതാപ്രോഗ്രാമിന്റെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം. സി.എ./സി.എസ്./ഐ.സി.ഡബ്ല്യു.എ./എഫ്.ഐ.എ.ഐ. തുടങ്ങിയ പ്രൊഫഷണൽ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
പരീക്ഷ
കംപ്യൂട്ടർ അടിസ്ഥാനപരീക്ഷ (സി.ബി.ടി.) ആയി മൂന്ന് ഷിഫ്റ്റിൽ നടത്തും. ദൈർഘ്യം രണ്ടുമണിക്കൂർ. മൂന്നുവിഭാഗങ്ങളിൽനിന്നും ചോദ്യങ്ങളുണ്ടാകും. സെക്ഷൻ I: വെർബൽ എബിലിറ്റി ആൻഡ് റീഡിങ് കോംപ്രിഹെൻഷൻ, സെക്ഷൻ II: ഡേറ്റാ ഇൻറർപ്രറ്റേഷൻ ആൻഡ് ലോജിക്കൽ റീസണിങ്, സെക്ഷൻ III: ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി. മോക് ടെസ്റ്റ് കാറ്റ് വെബ്സൈറ്റിൽ ലഭ്യമാക്കും. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ: കണ്ണൂർ, കോട്ടയം, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കൊല്ലം, തൃശ്ശൂർ.
അപേക്ഷ
www.iimcat.ac.in വഴി ഓഗസ്റ്റ് മൂന്നിന് രാവിലെ 10 മുതൽ സെപ്റ്റംബർ 14-ന് വൈകീട്ട് അഞ്ചുവരെ നൽകാം. ഫലം ജനുവരി രണ്ടാംവാരം പ്രതീക്ഷിക്കാം. സ്കോർ സാധുത 2023 ഡിസംബർ 31 വരെ.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..