Representational Image | photo: canva
മലപ്പുറം: നിര്‍ദിഷ്ട ഭിന്നശേഷി സര്‍വകലാശാല എങ്ങുമെത്തിയില്ല. ഭൂമി കണ്ടെത്താനാവാത്തതാണ് അടിസ്ഥാനപ്രശ്നമെന്ന് അധികൃതര്‍ പറയുന്നു.
മൂന്നു വര്‍ഷം മുമ്പ് സര്‍ക്കാര്‍ തലത്തില്‍ ഇതിന്റെ പ്രാഥമിക ചര്‍ച്ച നടന്നിരുന്നു. തിരുവനന്തപുരം വിതുരയില്‍ സര്‍വകലാശാലയ്ക്കായി ഭൂമി ഏറ്റെടുക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇത് നടന്നില്ലെന്നും പകരം ഭൂമി ഇതുവരെ ലഭ്യമായില്ലെന്നും സാമൂഹ്യനീതി ഓഫീസ് അറിയിച്ചു.
2019-ലാണ് ഭിന്നശേഷിക്കാരുടെ ഉന്നമനം, ഗവേഷണം, പുനരധിവാസം തുടങ്ങിയവ ലക്ഷ്യമിട്ട് സര്‍വകലാശാല തുടങ്ങാന്‍ നീക്കമുണ്ടായത്. സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായിരുന്ന ബിജു പ്രഭാകര്‍, ആരോഗ്യ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍, ശിശുവികസന കേന്ദ്രം(സി.ഡി.സി.) ഡയറക്ടര്‍ ഡോ. ബാബു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പ്രാഥമിക ചര്‍ച്ചയും നടത്തി. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു നിര്‍ദേശം. മൂന്നു വര്‍ഷം കഴിഞ്ഞിട്ടും തുടര്‍നടപടികളൊന്നുമായില്ല. നിലവില്‍ ഇത്തരമൊരു സര്‍വകലാശാലയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ചര്‍ച്ചയിലില്ലെന്ന് ആരോഗ്യ സര്‍വകലാശാലയുടെ ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ മോഹന്‍ കുന്നുമ്മല്‍ അറിയിച്ചു. ഓട്ടിസം, ശാരീരിക-മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, ന്യൂറോ തകരാറുള്ളവര്‍, പഠനവൈകല്യം, കേള്‍വി-സംസാര തകരാറുകള്‍ നേരിടുന്നവര്‍ എന്നിവര്‍ക്കായി വിവിധ കോഴ്സുകള്‍ ഉള്‍പ്പെടുത്തി സര്‍വകലാശാല സ്ഥാപിക്കാനായിരുന്നു തീരുമാനം.
അഫിലിയേറ്റഡ് കോളേജുകളില്‍ പ്രാദേശിക കേന്ദ്രങ്ങള്‍ തുടങ്ങാനും വിദൂരവിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ പരിശോധിക്കാനും പദ്ധതിയുണ്ടായിരുന്നു. സര്‍വകലാശാല യാഥാര്‍ഥ്യമായാല്‍ കൂടുതല്‍ പഠനസാഹചര്യവും തൊഴിലവസരങ്ങളും കിട്ടുമെന്ന പ്രതീക്ഷയിലാണ് ഭിന്നശേഷി വിദ്യാര്‍ഥികളും രക്ഷിതാക്കളും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..