ജോർജിയയിൽ മെഡിക്കൽ തുടർപഠനത്തിന് എത്തിയ വടകര എടച്ചേരി സ്വദേശി മേഘയും കൂട്ടുകാരും
കോഴിക്കോട്: യുദ്ധം തകർത്ത യുക്രൈനിൽനിന്ന് നാട്ടിലെത്തിയ മലയാളി വിദ്യാർഥികൾ തുടർപഠനത്തിനായി മറ്റു രാജ്യങ്ങളിലേക്ക് പോയിത്തുടങ്ങി. യുക്രൈൻ സർവകലാശാലകളിൽനിന്ന് വിടുതൽ വാങ്ങി റഷ്യയിലും യൂറോപ്യൻ രാജ്യങ്ങളിലുമാണ് കൂടുതൽ പേരുമെത്തിയത്. യുക്രൈനിൽ സീറ്റ് തരപ്പെടുത്തിക്കൊടുത്ത ഏജന്റുമാർതന്നെയാണ് ജോർജിയ, മാൾഡോവ, അർമീനിയ, ഹംഗറി എന്നിവിടങ്ങളിൽ തുടർപഠനത്തിന് സാധ്യതയൊരുക്കിയത്.
യുക്രൈനിൽനിന്നെത്തിയ 18,000 മെഡിക്കൽ വിദ്യാർഥികളിൽ 2700 പേർ മലയാളികളായിരുന്നു. കോഴിക്കോട് ജില്ലയിൽനിന്നുള്ള 283-പേരിൽ വലിയൊരുവിഭാഗത്തിന് തിരിച്ചുപോവാൻ കഴിഞ്ഞെന്ന് ഓൾ കേരള യുക്രൈൻ മെഡിക്കൽ സ്റ്റുഡന്റ്‌സ് ആൻഡ് പാരന്റ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബദ്‍രിയ അബ്ദുള്ള പറഞ്ഞു.
ഇന്ത്യയിലെ സർവകലാശാലകളിൽ തുടർപഠനത്തിന് അവസരം നൽകില്ലെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ (എൻ.എം.സി.) വ്യക്തമാക്കിയതോടെയാണ് വിദ്യാർഥികൾ മറ്റുരാജ്യങ്ങളിലേക്ക് പോയത്. യുക്രൈനെ അപേക്ഷിച്ച് ട്യൂഷൻ ഫീസും ഹോസ്റ്റൽഫീസും മറ്റുമായി 84,000 രൂപ വർഷത്തിൽ ജോർജിയയിൽ അധികചെലവ് വരുമെന്ന് വടകര എടച്ചേരിയിലെ ചെറിയകണ്ടോത്ത് മേഘ പറഞ്ഞു.
അവിടനെല്ലൂരിലെ വടക്കേവീട്ടിൽ ആതിരയും ജോർജിയയിലേക്ക് മാറി. എൻ.എം.സി.യുടെ ഉപദേശപ്രകാരം ജോർജിയയിലെ മൂന്ന് സർവകലാശാലകളിൽ മൊബിലിറ്റി പഠനം നടത്തുന്നവരുമുണ്ട്. ഇവരുടെ മദർയൂണിവേഴ്‌സിറ്റി യുക്രൈനിൽതന്നെയായിരിക്കും.
ഹംഗറിയിൽ ചിലയിടങ്ങളിൽ ട്യൂഷൻഫീസും താമസവും സൗജന്യമായി നൽകുന്നുണ്ട്. യുദ്ധഭീതിയിൽ നാട്ടിലേക്ക് വരുമ്പോൾ വിമാനത്താവളത്തിൽവെച്ച് പൂരിപ്പിച്ചുകൊടുത്ത അപേക്ഷപ്രകാരമാണിത്.
യുക്രൈനിലെ സപ്രോഷ്യ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ പഠിച്ച 1500 ഇന്ത്യൻ വിദ്യാർഥികളിൽ അധികവും ഉസ്‌ബെക്കിസ്താനിലേക്കാണ് മാറിയത്. എടച്ചേരിയിലെ ലിയാനോ ഫാത്തിമയും വൈശാഖും അവിടെയാണുള്ളത്. കിർഗിസ്താൻ, തുർക്കിസ്താൻ എന്നിവിടങ്ങളിലേക്കും ഏജന്റുമാർ മുഖേന വിദ്യാർഥികൾ മാറിയിട്ടുണ്ട്.
യുക്രൈനിൽ പലയിടത്തും ബാങ്കുകളും കോളേജുകളും പ്രവർത്തിക്കാത്തത് ഓൺലൈൻ പഠനം നടത്തുന്നവരെ ബുദ്ധിമുട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ചെലവ് കൂടുതലെങ്കിലും മറ്റിടങ്ങളിൽ പോകാൻ വിദ്യാർഥികൾ നിർബന്ധിതരായത്.ബാങ്ക് വായ്പയെടുത്ത് പഠിക്കുന്നവരാണ് ഭൂരിഭാഗവും. ആറുവർഷത്തേക്കുള്ള മൊത്തം ഫീസടച്ച് ഒന്നോ രണ്ടോ മാസംമാത്രം യുക്രൈനിൽ കഴിഞ്ഞവരുണ്ട്.
2021-നുശേഷം പ്രവേശനം നേടിയവർക്ക് മറ്റിടങ്ങളിലേക്ക് വിടുതൽ നൽകേണ്ടതില്ലെന്ന ചട്ടവും വിദ്യാർഥികളെ കുഴക്കുന്നുണ്ട്. യുദ്ധത്തിന്റെ ഇര എന്ന പരിഗണന തങ്ങൾക്ക് ഇവിടെ ലഭിച്ചില്ലെന്ന് വിദ്യാർഥികൾ പറഞ്ഞു.
Content Highlights: Ukraine returned MBBS students now moving to Uzbekistan and other countries
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..