കാരശേരി ഗ്രാമപഞ്ചായത്തിലെ എളമ്പിലാശ്ശേരി ആദിവാസി കോളനിയിലെ വീടിനു മുന്നിൽ ബിന്ദുവും മക്കളായ വൃന്ദ, പ്രണവ്, പ്രതീക്ഷ എന്നിവരും | ഫോട്ടോ: റഫീഖ് തോട്ടുമുക്കം
കോഴിക്കോട്: രണ്ടു മാസത്തെ മധ്യവേനലവധി കഴിഞ്ഞ് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുമ്പോള്‍ കാരശേരി ഗ്രാമപഞ്ചായത്തിലെ എളമ്പിലാശ്ശേരി ആദിവാസി കോളനിയിലെ മോഹന്‍ദാസിന്റെയും ഭാര്യ ബിന്ദുവിന്റെയും മനസില്‍ ആധിയാണ്. വെള്ളവും വൈദ്യുതിയുമില്ലാത്ത, ഫ്‌ളക്‌സ് ഷീറ്റുകളും തെങ്ങോലകളും കൊണ്ട് ഭിത്തിയും ടാര്‍പ്പോളിന്‍ ഷീറ്റു കൊണ്ട് മേല്‍ക്കൂരയും പണിത വീട്ടില്‍ നിന്നും മൂന്ന് മക്കളെ എങ്ങനെ സ്‌കൂളിലേക്ക് അയക്കുമെന്നറിയാതെ ആശങ്കയുടെ നടുക്കടലിലാണ് ഈ രക്ഷിതാക്കള്‍. രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമായി ഇവര്‍ കഴിയുന്ന വീടിന്റെ അവസ്ഥ ഏറെ പരിതാപകരമാണ്. ഇവരുടെ അടുക്കളയും കിടപ്പുമുറിയും ഡൈനിങ് ഹാളുമെല്ലാം പരിമിതികള്‍ മാത്രമുള്ള ഈ ഷെഡാണ്.
കോട്ടയം കൂറ്റമലകുന്നേല്‍ സ്വദേശിയായ മോഹന്‍ദാസും കാരശേരി പഞ്ചായത്തിലെ പത്താം വാര്‍ഡ് സ്വദേശിയായ ബിന്ദുവും പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. 10 വര്‍ഷത്തോളം കോട്ടയത്തെ മോഹന്‍ദാസിന്റെ നാട്ടില്‍ കഴിഞ്ഞ ഇവര്‍ അഞ്ചുവര്‍ഷം മുന്‍പാണ് ബിന്ദുവിന്റെ നാടായ കാരശ്ശേരി പഞ്ചായത്തിലെ എലിമ്പിലാശ്ശേരി ആദിവാസി കോളനിയില്‍ താമസം തുടങ്ങിയത്.
ആശാരിയായ മോഹന്‍ദാസും വീട്ടമ്മയായ ബിന്ദുവും നിരവധിതവണ വിവിധ ഭവന പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീട് അനുവദിക്കാന്‍ പഞ്ചായത്തിനെ സമീപിച്ചെങ്കിലും ഇതുവരെ അനുകൂല നടപടി ഉണ്ടായിട്ടില്ല. വീട് അനുവദിക്കാം എന്നു പറയുകയല്ലാതെ യാതൊരുവിധ നടപടികളും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്ന് മോഹന്‍ദാസ് പറഞ്ഞു. മൂത്തമകളായ വൃന്ദ ഇപ്രാവശ്യം പത്താം ക്ലാസിലേക്കാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന രണ്ടാമത്തെ കുട്ടിയായ പ്രണവും വൃന്ദയും തോട്ടുമുക്കം ഹൈസ്‌കൂളിലാണ് പഠിക്കുന്നത്. ഏഴാം ക്ലാസില്‍ പഠിക്കുന്ന മൂന്നാമത്തെ കുട്ടിയായ പ്രതീക്ഷ തൊട്ടുമുക്കം യു.പി സ്‌കൂളിലും. കാലവര്‍ഷം അടുത്തെത്തി നില്‍ക്കെ മൂവരും ഭീതിയിലാണ്.
തോട്ടുമുക്കം സര്‍ക്കാര്‍ യു പി സ്‌കൂളിലെ അദ്ധ്യാപകര്‍ കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ആണ് ഇവരുടെ ദുരിത കഥ മനസിലാക്കിയത് എന്ന് അധ്യാപകന്‍ സുഭാഷ് പറയുന്നു.
അടച്ചുറപ്പില്ലാത്ത ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ കഴിഞ്ഞ മഴക്കാലങ്ങള്‍ കഴിച്ചുകൂട്ടിയ ഓര്‍മകള്‍ ഇവരെ കുറച്ചൊന്നുമല്ല പേടിപ്പെടുത്തുന്നത്. വൈദ്യുതിയും വെള്ളവുമില്ലാത്ത പഠിക്കാന്‍ യാതൊരുവിധ സൗകര്യങ്ങളുമില്ലാത്ത വീട്ടില്‍ കാലാവസ്ഥയുടെ രൗദ്രഭാവവും പേറി എത്രകാലം ഈ ദുരിത ജീവിതം മുന്നോട്ടുകൊണ്ടുപോകുമെന്നാണ് ഇവര്‍ ചോദിക്കുന്നത്.
Content Highlights: these children coming to school from a deplorable house
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..