പ്രതീകാത്മക ചിത്രം | ഫോട്ടോ:മധുരാജ്
തിരുവനന്തപുരം: പുതിയ പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ സ്‌കൂള്‍ പരീക്ഷാസമ്പ്രദായത്തില്‍ പൊളിച്ചെഴുത്തിനു സാധ്യത. നിരന്തരമായ എഴുത്തുപരീക്ഷകളും അതിനുള്ള തയ്യാറെടുപ്പുകളും കുട്ടികള്‍ക്ക് ഗുണനിലവാരമുള്ള പഠനസമയം നഷ്ടപ്പെടുത്തുന്നുണ്ടെന്നാണ് എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ കരടുസമീപനരേഖയിലെ നിരീക്ഷണം. പരീക്ഷയിലെ പൊളിച്ചെഴുത്തുരീതി വിവിധ തട്ടുകളിലുള്ള പാഠ്യപദ്ധതി ചര്‍ച്ചകളിലൂടെ രൂപപ്പെടുത്താനാണ് തീരുമാനം.
കുട്ടികളുടെ മികവും ദൗര്‍ബല്യവും മനസ്സിലാക്കിയുള്ള അധ്യയനരീതി പരിശീലിപ്പിക്കും. ഇതിനായി 'സ്റ്റുഡന്റ് പ്രൊഫൈല്‍' തയ്യാറാക്കണം. നിലവിലെ എഴുത്തുപരീക്ഷാരീതി കുട്ടികളില്‍ മാനസികസംഘര്‍ഷവും രക്ഷിതാക്കളില്‍ സമ്മര്‍ദവും സൃഷ്ടിക്കുന്നുണ്ടെന്ന് പാഠ്യപദ്ധതി ചര്‍ച്ചകളില്‍ പങ്കാളിയായ വിദ്യാഭ്യാസവിദഗ്ധന്‍ 'മാതൃഭൂമി'യോടു പറഞ്ഞു. അടിമുടി പരിഷ്‌കാരം എളുപ്പമല്ല. അതിനാലാണ് ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന നിര്‍ദേശങ്ങള്‍ പരിഗണിക്കാനുള്ള തീരുമാനം.
സെക്കന്‍ഡറിതലത്തിലെ പരീക്ഷാസമ്പ്രദായവും അതിനുള്ള തയ്യാറെടുപ്പുകളുമൊക്കെ കുട്ടികളുടെ പഠനത്തെ ഹാനികരമായി ബാധിക്കുന്നുവെന്ന് ദേശീയവിദ്യാഭ്യാസനയരേഖയും ചൂണ്ടിക്കാട്ടുന്നു. കുട്ടികളുടെ സാമൂഹിക പശ്ചാത്തലം, സവിശേഷമായ കഴിവുകള്‍, സഹായം ആവശ്യമുള്ള മേഖലകള്‍ തുടങ്ങി അവരുടെ ശക്തി-ദൗര്‍ബല്യങ്ങള്‍ കൃത്യമായി സ്റ്റുഡന്റ് പ്രൊഫൈലില്‍ രേഖപ്പെടുത്തണമെന്നും നിരീക്ഷിക്കുന്നു.
പാഠപുസ്തകത്തിലോ ഇതരഗ്രന്ഥങ്ങളിലോ വിവരിക്കുന്ന വസ്തുത അതേപടി ഗ്രഹിക്കുന്നതിനുപകരം യുക്തിപൂര്‍വം വിലയിരുത്തി വിദ്യാര്‍ഥി സ്വയം നിഗമനത്തിലെത്തുന്ന പഠനരീതി വേണം. ഇതിനായി ഫിന്‍ലാന്‍ഡ് ഉള്‍പ്പെടെയുള്ള സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളിലെ പഠനരീതി കേരളത്തിന് അനുയോജ്യമായി പ്രയോജനപ്പെടുത്താമെന്നാണ് നിര്‍ദേശം.
കലാപഠനത്തിന് ആര്‍ട്ട് ലാബ്
കലാവിദ്യാഭ്യാസത്തിനായി സ്‌കൂളുകളില്‍ ആര്‍ട്ട് ലാബുകള്‍ വേണമെന്ന് പാഠ്യപദ്ധതി പരിഷ്‌കാരത്തില്‍ നിര്‍ദേശിക്കുന്നു. ഇപ്പോള്‍ പ്ലസ് ടു തലത്തില്‍ സംഗീതം മാത്രമാണ് വിഷയം.
എന്നാല്‍, ദൃശ്യകലയുടെ ഡിഗ്രി കോഴ്സുകള്‍ക്കും പ്രവേശനപരീക്ഷകള്‍ക്കും ഉതകുന്നതരത്തില്‍ സിലബസും പാഠപുസ്തകവും വേണമെന്നാണ് ശുപാര്‍ശ. മറ്റുവിഷയങ്ങള്‍ക്കുള്ളതുപോലെ ദൃശ്യകലയ്ക്കായി ആര്‍ട്ട് ലാബ് വേണമെന്ന് ശുപാര്‍ശയില്‍ പറയുന്നു.
Content Highlights: school curriculum reform 2022, education reform kerala, new education policy
വിദ്യാഭ്യാസ വാര്‍ത്തകളും വിശകലനവും അറിയാന്‍ Join WhatsApp Group https://mbi.page.link/mb-education
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..