Representational Image| Photo: canva.com
ന്യൂഡൽഹി: ഡൽഹി സർവകലാശാലയിൽ 28 വർഷമായി അടഞ്ഞുകിടക്കുന്ന മലയാളം വകുപ്പ് പുനരാരംഭിക്കാൻ കേരള സർക്കാരിന്റെ ഇടപെടൽ ആവശ്യപ്പെട്ട് ഡൽഹിയിലെ മലയാളി വിദ്യാർഥികളും അധ്യാപകരും രംഗത്ത്. സംസ്ഥാനത്തിനു പുറത്ത് സ്വന്തംഭാഷ പഠിപ്പിക്കാൻ തമിഴ്നാട് ഉൾെപ്പടെയുള്ള സംസ്ഥാനങ്ങൾ കോടികൾ അനുവദിക്കുമ്പോഴാണ് ക്ലാസിക് പദവി ലഭിച്ച മലയാളത്തിന് ഈ ഗതി. ഒരുകാലത്ത് ബിരുദാനന്തര കോഴ്സുകൾവരെ നടത്തിയിരുന്ന മലയാളവിഭാഗം 1994-ൽ പ്രൊഫ. അകവൂർ നാരായണൻ വിമരിച്ചതോടെ നിശ്ചലമായി. പിന്നെ അധ്യാപകനിയമനമുണ്ടായിട്ടില്ല. മലയാളി അധ്യാപകരുടെയും വിദ്യാർഥികളുടെയും നിരന്തരശ്രമങ്ങൾക്കൊടുവിൽ പലപ്രാവശ്യം അപേക്ഷ ക്ഷണിച്ചെങ്കിലും അഭിമുഖമോ നിയമനങ്ങളോ നടന്നിട്ടില്ലെന്ന് സർവകലാശാലയിലെ അക്കാദമിക് കൗൺസിൽ മുൻ അംഗവും അസോസിയേറ്റ് പ്രൊഫസറുമായ എൻ. സച്ചിൻ പറഞ്ഞു.
2012-'14ൽ കേന്ദ്ര മാനവവിഭവശേഷിവകുപ്പ് സഹമന്ത്രിയായിരുന്ന ശശി തരൂർ വകുപ്പ് പുനരാരംഭിക്കാൻ ഇടപെട്ടെങ്കിലും ഫലം കണ്ടില്ല. ഈവർഷം മുതൽ ‘എബിലിറ്റി എൻഹാൻസ്മെന്റ് കംപൽസറി’ കോഴ്സിന്റെ ഭാഗമായി ഹിന്ദിയും സംസ്കൃതവും നിർബന്ധമായി ബിരുദ വിദ്യാർഥികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമ്പോഴാണ് പ്രാദേശികഭാഷ പഠിക്കാൻ അവസരം നിഷേധിക്കുന്നതെന്ന് മലയാളി വിദ്യാർഥി സംഘടനയായ മൈത്രിയുടെ ഭാരവാഹി മുഹമ്മദ് സാലിഹ് പറഞ്ഞു. മലയാളം വകുപ്പ് തുറന്നുപ്രവർത്തിക്കാൻ ഇടപെടണമെന്ന് അഭ്യർഥിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മൈത്രി കത്ത് നൽകിയിട്ടുണ്ട്.
മറ്റ് ഭാഷാ വകുപ്പുകളും അടച്ചുപൂട്ടലിന്റെ വക്കിൽ
ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ പ്രതിപാദിച്ചിട്ടുള്ള 22 ഔദ്യോഗിക ഭാഷകളും കേന്ദ്ര സർവകലാശാലയിൽ പഠിക്കാൻ വിദ്യാർഥികൾക്ക് അവസരമൊരുക്കണമെന്നാണ് ചട്ടം. എന്നാൽ, സ്ഥിരം അധ്യാപക നിയമനങ്ങളോ വിദ്യാർഥികൾക്ക് പഠനത്തിന് അവസരമോ ഒരുക്കാതെ മലയാളം ഉൾപ്പടെയുള്ള പ്രാദേശിക വകുപ്പുകളോടുള്ള വിവേചനം തുടരുകയാണ്.
കഴിഞ്ഞ പത്തുവർഷത്തിനിടെ സ്ഥിരം അധ്യാപക നിയമനങ്ങൾ നടന്നിട്ടില്ല. ജവാഹർലാൽ നെഹ്രു സർവകലാശാലയിൽ തമിഴ് വകുപ്പ് സ്ഥാപിക്കാൻ തമിഴ്നാട് സർക്കാർ അഞ്ചുകോടി രൂപ മാറ്റിവെച്ചപ്പോൾ ഡൽഹി സർവകലാശാലയിലെ തമിഴ് വകുപ്പ് പ്രതിസന്ധിയിലാണ്. പല കോളേജുകളിലെയും പഞ്ചാബി, ബംഗാളി, കശ്മീരി, തെലുങ്ക്, കന്നഡ, അസമീസ് ഭാഷാ പഠനം ഉൾപ്പടെയുള്ള വകുപ്പുകളുടെയും അവസ്ഥ സമാനമാണ്.
വിഷയം ശ്രദ്ധയിൽപ്പെട്ടില്ല. അന്വേഷിച്ചശേഷം ഗൗരവമാണെന്ന് കണ്ടെത്തിയാൽ വകുപ്പ് തുറക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും
എ.എ. റഹീം-രാജ്യസഭാ എം.പി.
Content Highlights: Students seek Kerala CM’s help to revive Malayalam department in Delhi University
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..