പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന് കേന്ദ്ര കാബിനെറ്റിന്റെ അംഗീകാരം


മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയമെന്ന് മാറ്റാമെന്നും തീരുമാനം

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ ഘടനാപരമായ മാറ്റങ്ങള്‍ ശുപാര്‍ശ ചെയ്യുന്ന പുതിയ വിദ്യാഭ്യാസ നയം കേന്ദ്ര കാബിനെറ്റ് അംഗീകരിച്ചു. ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാന്‍ ഡോ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള സമിതി തയ്യാറാക്കിയ പുതിയ ദേശീയ വിദ്യാഭ്യാസ നയം 2019 മേയിലായിരുന്നു സര്‍ക്കാരിന് സമര്‍പ്പിച്ചത്‌.

സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ നേരത്തെ പ്രസിദ്ധീകരിച്ച കരട് നയത്തില്‍ പൊതുജനങ്ങളില്‍നിന്നും വിദ്യാഭ്യാസ വിദഗ്ധരില്‍നിന്നും സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിച്ച ശേഷമാണ് വിദ്യാഭ്യാസ നയത്തിന് അന്തിമ രൂപം നല്‍കിയത്. 1986-ലാണ് ഇതിനുമുന്‍പ് വിദ്യാഭ്യാസ നയം നടപ്പാക്കിയിട്ടുള്ളത്. ഇതില്‍ 1992-ലായിരുന്നു ഒടുവില്‍ മാറ്റംവരുത്തിയത്. മാനവവിഭവശേഷി വികസന മന്ത്രാലയത്തിന്റെ പേര് വിദ്യാഭ്യാസ മന്ത്രാലയമെന്ന് മാറ്റാമെന്നും കാബിനെറ്റ് അംഗീകരിച്ചു.

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സമഗ്രമായ മാറ്റം വരുത്താനുള്ള നിര്‍ദേശങ്ങളടങ്ങിയതാണ് പുതിയ വിദ്യാഭ്യാസ നയം. വിദ്യാഭ്യാസത്തിനുള്ള അവകാശം മൂന്ന് വയസ്സുമുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഉറപ്പാക്കണമെന്നും വ്യവസ്ഥയുണ്ട്. നിലവില്‍ പിന്തുടര്‍ന്നുവരുന്ന 10+2 രീതി 5+3+3+4-ലേക്ക് മാറ്റാന്‍ മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ. കസ്തൂരിരംഗന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി തയ്യാറാക്കിയ പുതിയ വിദ്യാഭ്യാസ നയം ശുപാര്‍ശ ചെയ്യുന്നു.

പുതിയ വിദ്യാഭ്യാസ നയം - സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ മാറ്റങ്ങള്‍

കോത്താരി കമ്മീഷന്റെ നിര്‍ദേശങ്ങള്‍ സ്വീകരിച്ച് 1968-ല്‍ രൂപം നല്‍കിയ വിദ്യാഭ്യാസ നയപ്രകാരമാണ് സ്‌കൂള്‍ വിദ്യാഭ്യാസം 10+2 രീതി അവംലംബിച്ചത്. ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകളെ വിവിധ ഘട്ടങ്ങളായി തിരിച്ച രീതിയാണ് നിലവിലെ 10+2 രീതി. 1 മുതല്‍ 5 വരെ പ്രൈമറി, 6 മുതല്‍ 8 വരെ അപ്പര്‍ പ്രൈമറി, 9, 10 ക്ലാസുകള്‍ സെക്കന്‍ഡറിയും 11, 12 ക്ലാസുകള്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളുമായി കണക്കാക്കുന്ന രീതിയാണിത്. പുതിയ നയത്തില്‍ ഹയര്‍ സെക്കന്‍ഡറി എന്ന വിഭാഗം ഒഴിവാക്കി 11, 12 ക്ലാസുകളെ സെക്കന്‍ഡറി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാന്‍ ശുപാര്‍ശ ചെയ്യുന്നു.

പുതിയ നയപ്രകാരം ശുപാര്‍ശ ചെയ്യുന്ന 5+3+3+4 രീതിയില്‍ 3 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളെ വളര്‍ച്ചയുടെ നാല് വെവ്വേറെ ഘട്ടങ്ങളാക്കി തിരിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. 3-8, 8-11, 11-14, 14-18 എന്നിങ്ങനെയാണ് വ്യത്യസ്ത പ്രായത്തില്‍പ്പെട്ട കുട്ടികളെ വേര്‍തിരിച്ചിരിക്കുന്നത്. ഇതോടെ പ്രീ-പ്രൈമറി വിദ്യാഭ്യാസവും സ്‌കൂള്‍ വിദ്യാഭ്യാസത്തിനൊപ്പമാകും.

3 മുതല്‍ 8 വയസുവരെയുള്ള ആദ്യഘട്ടത്തില്‍ പ്രീ-പ്രൈമറി ക്ലാസുകളും 1, 2 ക്ലാസുകളും ഉള്‍പ്പെടും. 3, 4, 5 ക്ലാസുകള്‍ ഉള്‍പ്പെടുന്ന ലേറ്റര്‍ പ്രൈമറി ഘട്ടമാണ് രണ്ടാമത്തേത്. 6, 7, 8 ക്ലാസുകള്‍ ഉള്‍പ്പെടുന്ന അപ്പര്‍ പ്രൈമറി ഘട്ടമാണ് മൂന്നാമത്തേത്. 9 മുതല്‍ 12 വരെ ക്ലാസുകള്‍ ഉള്‍പ്പെടുന്ന സെക്കന്‍ഡറി ലെവല്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ നാലാം ഘട്ടവുമാകും.

സെക്കന്‍ഡറി ഘട്ടത്തെ സെമസ്റ്ററുകളാക്കി തിരിക്കാനും നിര്‍ദേശമുണ്ട്. ഓരോ സെമസ്റ്ററിലും അഞ്ചോ ആറോ വിഷയങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാം. ചില വിഷയങ്ങള്‍ നിര്‍ബന്ധമാകുമ്പോള്‍ മറ്റുള്ളവ താത്പര്യത്തിനനുസരിച്ച് വിദ്യാര്‍ഥികള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും.

പരീക്ഷാ രീതിയിലും അധ്യാപകരുടെ പരിശീലന പരിപാടികളിലും മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിലും കാതലായ മാറ്റങ്ങളിലൂടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ കമ്മീഷന്‍ നിര്‍ദ്ദേശിക്കുന്നു. 2017-ലാണ് വിദ്യാഭ്യാസനയം പരിഷ്‌കരിക്കുന്നതിനായി കസ്തൂരിരംഗന്‍ അധ്യക്ഷനായ കമ്മിറ്റിയെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്. കഴിഞ്ഞ 50 വര്‍ഷമായി പിന്തുടര്‍ന്നുവരുന്ന പഠനരീതിക്ക് കാലോചിതമായ മാറ്റം ആവശ്യമാണെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു.

Content Highlights: Union Cabinet Approves New National Education Policy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023


kolumban boat

1 min

വീണ്ടും സൂപ്പര്‍ ഹിറ്റായി ഇടുക്കി ഡാമിലെ കൊലുമ്പന്‍; രണ്ട് മാസത്തെ വരുമാനം 3.47 ലക്ഷം

Feb 6, 2023

Most Commented