Representational image
തിരുവനന്തപുരം: സംസ്ഥാനത്തെ എന്‍ജിനിയറിങ് കോളേജുകള്‍ക്ക് വിദേശസര്‍വകലാശാലകളുമായി ചേര്‍ന്ന് ട്വിന്നിങ് പ്രോഗ്രാമുകള്‍ക്ക് അനുമതി നല്കുന്നു. കോഴ്സിന്റെ നിശ്ചിതഭാഗം വിദേശസര്‍വകലാശാലകളില്‍ പഠിക്കാന്‍ അനുമതി നല്‍കുന്നതാണ് ട്വിന്നിങ് പഠനം. ക്യു.എസ്. ലോകറാങ്കിങ്ങില്‍ 700ാം റാങ്ക് വരെയുള്ള വിദേശസര്‍വകലാശാലകളുമായി ചേര്‍ന്ന് ട്വിന്നിങ് പ്രോഗ്രാം നടത്താനാണ് അനുമതി നല്‍കുക.
സാങ്കേതികസര്‍വകലാശാലയുടെ ഭരണസമിതിയായ ബോര്‍ഡ് ഓഫ് ഗവര്ണേഴ്സിന്റേതാണ് തീരുമാനം. അഫിലിയേറ്റഡ് കോളേജുകളില്‍ എന്‍.ബി.എ. അക്രഡിറ്റേഷനുള്ള എന്‍ജിനിയറിങ് ഡിപ്പാര്‍ട്ട്മെന്റുകളെ വിദേശസര്‍വകലാശാലകളുമായി സഹകരിച്ച് ഇത്തരം പ്രോഗ്രാം നടത്താന്‍ അനുവദിക്കും. ട്വിന്നിങ് പ്രോഗ്രാമുകള്‍ക്ക് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്ന മാനദണ്ഡം സാങ്കേതികസര്‍വകലാശാല തയ്യാറാക്കും.
എന്‍ജിനിയറിങ് കോഴ്സുകള്‍ നൈപുണ്യവത്കരിക്കാന് ബോര്‍ഡ് ഓഫ് സ്റ്റഡീസ് മാതൃകയില്‍ ബോര്‍ഡ് ഓഫ് സ്കില്‍സ് രൂപവത്കരിക്കും. നൈപുണ്യപരിശീലനം എല്ലാ എന്‍ജിനിയറിങ് കോഴ്സുകളുടെയും പാഠ്യപദ്ധതിയുടെ ഭാഗമാക്കുകയാണ് ബോര്‍ഡ് ഓഫ് സ്കില്‍സിന്റെ ചുമതല.
വ്യവസായമേഖലയുമായി ബന്ധപ്പെട്ട് ഓരോ കോഴ്സിന്റെയും നൈപുണ്യ ന്യൂനതകള്‍ പരിഹരിക്കും. ഇത് നടപ്പില്‍വരുത്താന്‍ സര്‍വകലാശാലാ ചട്ടം ഭേദഗതിചെയ്യും. ഗേറ്റ് പരീക്ഷാമാതൃകയില്‍ സാങ്കേതികസര്‍വകലാശാല പരീക്ഷാസംവിധാനങ്ങള്‍ പരിഷ്കരിക്കും. ഓണ്‍ലൈന്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് പരീക്ഷകളും തുടങ്ങും.
എം.സി.എ. പ്രവേശനത്തിന് പ്ലസ്ടുതലത്തില്‍ ഗണിതശാസ്ത്രം പഠിച്ചിട്ടുള്ള എല്ലാ ബിരുദധാരികള്‍ക്കും അനുമതി നല്‍കും. എ.ഐ.സി.ടി.ഇ. മാനദണ്ഡങ്ങളില്‍ മാറ്റംവന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.
എ.ഐ.സി.ടി.ഇ. നിര്‍ദേശിച്ച ഏഴാംപദ്ധതി ശുപാര്‍ശകള്‍ അഫിലിയേറ്റഡ് കോളേജുകളില്‍ നടപ്പാക്കും.
അധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് ഡോക്ടറേറ്റും അംഗീകൃത ജേണലുകളിലെ പ്രബന്ധങ്ങളും നിര്‍ബന്ധമാക്കും.
ആര്‍ക്കിടെക്ചര്‍ അധ്യാപകര്‍ക്ക് കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ചട്ടങ്ങളാണ് ബാധകം. സാങ്കേതിക ഇതര സ്കീമിലെ അധ്യാപകര്‍ക്ക് യു.ജി.സി. ചട്ടവും ബാധകമാക്കും.
Content Highlights: Twinning Program for Engineering students
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..