പ്രതീകാത്മകചിത്രം
കല്പറ്റ: ഗവേഷണപ്രബന്ധം സമയബന്ധിതമായി സമര്‍പ്പിക്കാത്ത വിദ്യാര്‍ഥികളെ സാമ്പത്തികമായി പ്രതിസന്ധിയിലാക്കി കണ്ണൂര്‍ സര്‍വകലാശാല. ജൂണ്‍ 30 വരെ പ്രബന്ധം സമര്‍പ്പിക്കാന്‍ സമയം അനുവദിച്ചതിനൊപ്പം ഒരു ലക്ഷം രൂപ പിഴയടയ്ക്കണമെന്നാണ് സര്‍വകലാശാലയുടെ നിര്‍ദേശം. 2020 മാര്‍ച്ച് 24 വരെ നീട്ടിനല്‍കിയ കാലാവധി ഉള്‍പ്പെടെ കഴിഞ്ഞിട്ടും പ്രബന്ധം സമര്‍പ്പിക്കാന്‍ സാധിക്കാത്ത ഗവേഷകര്‍ക്കുള്ള മേഴ്‌സി ചാന്‍സായാണ് സര്‍വകലാശാല ഉത്തരവിറക്കിയത്. മാര്‍ച്ചില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലാണ് തീരുമാനം.
ഗവേഷകര്‍ യൂണിവേഴ്‌സിറ്റി ഫണ്ടിലേക്ക് ഒരുലക്ഷം രൂപ പിഴയടച്ചതിന്റെ ചെലാന്‍ സഹിതം പ്രബന്ധം സമര്‍പ്പിക്കണമെന്നാണ് ഉത്തരവിലുള്ളത്. കോവിഡിനെത്തുടര്‍ന്ന് സമൂഹമാകെ സാമ്പത്തിക പ്രതിസന്ധിയിലായ കാലത്ത് ഗവേഷകരെ ദുരിതത്തിലാക്കുന്നതാണ് സിന്‍ഡിക്കേറ്റ് തീരുമാനമെന്നാണ് ഗവേഷക വിദ്യാര്‍ഥികളുടെ ആരോപണം. സാധാരണഗതിയില്‍ മുഴുവന്‍ സമയ ഗവേഷകന് അഞ്ചുവര്‍ഷവും മറ്റു ജോലികള്‍ക്കൊപ്പം അനുബന്ധമായി ഗവേഷണം ചെയ്യുന്നവര്‍ക്ക് ആറു വര്‍ഷവുമാണ് സമയം അനുവദിക്കുന്നത്. കൂടുതല്‍ സമയം വേണ്ടവര്‍ ചെറിയ തുക അടച്ച് അധികസമയം ചോദിക്കും. അധികസമയം അനുവദിച്ചിട്ടും ഗവേഷണം പൂര്‍ത്തീകരിക്കാത്തവരില്‍നിന്നാണ് പിഴ ഈടാക്കുക. സാധാരണഗതിയില്‍ 25,000 രൂപവരെയാണ് പിഴയീടാക്കാന്‍ തീരുമാനിക്കാറുള്ളത്. അതും ഗവേഷകവിദ്യാര്‍ഥികളുടെ സംഘടനകള്‍ ആവശ്യപ്പെട്ടാല്‍ ഇളവുകളും അനുവദിച്ചിരുന്നു.
കോവിഡിനെ തുടര്‍ന്നാണ് മിക്കവരുടെയും ഗവേഷണം വൈകിയതെന്നതോ, അധ്യാപകരുടെയും ഗൈഡുമാരുടെയും നിസ്സഹകരണവും പല ഗവേഷകരും നേരിടുന്നുണ്ടെന്നതോ സിന്‍ഡിക്കേറ്റ് പരിഗണിച്ചില്ലെന്നും ഗവേഷകര്‍ ആരോപിക്കുന്നു. പല ഗവേഷകരും താത്കാലിക ജോലികളോ അതിഥി അധ്യാപകരോ ആയാണ് ജോലിചെയ്യുന്നതും. ഇവര്‍ക്ക് ഈ തുക അധികബാധ്യതയാണെന്നും ഗവേഷകര്‍ ആരോപിക്കുന്നു.
ഗവേഷണത്തില്‍ പ്രതിബദ്ധതയില്ല
ഗവേഷണത്തില്‍ പ്രതിബദ്ധതയില്ലാത്തവര്‍ ഏറുകയാണെന്നും വര്‍ഷങ്ങളായി ചെറിയ തുക ഫീസടയ്ക്കുന്നതല്ലാതെ ഗവേഷണം നടക്കുന്നില്ലെന്നും ഈ പശ്ചാത്തലത്തിലാണ് തീരുമാനമെന്നും സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ വിശദീകരിക്കുന്നു. സാധാരണ ഗവേഷണ സമയത്തിനൊപ്പം അധികസമയവും അനുവദിച്ച് പലകുറി നീട്ടിനല്‍കിയിട്ടും പ്രബന്ധം പൂര്‍ത്തീകരിക്കാനാവാത്തവരെ കരുതിയാണ് വലിയ തുക പിഴയോടെ ഈ അവസരം നല്‍കിയതെന്ന് സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ. പി.കെ. പ്രസാദന്‍ പറഞ്ഞു. ജോലി കിട്ടി പ്പോകുന്നതോടെ പലരും ഗവേഷണത്തില്‍ താത്പര്യമെടുക്കുന്നില്ല. വര്‍ഷങ്ങളായുള്ള പിഴത്തുക കൂട്ടിയപ്പോള്‍ പലരുടെ കാര്യത്തിലും വലിയ തുകയാണ് അടയ്ക്കാനുള്ളത്. ഈ പശ്ചാത്തലത്തിലാണ് ഒത്തുതീര്‍പ്പെന്നോണം ഒരു അവസരം കൂടി നല്‍കുന്നത്. ഇതില്‍ ഗവേഷക വിദ്യാര്‍ഥികളോ സംഘടനകളോ ഇതുവരെ എതിര്‍പ്പുന്നയിച്ച് സിന്‍ഡിക്കേറ്റിന് കത്തു നല്‍കിയിട്ടില്ലെന്നും പ്രൊഫ. പി.കെ. പ്രസാദന്‍ പറഞ്ഞു.
Content Highlights: rupees one lakh fine for the late research submission in Kannur University
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..