Mamata Banerjee | Photo: ANI
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തേക്ക് ഗവര്‍ണറെ മാറ്റി മുഖ്യമന്ത്രിയെ കൊണ്ടുവരാനൊരുങ്ങി മമതാ ബാനര്‍ജി സര്‍ക്കാര്‍. മുഖ്യമന്ത്രിയെ സംസ്ഥാന സര്‍വകലാശാലകളുടെ ചാന്‍സലര്‍ ആക്കാനുള്ള നിര്‍ദേശത്തിന് കാബിനറ്റ് അംഗീകാരം നല്കി. രാജ്യത്ത് നിലവില്‍ പാലിച്ചുവരുന്ന സമ്പ്രദായപ്രകാരം, സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് ഗവര്‍ണറെയാണ് നിയമിക്കാറ്.
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുക, മറ്റ് നിര്‍ണായക ഭരണതീരുമാനങ്ങള്‍ കൈക്കൊള്ളുക തുടങ്ങിയ കാര്യങ്ങള്‍ ചാന്‍സലറുടെ ചുമതലയാണ്. നിലവിലെ ഈ സംവിധാനം മാറ്റി മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ചാന്‍സലര്‍ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് പശ്ചിമബംഗാള്‍ സര്‍ക്കാരിന്റെ നീക്കം.
വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനമെടുത്തത്. ബംഗാള്‍ വിദ്യാഭ്യാസ മന്ത്രി ബ്രത്യ ബസു ഇക്കാര്യം സ്ഥിരീകരിച്ചു. രാജ്ഭവന്റെ അനുമതിയില്ലാതെ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതായി ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖര്‍ നേരത്തെ ആരോപിച്ചിരുന്നു. സര്‍ക്കാരിന്റെ ഈ നീക്കത്തോടെ മമതാ സര്‍ക്കാര്‍-ജഗദീപ് ധന്‍കാര്‍ പോരു മുറുകാനാണ് സാധ്യത.
ഗവര്‍ണര്‍ക്ക് പകരം മുഖ്യമന്ത്രി ചാന്‍സലര്‍ സ്ഥാനത്തേക്കെത്തണമെങ്കില് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ ഇത് സംബന്ധിച്ച ബില്‍ പാസാക്കുകയും നിലവിലെ നിയമം മാറ്റുകയും വേണം. പാസായ ബില്‍ നിയമമാകാന്‍ ഗവര്‍ണറുടെ അംഗീകാരവും ആവശ്യമാണ്.
സംസ്ഥാന സര്‍വകലാശാലകളുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍- സര്‍ക്കാര്‍ തര്‍ക്കം ഇതാദ്യമല്ല. കേരളം, തമിഴ്നാട്, മഹാരാഷ്ട്രാ സംസ്ഥാനങ്ങളില്‍ സമാനതര്ക്കം ഉടലെടുത്തിരുന്നു. സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെ നിയമനാധികാരവുമായി സ്റ്റാലിന് സര്‍ക്കാര്‍ തമിഴ്നാട്ടില്‍ കരട് നിയമം പാസാക്കിയിരുന്നു. മഹാരാഷ്ട്രയിലും സമാന സാഹചര്യമുണ്ടായിട്ടുണ്ട്. സര്‍വകലാശാലാ വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും കേരള സര്‍ക്കാരും തമ്മിലും കൊമ്പുകോര്‍ത്തിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..