പ്രതീകാത്മക ചിത്രം | Photo: Mathrubhumi Archivse
ന്യൂഡല്‍ഹി: ഒരേസമയം രണ്ട് മുഴുനീള കോഴ്സുകള്‍ പഠിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്ന പുതിയ പരിഷ്കാരം പിഎച്ച്.ഡി.വിദ്യാര്‍ഥികള്‍ക്ക് ബാധകമായിരിക്കില്ലെന്ന് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷന് (യു.ജി.സി.) വ്യക്തമാക്കി. ബിരുദ, ബിരുദാനന്തരബിരുദ, ഡിപ്ലോമ വിദ്യാര്‍ഥികള്‍ക്ക് മാത്രമാകും അവസരം.
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍.ഇ.പി.) ഭാഗമായി നടപ്പാക്കുന്ന പരിഷ്കാരവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച പുറത്തിറക്കിയ മാര്‍ഗരേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഏപ്രില്‍ 13-ന് മാര്‍ഗരേഖ പ്രാബല്യത്തില്‍ വന്നു. 13-നു മുന്‍പ് ഒരേസമയം രണ്ടു കോഴ്സ് ചെയ്തിട്ടുണ്ടെങ്കില്‍ അംഗീകാരം നല്‍കില്ലെന്നും യു.ജി.സി. വ്യക്തമാക്കി.
അടുത്ത അധ്യയനവര്‍ഷം മുതല്‍ രണ്ടു കോഴ്സില്‍ പ്രവേശനം നല്കാന് ആവശ്യമായ നടപടി സര്‍വകലാശാലകള്‍ സ്വീകരിക്കണം. കമ്മിഷന്റെ നിര്‍ദേശത്തില്‍ അന്തിമ തീരുമാനം സര്‍വകലാശാലകളിലെ അക്കാദമിക് കൗണ്സിലുകളുടേതായിരിക്കും. ഒരേസമയം, ഒരു മുഴുനീള കോഴ്സ് ചെയ്യാന്‍ മാത്രമാണ് നേരത്തേ യു.ജി.സി.യുടെ അനുമതിയുണ്ടായിരുന്നത്. അതിനൊപ്പം ഓണ്‍ലൈനായോ പാര്‍ട്ട് ടൈമായോ ഡിപ്ലോമ കോഴ്സുകളും ചെയ്യാമായിരുന്നു.
ആര്‍ട്സ്, സയന്‍സ് എന്നിങ്ങനെ വേര്‍തിരിവുകളില്‍ ഒതുങ്ങി നില്‍ക്കാതെ വിദ്യാര്‍ഥികളുടെ അക്കാദമിക് ജീവിതം സമഗ്രമായി വികസിപ്പിക്കുകയാണ് പരിഷ്കരണത്തിന്റെ പ്രധാന ലക്ഷ്യം. വിദ്യാര്‍ഥികളെ ഒരേ സമയം വ്യത്യസ്ത വിഷയങ്ങളില്‍ പ്രാവീണ്യരാക്കും.
യു.ജി.സി. നിർദേശങ്ങൾ
• ഒരേസമയം രണ്ട് മുഴുനീള കോഴ്സുകൾ ചെയ്യാം. കോഴ്സുകളുടെ സമയക്രമം ഏകോപിപ്പിപ്പിക്കേണ്ടത് വിദ്യാർഥിയുടെയും അധ്യാപകരുടെയും ഉത്തരവാദിത്വമാണ്.• ഒരു കോഴ്സ് ഓൺലൈനായോ വിദൂരപഠനമായോ രണ്ടാമത്തെ കോഴ്സ് നേരിട്ട് കോളേജിൽ പോയോ പഠിക്കാം
• രണ്ട് കോഴ്സുകളും ഓൺലൈനായോ വിദൂരപഠനമായോ ചെയ്യാനും അവസരമുണ്ടാകും.
• ഓൺലൈൻ-വിദൂര കോഴ്സുകൾക്ക് യു.ജി.സി. അംഗീകാരമുള്ള സർവകലാശാലകളെ മാത്രം തിരിഞ്ഞെടുക്കണം.
• സർവകലാശാലകളുടെയും കോളേജുകളുടെയും മാനദണ്ഡങ്ങൾക്ക് വിധേയമായിട്ടായിരിക്കും പ്രവേശനം.
• പ്രവേശന നടപടികളിലും മാറ്റമുണ്ടാകില്ല.
• ഹാജർ നിലയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ അന്തിമതീരുമാനം സർവകലാശാലയുടേതാകും.
Content Highlights: UGC guidelines for pursuing two academic programmes simultaneously
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..