
ടൈം മാസികയുടെ മുഖ ചിത്രത്തിൽ ഗീതാജ്ഞലി റാവു
ചെന്നൈ: ശാസ്ത്രലോകത്തെ വനിതകളുടെയും പെണ്‍കുട്ടികളുടെയും ആഗോള ദിനം (ഇന്റര്‍നാഷണല്‍ ഡേ ഓഫ് വിമെന്‍ ആന്‍ഡ് ഗേള്‍സ് ഇന്‍ സയന്‍സ്) ആഘോഷിക്കുന്നതിനായി, ഹൈദരാബാദ്, കൊല്‍ക്കത്ത, മുംബൈ എന്നിവിടങ്ങളിലെ യു.എസ്. കോണ്‍സുലേറ്റുകളുടെ സഹകരണത്തോടെ ചെന്നൈയിലെ യു.എസ്. കോണ്‍സുലേറ്റ് ജനറല്‍ വെള്ളിയാഴ്ച വൈകിട്ട് 6:45ന് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍-അമേരിക്കന്‍ യുവ ശാസ്ത്രജ്ഞ ഗീതാഞ്ജലി റാവു പങ്കെടുക്കും.
ഇന്ത്യയിലെ യു.എസ്. മിഷന് നടത്തുന്ന ''ഡയസ്പോറ ഡിപ്ലോമസി'' പരമ്പരയിലെ ആറാമത്തെ പരിപാടിയാണ് ഈ വെര്‍ച്വല്‍ പ്രോഗ്രാം. അമേരിക്കന്‍ ചലച്ചിത്ര നയതന്ത്ര പ്രോഗ്രാമായ ''അമേരിക്കന്‍ ഫിലിം ഷോകേസ്'' മുഖേന ''സെര്‍ച്ച് ഓണ്‍: പോസിറ്റീവ് കറന്റ്'' എന്ന അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചലച്ചിത്രവും ചടങ്ങില്‍ പ്രദര്‍ശിപ്പിക്കും. ഗീതാഞ്ജലിയുടെ കണ്ടുപിടുത്തങ്ങളിലൊന്നായ ജലത്തിലെ ഈയ മലിനീകരണം തിരിച്ചറിയാന്‍ കഴിയുന്ന മൊബൈല്‍ ഉപകരണത്തെക്കുറിച്ചുള്ളതാണ് ഈ ഹ്രസ്വ ചിത്രം.
'വാട്ടര്‍ ഗേള്‍ ഓഫ് ഇന്ത്യ' എന്ന പേരിലറിയപ്പെടുന്ന ബെംഗളൂരു ആസ്ഥാനമായുള്ള പരിസ്ഥിതി പ്രവര്‍ത്തക ഗര്‍വിത ഗുല്‍ഹാത്തിയാണ് ഈ പരിപാടിയില്‍ ഗീതാഞ്ജലിയെ അഭിമുഖം ചെയ്യുക. 'വൈ വേസ്റ്റ്' എന്ന സ്ഥാപനത്തിന്റെ സ്ഥാപകയുമാണ് ഗര്‍വിത. സയന്‍സ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM - സ്റ്റെം) വിഷയങ്ങളില്‍ അഭിനിവേശമുള്ള ഒരു ഇന്ത്യന്‍-അമേരിക്കക്കാരിയായി വളര്‍ന്നുവരുന്ന ഗീതാഞ്ജലിയുടെ പ്രചോദനാത്മകമായ യാത്രയെക്കുറിച്ച് കൂടുതല്‍ അറിവുകള്‍ ലഭ്യമാക്കുന്നതായിരിക്കും ഈ അഭിമുഖം. ഇന്ത്യയുള്‍പ്പെടെ ലോകമെമ്പാടുമുള്ള യുവാക്കള്‍ക്കായി നടത്തുന്ന സ്റ്റെം വര്‍ക്ക്ഷോപ്പുകളും നൂതനാശയങ്ങളും കണക്കിലെടുത്ത് 2020-ല്‍ ആദ്യമായി ടൈം മാഗസിന് ''കിഡ് ഓഫ് ദ ഇയര്‍'' ആയി നാമകരണം ചെയ്തയാളാണ് ഗീതാഞ്ജലി റാവു. സ്റ്റെം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ക്ക് ലോകത്തെ എങ്ങനെ മാറ്റാന്‍ കഴിയും എന്നതിനെക്കുറിച്ച് തന്റെ കാഴ്ചപ്പാട് പങ്കിടുന്നതിനൊപ്പം, അമേരിക്കയിലെ പഠനാവസരങ്ങളെക്കുറിച്ചും അമേരിക്കന്‍ സ്കൂളുകളിലെ സ്റ്റെം വിദ്യാഭ്യാസത്തെക്കുറിച്ചും ഗീതാഞ്ജലി സംസാരിക്കും.
''ഞങ്ങളുടെ 'ഡയസ്പോറ ഡിപ്ലോമസി' പ്രഭാഷണ പരമ്പരയുടെ ഭാഗമായി ശാസ്ത്രലോകത്തെ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അന്താരാഷ്ട്ര ദിനാചരണവേളയില്‍ ഗീതാഞ്ജലി റാവുവിനെ അതിഥിയായി ലഭിച്ചതില്‍ ഞങ്ങള്‍ ആവേശഭരിതരാണ്,'' പരിപാടിക്ക് മുന്നോടിയായി ചെന്നൈയിലെ യു.എസ്. കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് റേവിന് പറഞ്ഞു. ''ആഗോള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി യുവാക്കള്‍ക്ക്, പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക്, അവരുടെ ഭാവി തൊഴിലില്‍ സ്റ്റെം വിഷയങ്ങള്‍ പരിഗണിക്കുന്നതിന് പ്രചോദനമാകുന്ന നേട്ടങ്ങള്‍ കൈവരിച്ചതിന് ഇന്ത്യയിലെ യു.എസ്. മിഷനെ പ്രതിനിധീകരിച്ച് ഞാന്‍ ഗീതാഞ്ജലിയെ അഭിനന്ദിക്കുന്നു. സ്റ്റെം വിദ്യാഭ്യാസത്തിലും സ്റ്റെം മേഖലയുടെ നവീകരണത്തിലും യുണൈറ്റഡ് സ്റ്റേറ്റ്സ് മുന്‍പന്തിയിലാണ്. യുണൈറ്റഡ് സ്റ്റേറ്റ്സില്‍ പഠിച്ച് സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു,'' കോണ്‍സുല്‍ ജനറല്‍ ജൂഡിത്ത് കൂട്ടിച്ചേര്‍ത്തു.
Content Highlights:us consulate to celebrate global day for women in science field
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..