.jpg?$p=a781f29&f=16x10&w=856&q=0.8)
സുപ്രീം കോടതി | ഉണ്ണികൃഷ്ണൻ പി.ജി
ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയും യുക്രൈന് യുദ്ധവും കാരണം വിദേശ എം.ബി.ബി.എസ്. വിദ്യാര്‍ഥികള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ രണ്ടുമാസത്തിനകം പദ്ധതി തയ്യാറാക്കണമെന്ന് നാഷണല്‍ മെഡിക്കല്‍ കമ്മിഷനോട് സുപ്രീംകോടതി. വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിലെ കോളേജുകളില്‍ ക്ലിനിക്കല്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ അവസരമൊരുക്കുന്ന കാര്യത്തിലാണ് ജസ്റ്റിസ് ഹേമന്ത് ഗുപ്ത അധ്യക്ഷനായ ബെഞ്ചിന്റെ നിര്‍ദേശം.
ചൈനയില്‍ എം.ബി.ബി.എസ്. പഠിച്ചിരുന്ന വിദ്യാര്‍ഥിനിക്ക് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് അവിടെ ക്ലിനിക്കല്‍ പരിശീലനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്ത വിഷയത്തിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. വിദ്യാര്‍ഥിനിക്ക് താത്കാലികമായി ഇവിടത്തെ കോളേജില്‍ എം.ബി.ബി.എസ്. രജിസ്ട്രേഷന് നല്‍കാനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിനെതിരേ മെഡിക്കല്‍ കമ്മിഷന് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
മഹാമാരിയും യുക്രൈന് പ്രതിസന്ധിയും തങ്ങള്‍ക്ക് പുതിയ വെല്ലുവിളികളുണ്ടാക്കുന്നതായി കമ്മിഷനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന് വികാസ് സിങ് ചൂണ്ടിക്കാട്ടി. അതേസമയം, മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരത്തില്‍ വിട്ടുവീഴ്ചചെയ്യാതെതന്നെ വിദേശത്തു പഠിച്ച ഇന്ത്യക്കാരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുമെന്നും കമ്മിഷന് അറിയിച്ചു.
തുടര്‍ന്നാണ്, ഇത്തരം പ്രശ്നങ്ങള്‍ നേരിടുന്ന വിദ്യാര്‍ഥികളുടെ തുടര്‍പഠനത്തിനായി രണ്ടുമാസത്തിനകം പദ്ധതി തയ്യാറാക്കാന്‍ സുപീംകോടതി ആവശ്യപ്പെട്ടത്. ഒറ്റത്തവണത്തേക്കുള്ള താത്കാലിക പദ്ധതിയാണ് തയ്യാറാക്കേണ്ടത്. വിദ്യാര്‍ഥികളുടെ മികവ് പരിശോധിക്കുന്നകാര്യം കമ്മിഷന് തീരുമാനിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..