Representational Image (Photo: Canva)
ഇന്ത്യ ഉള്‍പ്പെടെയുള്ള ക്വാഡ് രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് അമേരിക്കയില്‍ ഗവേഷണത്തിന് അവസരമൊരുക്കുന്ന ക്വാഡ് ഫെലോഷിപ്പിന് അപേക്ഷിക്കാം. ഒരുവര്‍ഷത്തേക്കാണ് ഫെലോഷിപ്പ്. മികച്ച അക്കാദമിക് മികവാണ് മാനദണ്ഡം. ഫെലോഷിപ്പ് കാലാവധിയില്‍ അമേരിക്കയിലെ ഏതെങ്കിലും സര്‍വകലാശാലകളില്‍ പി.ജി. അല്ലെങ്കില്‍ പിഎച്ച്.ഡി. വിദ്യാര്‍ഥിയാകണം. സയന്‍സ്, ടെക്നോളജി, എന്‍ജിനിയറിങ്, മാത്തമാറ്റിക്സ് (എസ്.ടി.ഇ.എം.) വിഷയങ്ങളില്‍ ഒരുവര്‍ഷം ഗവേഷണം ചെയ്യാനുമുള്ള സാമ്പത്തികസഹായമാണ് ലഭിക്കുക. മികച്ച വിദ്യാര്‍ഥികള്‍ക്കാണ് അവസരം ലഭിക്കുക എന്നതുകൊണ്ട് പ്രവേശനം കഠിനമാവും.
യോഗ്യത
ക്വാഡ് രാജ്യങ്ങളിലെ 18 വയസ്സുതികഞ്ഞ പൗരന്മാര്ക്കും സ്ഥിരതാമസക്കാര്‍ക്കും മാത്രം അപേക്ഷിക്കാം. ബിരുദധാരികള്‍ക്കോ 2023 ഓഗസ്റ്റിനുമുമ്പ് ബിരുദം ലഭിക്കുന്നവര്‍ക്കോ ഈവര്‍ഷം അപേക്ഷിക്കാം. ജൂണ്‍ 30 അവസാന തീയതി.
ഫെലോഷിപ്പ്
അമ്പതിനായിരം ഡോളര്‍ (ഏകദേശം നാല്പതുലക്ഷം ഇന്ത്യന്‍ രൂപ) സമ്മാനത്തുക ലഭിക്കും. ഗവേഷണം, പുസ്തകങ്ങള്‍, ട്യൂഷന് ഫീസ്, യാത്ര, താമസം എന്നീ ആവശ്യങ്ങള്‍ക്കായി തുക വിനിയോഗിക്കാം. ഇതിലുപരി ആവശ്യാനുസരണം ഇരുപത്തിഅയ്യായിരം ഡോളര്‍വരെ സഹായം ലഭിക്കുന്നതിനുള്ള അവസരം ഉണ്ടാകും.
ഗുണങ്ങള്‍
ആദ്യമായാണ് ഈ ഫെലോഷിപ്പിനായുള്ള അപേക്ഷകള്‍ ക്ഷണിക്കുന്നത്. ശാസ്ത്രഗവേഷണത്തിനായി ലോകത്തില്‍ ഏറ്റവുമധികം തുക മാറ്റിവെക്കുന്ന രാജ്യമാണ് അമേരിക്ക. എസ്.ടി.ഇ.എം. മേഖലയില്‍ ഗവേഷകപ്രബന്ധങ്ങള് അവതരിപ്പിക്കുന്ന ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഗവേഷണ കോണ്‍ഫറന്‍സുകള്‍ നടക്കുന്നത് അമേരിക്കയിലാണ്. ഇവിടെ ഗവേഷണത്തിന് അവസരം ലഭിച്ചാല്‍ ഈ കോണ്‍ഫറന്‍സുകളില്‍ എളുപ്പത്തില്‍ പങ്കെടുക്കാന്‍ സാധിക്കുകയും ഓരോ മേഖലയിലെയും ലോകത്തെ വിദഗ്ധരെ പരിചയപ്പെടാനും അവരില്‍നിന്നു നേരിട്ട് ഗവേഷണരീതികള്‍ മനസ്സിലാക്കാനും കഴിയും. പല രാജ്യങ്ങളില്‍നിന്നുള്ള സമാനമായ ഗവേഷണം നടത്തുന്ന മറ്റുള്ള ഗവേഷകസംഘങ്ങളെ പരിചയപ്പെടാനും ഭാവിയില്‍ അവരുമായി യോജിച്ചുപ്രവര്ത്തിക്കാനുമുള്ള അവസരങ്ങള്‍ ലഭിക്കും. അവസാന തീയതി: ജൂണ്‍ 30. വിവരങ്ങള്‍ക്ക്: www.quadfellowship.org
(അമേരിക്കയിലെ മിനസോട്ട സര്‍വകലാശാലയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ പിഎച്ച്.ഡി. നേടിയ ലേഖകന്‍ ഇപ്പോള്‍ ഐ.ഐ.ടി. ഗോവയില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്).
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..