-
ന്യൂഡല്‍ഹി: ഈവര്‍ഷം വിദേശത്തു പഠിക്കാന്‍ തയ്യാറെടുക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം 15 ലക്ഷത്തോളം. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് രണ്ടുലക്ഷമാണ് വര്‍ധന. വന്‍തോതിലുള്ള വിദ്യാര്‍ഥിക്കുടിയേറ്റത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് വിദേശ സര്‍വകലാശാലാ കാമ്പസുകള്‍ക്ക് അനുമതി നല്‍കുന്നത് വേഗത്തിലാക്കാനുള്ള ശ്രമത്തിലാണ് യു.ജി.സി.
വിദേശ സര്‍വകലാശാലകള്‍ക്കും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ത്യയില്‍ കാമ്പസ് അനുവദിക്കാനുള്ള കരടു മാര്‍ഗനിര്‍ദേശം യു.ജി.സി. ജനുവരി അഞ്ചിനു പുറത്തിറക്കിയിരുന്നു. ഇതില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ഒട്ടേറെ അഭിപ്രായങ്ങള്‍ ലഭിച്ചതായി വിദ്യാഭ്യാസമന്ത്രാലയവൃത്തങ്ങള്‍ പറഞ്ഞു. പ്രതികൂലിക്കുന്ന ചിലര്‍ വിശദറിപ്പോര്‍ട്ടുകള്‍തന്നെ നല്‍കിയിട്ടുള്ളതായാണറിയുന്നത്. ഫെബ്രുവരി 20 വരെയാണ് അഭിപ്രായം അറിയിക്കാനാകുക.
ആഗോളതലത്തില്‍ 500 റാങ്കിനുള്ളിലുള്ള സര്‍വകലാശാലകള്‍ക്കാണ് ഇന്ത്യയില്‍ കാമ്പസ് തുടങ്ങാനാവുക. ആദ്യം 10 വര്‍ഷത്തേക്കാവും അനുമതി. തൃപ്തികരമെങ്കില്‍മാത്രമേ തുടരാന്‍ അനുവദിക്കൂ. യു.ജി.സി.യുടെ നിരന്തര മേല്‍നോട്ടം സ്ഥാപനത്തിലുണ്ടാവും. തര്‍ക്കങ്ങളെല്ലാം ഇന്ത്യയില്‍ പരിഹരിക്കും.
ഇന്ത്യന്‍ വിദ്യാര്‍ഥികളില്‍ കൂടുതല്‍പ്പേരും ഇപ്പോള്‍ തിരഞ്ഞെടുക്കുന്നത് യു.എസ്., കാനഡ, യു.കെ., ഓസ്‌ട്രേലിയ, ജര്‍മനി, ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ് എന്നിവിടങ്ങളാണ്. 75 ശതമാനവും പി.ജി., ഡിപ്ലോമ കോഴ്‌സുകളാണ് ചെയ്യുന്നത്. എന്‍ജിനിയറിങ്, കണക്ക്, കംപ്യൂട്ടര്‍ സയന്‍സ്, ബിസിനസ്, മാനേജ്‌മെന്റ് കോഴ്‌സുകള്‍ക്കാണ് പ്രിയംകൂടുതല്‍. അടുത്തകാലത്ത് പ്ലസ്ടുകഴിഞ്ഞ ഉടനെ ഡിഗ്രി കോഴ്‌സുകള്‍ക്ക് പോകുന്നവരുടെ എണ്ണം വലിയതോതില്‍ വര്‍ധിച്ചതായി എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി രംഗത്തുള്ള ഷാംഖ്‌വി ഓവര്‍സീസ് എജ്യുക്കേഷണല്‍ കണ്‍സള്‍ട്ടന്റ്‌സ് സി.ഇ.ഒ. എം. വിനോദ്കുമാര്‍ പറഞ്ഞു. ഡിഗ്രിക്ക് പോയാല്‍ പി.ജി. കഴിയുന്നതുവരെയുള്ള കാലം താമസിക്കാമെന്നതിനാല്‍ പെര്‍മനന്റ് റെസിഡന്റ്‌സ് വിസ എളുപ്പമാവുമെന്നതിനാലാണിത്. ഇന്ത്യന്‍ വിദ്യാര്‍ഥികളെ ആകര്‍ഷിക്കാന്‍ പല വിദേശ സര്‍വകലാശാലകളും സ്‌കോളര്‍ഷിപ്പും വാഗ്ദാനവും ചെയ്യുന്നുണ്ട്.
എതിരഭിപ്രായങ്ങള്‍
വിദേശത്ത് പഠിക്കാന്‍പോകുന്ന ഭൂരിഭാഗം പേരും പഠനം മാത്രമല്ല ലക്ഷ്യമിടുന്നത്. കൂടുതല്‍ സാമ്പത്തികവും സാമൂഹികവുമായുള്ള സ്വാതന്ത്ര്യം ലഭിക്കുന്ന സ്ഥലങ്ങളില്‍ ജോലിയും കുടിയേറ്റവും ആഗ്രഹിക്കുന്നവരാണ് ഏറെയും. ഭാഷയടക്കം അവിടത്തെ തദ്ദേശീയരെപ്പോലെയാക്കുക എന്നതാണ് മറ്റൊരു ലക്ഷ്യം. രാജ്യത്തെ കാമ്പസുകളില്‍ പഠിച്ചാല്‍ ആ അനുഭവം ലഭിക്കില്ല. ഓക്‌സ്ഫഡോ സ്റ്റാന്‍ഫഡോ പോലെ പ്രമുഖ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ പണം ചെലവഴിക്കില്ല. ഇന്ത്യയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ നിലവാരം ഉയര്‍ത്തി അന്താരാഷ്ട്ര വിദ്യാര്‍ഥികളെ ഇങ്ങോട്ട് ആകര്‍ഷിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടതെന്നും വിമര്‍ശകര്‍ പറയുന്നു.
Content Highlights: UGC to speed up foreign university campuses
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..