-
ന്യൂഡൽഹി: വിദേശ രാജ്യത്തെ പഠനമെന്നത് ഏതൊരു ഇന്ത്യൻ വിദ്യാർഥിയുടേയും സ്വപ്നമാണ്. സ്കോളർഷിപ്പുകളുടേയും പ്രവേശന പരീക്ഷകളുടേയും സഹായത്തോടെ ആ സ്വപ്നത്തിന്റെ പിന്നാലെ പോകുന്നവരാണ് പലരും. എന്നാൽ അപ്രതീക്ഷിതമായി അതിർത്തി കടന്നെത്തിയ കോവിഡ്-19 എന്ന രോഗം വിദ്യാർഥികളുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു.
വൈറസ് വ്യാപനം തടയുന്നതിനായി പല രാജ്യങ്ങളും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് വിദ്യാർഥികളുടെ ഭാവിയും അനിശ്ചിതത്വത്തിലായത്. കാനഡ, ഇറ്റലി, ന്യൂയോർക്ക്, ഓസ്ട്രേലിയ തുടങ്ങി വിദേശ പഠനത്തിനായി ഇന്ത്യൻ വിദ്യാർഥികൾ തിരഞ്ഞെടുത്തിരുന്ന ഒട്ടുമിക്ക രാജ്യങ്ങളും കൊറോണ വൈറസിന്റെ പിടിയിലാണ്. ഇതോടെ സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ വിദേശ കോളേജുകളിൽ പ്രവേശനം നേടേണ്ടിരുന്ന വിദ്യാർഥികളിൽ പലരും ഇന്ത്യൻ കോളേജുകളിൽ പ്രവേശനം നേടുന്നതിനെക്കുറിച്ചാണ് ചിന്തിക്കുന്നത്.
നിലവിൽ വിദേശ സർവകലാശാലകളിൽ പ്രവേശനം നേടിയ പല വിദ്യാർഥികളും ലോക്ക്ഡൗണിനെത്തുടർന്ന് ഓൺലൈനായാണ് പഠനം നടത്തുന്നത്. എന്നാൽ വിദേശ ജീവിതം സ്വപ്നം കണ്ട് അപേക്ഷിച്ച വിദ്യാർഥികളെ സംബന്ധിച്ച് ഇത് വലിയ നഷ്ടമാണ്. സാഹചര്യങ്ങൾ പൂർവസ്ഥിതിയിലാകാൻ ഏറെ സമയമെടുക്കുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഈ പശ്ചാത്തലത്തിൽ ഓൺലൈനിലൂടെയുള്ള പഠനം അവസാനിപ്പിക്കാനാണ് പല വിദ്യാർഥികളും ആലോചിക്കുന്നതെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു. വിദേശ രാജ്യങ്ങളിൽ പഠനം തുടരുന്ന ഇന്ത്യൻ വിദ്യാർഥികളുടേയും സ്ഥിതിയും വ്യത്യസ്തമല്ല. നിലവിൽ രാജ്യങ്ങളിലേക്ക് തിരിച്ച് വരാൻ കഴിയാത്ത സ്ഥിതിയിലാണ് പലരും.
എത്രയും വേഗം കാര്യങ്ങൾ പൂർവ സ്ഥിതിയിലാക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് രാജ്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വൈറസ്ബാധ അനിയന്ത്രിതമായി തുടരുകയാണ്. ലോകത്തെ 190-ഓളം രാജ്യങ്ങളിൽ ഇതിനോടകം കോവിഡ്-19 റിപ്പോർട്ട് ചെയ്തു കഴിഞ്ഞു. മരണം 60,000 കടക്കുകയും ചെയ്തു.
Content Highlights: Study abroad dreams of Indian students are shattered due to corona virus outbreak
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..