പ്രതീകാത്മചിത്രം (Photo: canva)
ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്ര മാറ്റത്തിന് വഴിയൊരുക്കുന്ന പുതിയ തീരുമാനവുമായി യുജിസി. രാജ്യത്ത് അടുത്ത അധ്യയനം വര്‍ഷം മുതല്‍ ഒരേസമയം രണ്ട് ഡിഗ്രി/ പി.ജി കോഴ്സുകള്‍ പഠിക്കാം. ഓണ്‍ലൈനായോ ഓഫ്ലൈനായോ പഠനം പൂര്‍ത്തിയാക്കാം. ഇത് സംബന്ധിച്ച യുജിസിയുടെ പുതിയ മാര്‍ഗനിര്‍ദേശം ബുധനാഴ്ച പുറത്തിറക്കും.
ഒരേ സര്‍വ്വകലാശാലയില്‍ നിന്നോ രണ്ട് സര്‍വ്വകലാശാലകളില്‍ നിന്നായോ കോഴ്സുകള്‍ ചെയ്യാം. വ്യത്യസ്ത കോളേജുകളിലും ഒരേസമയം പഠിക്കാം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍.ഇ.പി.) ഭാഗമായി നടപ്പാക്കുന്ന പദ്ധതിയില്‍ വിദ്യാര്‍ഥികളെ ഒരേസമയം വ്യത്യസ്ത വിഷയങ്ങളില്‍ പ്രാവീണ്യമുള്ളവരാക്കുകയാണ് ലക്ഷ്യം. സയന്‍സ്- ആര്‍ട്സ് ഭേദമില്ലാതെ ഏത് വിഷയവും ഒരേസമയം പഠിക്കാമെന്നതും പദ്ധതിയുടെ പ്രത്യേകതയാണ്.
കോഴ്സുകള്‍ ഏത് രീതിയില്‍ വേണമെന്നും വിദ്യാര്‍ത്ഥികള്‍ക്ക് തീരുമാനിക്കാം. രണ്ട് കോഴ്സും നേരിട്ടെത്തി പഠിച്ചും അല്ലെങ്കില്‍ രണ്ട് കോഴ്സും ഓണ്‍ലൈനായും ചെയ്യാം. ഇതുകൂടാതെ രണ്ട് കോഴ്സുകളും വിദൂരവിദ്യാഭ്യാസം വഴിയും പഠിക്കാം. ഒരു കോഴ്സ് ഓണ്‍ലൈനായും ഒരു കോഴ്സ് നേരിട്ടെത്തിയും പഠിക്കാം. രണ്ട് കോഴ്സിലും നേരിട്ടെത്തിയുള്ള പഠനം തിരഞ്ഞെടുക്കുന്നവര്‍ക്ക് രാവിലെയും ഉച്ചയ്ക്ക് ശേഷവുമായിട്ടാകും ക്ലാസ് നടത്തുക. രണ്ടും ഓണ്‍ലൈനായിട്ടാണ് കോഴ്സ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഹാജര്‍ നിബന്ധനകള്‍ സര്‍വകലാശാലകള്‍ക്ക് തീരുമാനിക്കാം.
കമ്മിഷന്റെ നിര്‍ദേശത്തില്‍ അന്തിമ തീരുമാനം സര്‍വകലാശാലകളിലെ അക്കാദമിക് കൗണ്സിലുകളുടേതായിരിക്കും. ഇരട്ടകോഴ്സുകള് സ്വീകരിക്കാനോ വേണ്ടെന്ന് വെയ്ക്കാനോ ഉള്ള തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം സര്വകലാശാലകളുടേതായിരിക്കും. ഇരട്ട കോഴ്സ് സൗകര്യം ആദ്യം ഏര്‍പ്പെടുത്തുക നോണ്‍ ടെക്നിക്കല്‍ കോഴ്സുകള്‍ക്ക് മാത്രമായിരിക്കും. ഒരേസമയം ടെക്നിക്കല്‍, നോണ്‍ ടെക്നിക്കല്‍ കോഴ്സുകള്‍ അനുവദിക്കുക പ്രയാസകരമായിരിക്കുമെന്നും യുജിസി വ്യക്തമാക്കി
നേരത്തെ ഒരു സമയം ഒരു കോഴ്സ് ചെയ്യാന്‍ മാത്രമായിരുന്നു യുജിസി അനുമതി ഉണ്ടായിരുന്നത്. ഡിപ്ലോമ കോഴ്സുകള്‍ മാത്രമായിരുന്നു ഇതോടൊപ്പം ചെയ്യാന്‍ സാധിക്കുക. രണ്ട് കോഴ്സുകള്‍ ഒരേ സമയം പഠിക്കാനാകുന്നതോടെ വിദ്യാര്‍ഥികളുടെ മികവേറുമെന്നും ഇത് കൂടുതല്‍ അവസരങ്ങള്‍ക്ക് സാധ്യതയൊരുക്കുമെന്നും യു.ജി.സി. ചെയര്‍പേഴ്സണ്‍ എം. ജഗദീഷ് കുമാര്‍ പറഞ്ഞു.
അടുത്ത അധ്യയന വര്‍ഷം പുതുതായി ബിരുദത്തിന് ചേരുന്നവര്‍ക്കും നിലവില്‍ പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും പുതിയമാറ്റം ബാധകമാകും. നിലവില്‍ രണ്ടാം വര്‍ഷ- മൂന്നാം വര്‍ഷ ബിരുദക്കാര്‍ക്ക് മറ്റൊരു കോഴ്സില്‍ ഒന്നാം വര്‍ഷ കോഴ്സിന് ചേരാനും അവസരമുണ്ട്.
യുജിസിയുടെ പുതിയ പദ്ധതി പഠനനിലവാരം തകര്‍ക്കുമെന്നും ഒരു വിഭാഗം വിദ്യാഭ്യാസ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. വിവിധ കോഴ്സുകളില്‍ ഒരേ സമയം പ്രാവീണ്യം നേടാന്‍ പദ്ധതി അവസരം നല്‍കുന്നുണ്ടെങ്കിലും ഫലത്തില്‍ ഒരു വിഷയത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനോ വൈദഗ്ധ്യം നേടാനോ വിദ്യാര്‍ഥിക്ക് കഴിയാതെ വരുമെന്ന് ഡല്‍ഹി സര്‍വകലാശാല അധ്യാപകന് ആഭ ദേവ് ഹബീബ് പറഞ്ഞു. വിദ്യാര്‍ഥികള്‍ അമാനുഷികരല്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: UGC allows students to pursue dual degree programmes simultaneously
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..