-
ന്യൂഡൽഹി: കോളേജ് വിദ്യാർഥികളുടെ സാമൂഹിക പ്രതിബദ്ധതയും ഇടപെടലും വർധിപ്പിക്കണമെന്ന് യു.ജി.സി. അതിന്റെ ഭാഗമായി ‘കമ്യൂണിറ്റി എൻഗേജ്മെന്റ് ആൻഡ് സോഷ്യൽ റെസ്പോൺസിബിലിറ്റി’ എന്ന പേരിൽ പുതിയ ഓൺലൈൻ കോഴ്സ് ആരംഭിക്കും. ‘സ്വയം’ പോർട്ടൽവഴിയാണ് 30 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സ് നടത്തുക. എല്ലാ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും കോഴ്സിന്റെ ഭാഗമാകാം. അടുത്ത അക്കാദമിക സെഷൻ മുതൽ swayam.gov.in. പോർട്ടലിൽ കോഴ്സ് ലഭ്യമാകും.
ഗ്രാമീണ മേഖലകളിലെ സാമൂഹിക യാഥാർഥ്യങ്ങൾ, ഇന്ത്യൻസംസ്കാരം, ധാർമികത, സഹാനുഭൂതി എന്നിവ വിദ്യാർഥികളിലെത്തിക്കാൻ കോഴ്സ് സഹായിക്കുമെന്ന് യു.ജി.സി. ചെയർമാൻ എം. ജഗഗദീഷ് കുമാർ പറഞ്ഞു. ഉന്നത വിദ്യാഭ്യാസസ്ഥാപനങ്ങളിൽ സാമൂഹിക പ്രതിബദ്ധത വർധിപ്പിക്കുന്നതിനെക്കുറിച്ച് യു.ജി.സി. ഫെബ്രുവരിയിൽ പൊതുജനാഭിപ്രായം തേടിയിരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായിച്ചേർന്ന് ഗ്രാമീണമേഖലകളുടെ വളർച്ച ത്വരിതമാക്കാൻ ലക്ഷ്യമിട്ട ഉന്നത് ഭാരത് അഭിയാൻ (യു.ബി.എ.) പദ്ധതിയുടെ ഭാഗമായാണിത്. ഇത്തരത്തിൽ ലഭിച്ച നിർദേശങ്ങൾ അടിസ്ഥാനമാക്കിയാണ് പുതിയ കോഴ്സ് ആരംഭിക്കാൻ കമ്മിഷൻ തീരുമാനിച്ചത്.
കോഴ്സ് ഇങ്ങനെ
ഗ്രാമീണ മേഖലകളെ പരിചയപ്പെടൽ, ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും ഉപജീവന മാർഗങ്ങളെയും പരിചയപ്പെടൽ, ഗ്രാമീണവും പ്രാദേശികവുമായ പ്രധാനസ്ഥാപനങ്ങൾ, ഗ്രാമീണ-ദേശീയ വികസന പദ്ധതികൾ എന്നിങ്ങനെ നാല് മൊഡ്യൂളുകളായാണ് കോഴ്സ് നടത്തുക. ക്ലാസ്റൂം പഠനത്തിനും ട്യൂട്ടോറിയലുകൾക്കും ഒരു ക്രെഡിറ്റ്, ഫീൽഡ് പ്രവർത്തനങ്ങൾക്ക് മറ്റൊരു ക്രെഡിറ്റ് എന്നിങ്ങനെയാണ് കോഴ്സ് ഘടന. കോഴ്സ് സമയത്തിന്റെ കുറഞ്ഞത് 50 ശതമാനമെങ്കിലും ഫീൽഡ് പ്രവൃത്തികളായിരിക്കും. കോഴ്സ് പൂർത്തിയാക്കിയശേഷം ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് അധിക രണ്ടു ക്രെഡിറ്റുകൾക്കായി അനുയോജ്യമായ ഒരു വിഷയത്തിൽ ഫീൽഡ് പ്രോജക്റ്റ് ചെയ്യാം. അതിനായി ഗ്രാമസഭാ യോഗങ്ങളുടെ ഫലപ്രാപ്തി, പരമ്പരാഗത ജലാശയങ്ങളുടെ പരിപാലനം, പൊതുയിടങ്ങളിൽ പെൺകുട്ടികളുടെ സുരക്ഷ എന്നിങ്ങനെ പതിനൊന്ന് വിഷയങ്ങൾ ലഭ്യമാണ്.
Content Highlights: UGC Issues Guidelines On Community Engagement, Social Responsibility Programme
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..