.
ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ തീരദേശത്തെ സ്‌കൂള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തിരികെത്തന്ന മുഖ്യമന്ത്രിക്ക് നന്ദി പറഞ്ഞ് പിറന്നാള്‍ ആശംസകളുമായി പ്രധാനാധ്യാപിക. മലപ്പുറം ജില്ലയിലെ തീരദേശഗ്രാമമായ പാലപ്പെട്ടി എ.എം.എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപികയായ ഷീബ തമ്പിയാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നന്ദിയറിയിച്ചത്.
തീരദേശത്തെ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും അടിസ്ഥാന വര്‍ഗത്തിന്റെയും ആശ്രയമായിരുന്ന സ്‌കൂള്‍ ഒഴിവു ദിനങ്ങളില്‍ അമ്മമാര്‍ക്ക് ലൈബ്രറിയായും പൊതുപരിപാടികള്‍ക്ക് സ്ഥിരം വേദിയുമായിരുന്നു. എന്നാല്‍ ദേശീയപാതാവികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ സ്‌കൂളിന് പകരം നഷ്ടപരിഹാരത്തുക ഉപയോഗിച്ച് പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ മാനേജ്‌മെന്റ് തയ്യാറായില്ല. അതോടെ ഏറെ അസൗകര്യങ്ങളോടെ സമീപത്തെ മദ്രസാക്കെട്ടിടത്തിലായിരുന്നു സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. സമീപത്തെ വീടിന്റെ ചായ്പ്പില്‍ ഷീറ്റ് കെട്ടിയാണ് കുട്ടികള്‍ക്ക് ഉച്ചക്ക് ആഹാരം കൊടുത്തിരുന്നത്.
കഷ്ടപ്പാടുകള്‍ ഏറെയുണ്ടായിരുന്നിട്ടും വിദ്യാര്‍ഥികള്‍ കൃത്യമായി സ്‌കൂളിലെത്തി. പുതിയ കെട്ടിട നിര്‍മ്മാണത്തിന് മാനേജേമെന്റ് തയ്യാറാവാതിരുന്നതോടെ പൊതുപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ പരാതി പരിഹാരസെല്ലില്‍ അപേക്ഷ നല്‍കി. വിദ്യാഭ്യാസമന്ത്രി ഇടുപെട്ട് മെയ് 22 ന് സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയും പുതിയ കെട്ടിടമാകുന്നത് വരെ പകരം സംവിധാനം തരപ്പെടുത്തുകയുമായിരുന്നു. 13 ദിവസങ്ങള്‍ക്കുള്ളില്‍ നടപടിയെടുത്ത കേരളസര്‍ക്കാരിന് നന്ദി പറയുകയാണ് 36 വര്‍ഷം ഈ സ്‌കൂളില്‍ പ്രധാനാധ്യാപികയായി ജോലി ചെയ്ത് വിരമിക്കുന്ന ഷീബ തമ്പി. മുഖ്യമന്ത്രിയുടെ പിറന്നാള്‍ ദിവസം പങ്കുവെച്ച കുറിപ്പ് മന്ത്രി വി ശിവന്‍കുട്ടിയും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
മന്ത്രി വി.ശിവന്‍കുട്ടി പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ് വായിക്കാം
ചോറ് വെന്തുവോ എന്നറിയാൻ ഒരു വറ്റെടുത്ത് നോക്കിയാൽ മതി..
നമ്മുടെ പൊതുവിദ്യാഭ്യാസ മേഖലയിലെ വിപ്ലവകരമായ മാറ്റങ്ങൾ പ്രതിഫലിപ്പിക്കുന്ന ഒരു സംഭവം റിട്ടയർഡ് പ്രധാനാധ്യാപികയായ Sheeba Thambi എന്ന ടീച്ചറുടെ വാക്കുകളിലൂടെ..
ഷീബ തമ്പി ടീച്ചറുടെ ഫേസ്ബുക് പോസ്റ്റ് :-
പ്രിയപ്പെട്ട മുഖ്യമന്ത്രി,
അങ്ങേക്ക് പിറന്നാൾ ആശംസകൾ നേരുന്നു .സാധാരണ പിറന്നാൾ സമ്മാനം അങ്ങേക്കാണ് തരേണ്ടത്. എന്നാൽ വളരെ വിലപിടിച്ച ഒരു സമ്മാനം താങ്കൾ ഞങ്ങൾക്കു സമ്മാനിച്ചു. അതിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്താനാണി എഴുത്ത് !ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി ഞാൻ പ്രധാനാധ്യാപിക ആയിരുന്ന പാലപ്പെട്ടി എ.എം.എൽ.പി സ്കൂൾ പൊളിച്ചുനീക്കപ്പെട്ടു.
തീരദേശ പ്രദേശത്തെ ഏറ്റവും പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെയും അടിസ്ഥാന വർഗ്ഗത്തിൽ പെടുന്നവരുടെയും മക്കളാണ് ഈ സ്കൂളിൽ പ്രധാനമായും പഠിക്കുന്നത്.ഒഴിവു ദിനങ്ങളിൽ അമ്മമാർക്ക് ലൈബ്രറിയായും ധാരാളം പൊതുപരിപാടികൾക്ക് അങ്കണമായും പ്രവർത്തിച്ചിരുന്ന ഞങ്ങളുടെ സ്കൂൾ വിദ്യാർഥികളുടേത് മാത്രമായിരുന്നില്ല, നാടിന്റെ മുഴുവൻ ജീവനുമായിരുന്നു ..
പൊളിച്ചു നീക്കപ്പെട്ട സ്കൂളിന് പകരം പുതിയ സ്കൂൾ നിർമ്മിക്കുവാൻ മാനേജ്‌മെൻറ് തയ്യാറായില്ല. ആവശ്യത്തിന് സ്ഥലസൗകര്യവും, ദേശീയപാതാ സ്ഥലമെടുപ്പുമായി ബന്ധപെട്ടു വളരെ വലിയ നഷ്ട പരിഹാരം കിട്ടിയിട്ടും പുതിയ കെട്ടിടം പണിയാൻ അവർ വിസമ്മതിച്ചു .ഇവർക്ക് ലഭിച്ച നഷ്ടപരിഹാരത്തിന് PTA നിർമിച്ച മതിലും, സർക്കാർ ഫണ്ടുപയോഗിച്ചു നിർമ്മിച്ച അടുക്കളയും, സുനാമി ഫണ്ടിൽ പണിത 5 ടോയ്‌ലറ്റ് സമുച്ചയം വരെ ഉൾപ്പെട്ടിരുന്നു എന്നതാണ് വസ്തുത.
ഒരുപാട് പാവപ്പെട്ട കുട്ടികളുടെ ആശ്രയമായ സ്കൂൾ നഷ്ടപ്പെടുന്നത് മാതാപിതാക്കൾക്കും സ്കൂളിനെ സ്നേഹിക്കുന്ന ഓരോരുത്തർക്കും സഹിക്കാവുന്നതിലും അധികമായിരുന്നു.കഴിഞ്ഞ അധ്യയന വർഷത്തിൽ സ്കൂൾ പൊളിച്ചതിനു ശേഷമുള്ള ദിവസങ്ങളിൽ വളരെ ചുരുങ്ങിയ സൗകര്യമുള്ള ഒരു മദ്രസയിൽ ആയിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്.
കുട്ടികൾക്ക് ഉച്ചഭക്ഷണം നൽകാൻ പോലും സ്ഥലമുണ്ടായിരുന്നില്ല.അടുത്തൊരു വീടിന്റെ ചായ്പ്പിൽ ഷീറ്റ് കെട്ടിയാണ് കുഞ്ഞു മക്കൾക്ക് ഉച്ചക്ക് ആഹാരം കൊടുത്തിരുന്നത്. എന്നിട്ടും എന്റെ കുഞ്ഞുങ്ങൾ മുടങ്ങാതെ മുഴുവൻ ദിവസവും സ്കൂളിൽ വന്നിരുന്നു.പൊതുപ്രവത്തകൻ കെ. സൈനുദ്ദീനാണ് ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ മേയ് 9 ന് അപേക്ഷ നൽകിയത്.ഉടനെയിതു വിദ്യാഭ്യാസ മന്ത്രിക്കു കൈമാറുകയും ശിവൻകുട്ടി സാർ എത്രയും പെട്ടെന്ന് ഇടപെട്ട് മേയ് 22 ന് തന്നെ സ്കൂൾ സർക്കാർ ഏറ്റെടുക്കുകയും ചെയ്തു.
കൂടാതെ കെട്ടിട നിർമ്മാണം പൂർത്തിയാകുന്നതുവരെ സൗകര്യമുള്ള പകരം സംവിധാനവും ലഭ്യമാക്കി.ഇതെല്ലാം കേവലം 13 ദിവസം മാത്രമെടുത്താണ് അനുവദിച്ചത് എന്നതാണ് ഏറ്റവും അഭിനന്ദനീയം .36 വര്ഷം ഈ സ്കൂളിലെ അധ്യാപിക, പ്രധാനാധ്യാപികയായി ജോലി ചെയ്ത് ഈ വർഷം പടിയിറങ്ങിയ എനിക്ക് ഈ സ്കൂൾ ഇനിയും ഒരുപാട് കാലം കുഞ്ഞുമക്കളെ താലോലിക്കുന്ന ഇടമായി നിലനിൽക്കുമെന്നതിൽ പരം വലിയ സന്തോഷം മറ്റൊന്നുമില്ല
പ്രവേശനോത്സവത്തോടെ ജൂൺ ഒന്നിന് സ്കൂൾ പ്രവർത്തിക്കുന്നതിനുള്ള പൂർണ്ണ സാഹചര്യം ഒരുക്കി തന്ന കുഞ്ഞുങ്ങളെ സ്നേഹിക്കുന്ന പ്രിയ മുഖ്യമന്ത്രീ,അങ്ങേക്ക് ഈ നാടിൻ്റെ മുഴുവൻ പിറന്നാളാശംസകളും,ഒപ്പം നിന്ന വിദ്യാഭ്യാസ മന്ത്രീ, അങ്ങേക്ക് എന്റെയും പാലപ്പെട്ടിക്കാരുടേയും സ്നേഹാശംസകളും....
Content Highlights: The Kerala government will take over Palappetty ALP school
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..