.jpg?$p=e9cc027&f=16x10&w=856&q=0.8)
ഫോട്ടോ: പി ജയേഷ്
ന്യൂഡല്‍ഹി: രാജ്യത്തെ സ്കൂളുകളില്‍ 10, 12 ക്ലാസുകളിലേക്ക് ഓഫ്ലൈന് പരീക്ഷ നടത്തുന്നതിന് എതിരായ ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. സിബിഎസ്ഇ, ഐസിഎസ്ഇ, സംസ്ഥാന ബോര്‍ഡുകള്‍ എന്നിവ വാര്‍ഷിക പരീക്ഷ ഓഫ്ലൈനായി നടത്തുന്നതിന് എതിരായ ഹര്‍ജിയാണ് സുപ്രീം കോടതി തള്ളിയത്. പരീക്ഷ എഴുതാന്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വ്യാജ പ്രതീക്ഷ നല്കാന് കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.
കോവിഡ് വ്യാപനം രൂക്ഷമായിരുന്ന കഴിഞ്ഞ വര്‍ഷം വാര്‍ഷിക പരീക്ഷ ഓഫ്ലൈനായി നടത്തുന്നതിന് എതിരായ ഹര്‍ജികളില്‍ സുപ്രീം കോടതി ഇടപെട്ടിരുന്നു. ഇത്തവണയും സമാനമായ ഉത്തരവ് കോടതിയില്‍ നിന്ന് ഉണ്ടാകണമെന്ന് ഹര്‍ജിക്കാരിയായ അനുഭ ശ്രീവാസ്തവ സഹായിക്ക് വേണ്ടി ഹാജരായ അഭിഭാഷകന് പ്രശാന്ത് പദ്മനാഭന് ആവശ്യപ്പെട്ടു. എന്നാല്‍ പ്രത്യേക സാഹചര്യത്തില്‍ കഴിഞ്ഞ തവണ പുറപ്പടുവിച്ച ഉത്തരവ് എല്ലാ വര്‍ഷവും ആവര്‍ത്തിക്കാന്‍ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി.
ബോര്‍ഡുകള്‍ പരീക്ഷ നടത്തുന്നതില്‍ തീരുമാനം പോലും എടുക്കാത്ത സാഹചര്യത്തില്‍ ഇടപെടാന്‍ ആകില്ലെന്ന് കോടതി വ്യക്തമാക്കി. പരീക്ഷ സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് ബോര്‍ഡുകളും ഉദ്യോഗസ്ഥരുമാണ്. ആ തീരുമാനത്തില്‍ പരാതിയുള്ളവര്‍ക്ക് കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.ഹർജി വിദ്യാർത്ഥികളിൽ ആശയ കുഴപ്പം സൃഷ്ടിക്കുമെന്ന് കോടതി കുറ്റപ്പെടുത്തി.
കേരളത്തിന് ആശ്വാസം
10,12 ക്ലാസുകളിലേക്ക് ഓഫ്ലൈന് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് ആവശ്യപ്പെടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇന്ന് വാദിക്കേണ്ടി വന്നില്ലെങ്കിലും സുപ്രീം കോടതി ഉത്തരവ് കേരളത്തിന് ആശ്വാസം ആണ്.
ഫെബ്രുവരി 28 നകം പത്ത് പന്ത്രണ്ട് ക്ലാസുകളിലെ എല്ലാ സിലബസ് പൂര്‍ത്തിയാക്കുമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 31 ന് ആരംഭിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്. ഏപ്രില്‍ 29 വരെ പരീക്ഷ നീണ്ടു നില്ക്കും. പ്ലസ് ടു പരീക്ഷ മാര്‍ച്ച് 30 ന് ആരംഭിച്ച് ഏപ്രില്‍ 22 ന് അവസാനിക്കും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..