പ്രതീകാത്മക ചിത്രം | Photo: gettyimages.in
അംഗീകൃത സർക്കാർ/സ്വകാര്യ വെറ്ററിനറി കോളേജുകളിലെ ബാച്ച്ലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡ്രി (ബി.വി.എസ്സി. ആൻഡ് എ.എച്ച്.) പ്രോഗ്രാമിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റ് കൗൺസിലിങ്ങിന്റെ ആദ്യ റൗണ്ട് നടപടികൾ നവംബർ 28-ന് vci.admissions.nic.in -ൽ ആരംഭിക്കും. വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യ ആണ് കൗൺസിലിങ് നടത്തുന്നത്. പ്രക്രിയയിൽ രണ്ട് റെഗുലർ റൗണ്ടുകളും തുടർന്ന് മോപ് അപ് റൗണ്ടും സ്ട്രേ റൗണ്ടും ഉണ്ടാകും.
നീറ്റ് യു.ജി. യോഗ്യത നേടണം
അപേക്ഷകർ ഇന്ത്യക്കാരായിരിക്കണം. ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒ.സി.ഐ.)/പേഴ്സൺസ് ഓഫ് ഇന്ത്യൻ ഒറിജിൻ (പി.ഐ.ഒ.) വിഭാഗക്കാർക്കും പങ്കെടുക്കാം. അവരെ ജനറൽ കാറ്റഗറി വിഭാഗത്തിൽ പരിഗണിക്കും. അപേക്ഷകർക്ക് 2022 ഡിസംബർ 31-ന് കുറഞ്ഞത് 17 വയസ്സുണ്ടാകണം. നീറ്റ് യു.ജി. 2022 യോഗ്യത നേടണം.
പ്ലസ്ടുതല യോഗ്യതാപരീക്ഷ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ബയോടെക്നോളജി എന്നീ വിഷയങ്ങൾ പഠിച്ച്, ഓരോന്നും ജയിച്ച്, മൊത്തം 50 ശതമാനം മാർക്ക് (എസ്.സി./എസ്.ടി./സ്പെഷ്യൽ വിഭാഗങ്ങൾക്ക്- 47.5 ശതമാനം) വാങ്ങി ജയിച്ചിരിക്കണം. നീറ്റ് റാങ്ക് പരിഗണിച്ചാകും അലോട്മെന്റ്. ചില ഭിന്നശേഷിവിഭാഗക്കാരെ അലോട്മെൻറിനായി പരിഗണിക്കുന്നതല്ല. ഇതിന്റെ വിവരങ്ങൾ ഇൻഫർമേഷൻ ബുള്ളറ്റിനിലുണ്ട്.
രജിസ്ട്രേഷൻ
ആദ്യ റൗണ്ട് ചോയ്സ് ഫില്ലിങ്ങിനായി രജിസ്റ്റർചെയ്ത് ഫീസടയ്ക്കണം. 28-ന് രാവിലെ 10 മുതൽ 30-ന് വൈകീട്ട് ആറുവരെ ഇതിന് സമയമുണ്ട്. രജിസ്ട്രേഷൻ ഫീസ് 1000 രൂപ. ഇ.ഡബ്ല്യു.എസ്./ഒ.ബി.സി. വിഭാഗങ്ങൾക്ക് 900 രൂപയും പട്ടിക/ഭിന്നശേഷി/ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് 500 രൂപയും. നെറ്റ് ബാങ്കിങ്/ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് വഴി തുക അടയ്ക്കാം.
ചോയ്സ് ഫില്ലിങ്, ലോക്കിങ്
രജിസ്റ്റർചെയ്ത് ഫീസ് അടച്ചശേഷം 29-ന് രാവിലെ 10 മുതൽ ഡിസംബർ രണ്ടിന് വൈകീട്ട് ആറുവരെ സ്ഥാപനങ്ങൾ മുൻഗണനക്രമത്തിൽ തിരഞ്ഞെടുത്ത് ചോയ്സ് ഫില്ലിങ്, ലോക്കിങ് നടത്താം.
ആദ്യ അലോട്മെന്റ്
ആദ്യ അലോട്മെൻറ് ഫലം ഡിസംബർ അഞ്ചിന് രാവിലെ 10-ന് പ്രഖ്യാപിക്കും. കോളേജിൽ പ്രവേശനം നേടാൻ ഒൻപതുവരെ സമയം ഉണ്ടാകും. ആദ്യറൗണ്ടിൽ സീറ്റ് ലഭിച്ച് പ്രവേശനം നേടാത്തവർക്ക് തുടർറൗണ്ടിൽ പങ്കെടുക്കാൻ കഴിയില്ല.
രണ്ടാം റൗണ്ടിനുള്ള പുതിയ രജിസ്ട്രേഷനും (ആദ്യ റൗണ്ടിനു രജിസ്റ്റർചെയ്യാത്തവർ/ആദ്യ റൗണ്ടിൽ രജിസ്റ്റർചെയ്ത് ഫീസടയ്ക്കാത്തവർ) ഫീസ് അടയ്ക്കലും 12-ന് രാവിലെ 10 മുതൽ 14-ന് വൈകീട്ട് ആറുവരെ. ചോയ്സ് ഫില്ലിങ് ആൻഡ് ലോക്കിങ്: 13-ന് രാവിലെ 10 മുതൽ 15-ന് വൈകീട്ട് ആറുവരെ. ആദ്യ റൗണ്ടിൽ രജിസ്റ്റർചെയ്ത് ഫീസടച്ച് രണ്ടാംറൗണ്ടിന് അർഹതയുള്ളവർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല.
റീ ചോയ്സ് ഫില്ലിങ്
ആദ്യറൗണ്ട് സീറ്റിൽ പ്രവേശനം നേടിയവർക്ക് റീ ചോയ്സ് ഫില്ലിങ് നടത്തി രണ്ടാംറൗണ്ടിൽ അപ്ഗ്രഡേഷന് അവസരം ഉണ്ടാകും. അവർക്ക് രണ്ടാംറൗണ്ടിൽ മാറ്റം വന്നാൽ, ആദ്യ റൗണ്ടിലെ സീറ്റ് നഷ്ടപ്പെടും.
രണ്ടാം റൗണ്ട് ഫലം 17-ന് രാവിലെ 10-ന്. പ്രവേശനം 23-നകം നേടണം.
മോപ് അപ് റൗണ്ട്
മോപ് അപ് നടപടികൾ 24-ന് രാവിലെ 10-ന് ആരംഭിക്കും. ഇതിൽ പങ്കെടുക്കുന്നവർ എല്ലാവരും മോപ് അപ് റൗണ്ട് ഫീസ് (സെക്യൂരിറ്റി തുക) ആയി 10,000 രൂപ (പട്ടിക/ഭിന്നശേഷി/ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 5000 രൂപ) അടയ്ക്കണം. ആദ്യ രണ്ടു റൗണ്ടുകളിൽ സീറ്റ് അലോട്ടുചെയ്യപ്പെട്ടവർക്ക് മോപ് അപ് റൗണ്ടിൽ പങ്കെടുക്കാൻ അർഹതയില്ല (പ്രവേശനം നേടിയാലും ഇല്ലെങ്കിലും).
മോപ് അപ് റൗണ്ടിലേക്ക് പുതിയ രജിസ്ട്രേഷൻ അനുവദിക്കും. അവർ രജിസ്ട്രേഷൻ ഫീസും മോപ് അപ് റൗണ്ട് ഫീസും അടയ്ക്കണം. ആദ്യ രണ്ടുറൗണ്ടുകളിലും അലോട്മെൻറ്് ലഭിക്കാത്തവർ മോപ് അപ് റൗണ്ടിൽ പങ്കെടുക്കുന്നപക്ഷം മോപ് അപ് റൗണ്ട് ഫീസ് മാത്രം അടച്ചാൽമതി. രജിസ്ട്രേഷൻ ഫീസ് വീണ്ടും അടയ്ക്കേണ്ടതില്ല. എല്ലാവരും ചോയ്സ് ഫില്ലിങ് നടത്തണം.
മോപ് അപ് റൗണ്ട് രജിസ്ട്രേഷൻ, രജിസ്ട്രേഷൻ ഫീസടയ്ക്കൽ (രണ്ടും ബാധകമെങ്കിൽ), മോപ് അപ് റൗണ്ട് ഫീസ് അടയ്ക്കൽ-24 മുതൽ 26 വരെ; ചോയ്സ് ഫില്ലിങ്, ലോക്കിങ്-25 മുതൽ 28 വരെ. സീറ്റ് അലോട്മെൻറ്് 30. ജനുവരി അഞ്ചിനകം പ്രവേശനം നേടണം. മോപ് അപ് റൗണ്ടിൽ സീറ്റ് അലോട്ടുചെയ്യപ്പെട്ടവർ പ്രവേശനം നേടാതിരുന്നാൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് നഷ്ടപ്പെടും.
സ്ട്രേ റൗണ്ട്
മോപ് അപ് റൗണ്ടിനുശേഷമുള്ള ഒഴിവുകൾ സ്ട്രേ റൗണ്ട് വഴി നികത്തും. മോപ് അപ് റൗണ്ടിന് രജിസ്റ്റർ ചെയ്തവർക്കേ സ്ട്രേ റൗണ്ടിൽ പങ്കെടുക്കാൻ കഴിയൂ. സ്ട്രേ റൗണ്ടിലേക്ക് പുതിയ രജിസ്ട്രേഷൻ ഉണ്ടാകില്ല. സീറ്റ് അനുവദിക്കപ്പെട്ടവർക്ക് (അത് സ്വീകരിച്ചാലും ഇല്ലെങ്കിലും) സ്ട്രേറൗണ്ടിൽ പങ്കെടുക്കാൻ കഴിയില്ല. വെറ്ററിനറി കൗൺസിൽ ഓഫ് ഇന്ത്യയുടെ ന്യൂഡൽഹി ഓഫീസിൽ ജനുവരി 10-നായിരിക്കും സ്ട്രേറൗണ്ട് അലോട്മെൻറ്് നടപടികൾ. അലോട്മെൻറ്് ലഭിക്കുന്നവർക്ക് പ്രവേശനം നേടാൻ 16 വരെ സമയമുണ്ടാകും.
ഈ പ്രക്രിയയിൽ ഉൾപ്പെടുന്ന സ്ഥാപനങ്ങളുടെ പട്ടിക, സീറ്റ് ലഭ്യത തുടങ്ങിയ വിവരങ്ങൾ vci.admissions.nic.in -ൽ ലഭിക്കും.
Content Highlights: VCI All India Quota Round 1 results declared, Veterinary counselling 2022
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..