പ്രതീകാത്മക ചിത്രം | Getty Images
ന്യൂഡല്‍ഹി: പഠന സമ്മര്‍ദ്ദവും മാനസിക പിരിമുറുക്കവും കാരണം രാജ്യത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്തത് 16 വിദ്യാര്‍ഥികളെന്ന് കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാസ് സര്‍ക്കാര്‍. ഇതില്‍ എട്ടു പേര്‍ ഐ.ഐ.ടി. വിദ്യാര്‍ഥികളും ഏഴ് പേര്‍ എന്‍.ഐ.ടി. വിദ്യാര്‍ഥികളും ഒരാള്‍ ഐ.ഐ.എം. വിദ്യാര്‍ഥിയുമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ ഐ.ഐ.ടികളില്‍ മാത്രം മരണപ്പെട്ടത് 33 വിദ്യാര്‍ഥികളാണ്. ബുധനാഴ്ച രാജ്യസഭയിൽ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച കണക്കുകള്‍ ഉള്ളത്.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐ.ഐ.ടി., എന്‍.ഐ.ടി., ഐ.ഐ.എം. എന്നിവിടങ്ങളില്‍ മാത്രം രജിസ്റ്റര്‍ ചെയ്യപ്പെട്ടത് 61 കേസുകളാണ്. ഇതില്‍ പകുതിയും ഐ.ഐ.ടി. വിദ്യാര്‍ഥികളാണ്. ഹനുമന്തയ്യയുടെ ചോദ്യത്തിന് മറുപടിയായാണ് കണക്കുകള്‍ വിദ്യാഭ്യാസവകുപ്പ് പുറത്ത് വിട്ടത്. 2023-ല്‍ ഇതുവരെ ആത്മഹത്യ ചെയ്ത ആറ് പേരും ഐ.ഐ.ടി.(3), എന്‍.ഐ.ടി.(3) വിദ്യാര്‍ഥികളാണ്
2019-ല്‍ മരണപ്പെട്ട 16 പേരില്‍ എട്ട് പേര്‍ ഐ.ഐ.ടിയിലും എട്ട് പേര്‍ എന്‍.ഐ.ടിയില്‍ നിന്നുള്ളവരുമാണ്. 2020-ല്‍ ഐ.ഐ.ടി. വിദ്യാര്‍ഥികളായ മൂന്നു പേരും എന്‍.ഐ.ടിയിലേയും ഐ.ഐ.എമ്മിലേയും ഓരോ വിദ്യാര്‍ഥിയും മരണപ്പെട്ടു. 2021-ല്‍ ഏഴ് വിദ്യാര്‍ഥികളുമാണ് ജീവനൊടുക്കിയത്. ഇതില്‍ 4 പേര്‍ ഐ.ഐ.ടി. വിദ്യാര്‍ഥികളാണ്. രണ്ട് പേര്‍ എന്‍.ഐ.ടിയിലേയും ഒരാള്‍ ഐ.ഐ.എം വിദ്യാര്‍ഥിയുമാണ്
ദേശീയ വിദ്യാഭ്യാസ നയം 2020 (NEP 2020) പ്രകാരം കുട്ടികളില്‍ പഠനസമ്മര്‍ദം കുറയ്ക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വേണ്ട സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി കണക്കുകള്‍ക്ക് മറുപടിയായി സഹമന്ത്രി ഡോ. സുഭാഷ് സര്‍ക്കാര്‍ പ്രതികരിച്ചു. വിഷാദം കണ്ടെത്തുന്ന കുട്ടികളെ അധികൃതര്‍ക്ക് മുമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന കര്‍ശന നിര്‍ദേശം വിദ്യാര്‍ഥികള്‍ക്കും വാര്‍ഡന്‍മാര്‍ക്കും മറ്റും നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പഠനസമ്മര്‍ദം കുറയ്ക്കുന്നതിനും മാനസികോല്ലാസത്തിനുമായി പാഠ്യേതര വിഷയങ്ങളും കലാ-കായിക പരിപാടികളും സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു
Content Highlights: Study related issues, 16 students lost their lives last year
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..