പ്രതീകാത്മക ചിത്രം | ഫോട്ടോ:ശ്രീകേഷ്.എസ്
തിരുവനന്തപുരം: പ്ലസ് വണ്‍ പ്രവേശന നടപടികള്‍ ജൂലായ് ആദ്യം ആരംഭിക്കും. സി.ബി.എസ്.ഇ.ക്കാര്‍ക്കുകൂടി അവസരം ലഭിക്കും വിധം പ്രവേശന ഷെഡ്യൂള്‍ തയ്യാറാക്കും. 21-ന് ഹയര്‍സെക്കന്‍ഡറി ഫലപ്രഖ്യാപനത്തിനുശേഷം പൊതുവിദ്യാഭ്യാസവകുപ്പിന്റെ ഉന്നതതലയോഗം ചേരുന്നുണ്ട്. ഇതില്‍ രൂപരേഖ തയ്യാറാക്കും. യോഗ്യരായവര്‍ക്കെല്ലാം പ്രവേശനം ലഭിക്കുമെന്നാണ് പൊതുവിദ്യാഭ്യാസവകുപ്പ് വ്യക്തമാക്കിയിട്ടുള്ളത്.
എ പ്ലസുകാര്‍ വര്‍ധിച്ച കഴിഞ്ഞവര്‍ഷം ബാച്ചുകള്‍ ക്രമീകരിച്ച് നല്‍കേണ്ടിവന്നിരുന്നു. 4,23,303 കുട്ടികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയിട്ടുള്ളത്. 3,61,307 പ്ലസ് വണ്‍ സീറ്റുകള്‍ നിലവിലുണ്ട്. വി.എച്ച്.എസ്.ഇ.യില്‍ 33,000 സീറ്റും ഐ.ടി.ഐ. കളില്‍ 64,000 സീറ്റും പോളിടെക്നിക്കുകളില്‍ 9000 സീറ്റും ഉണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ പത്താംക്ലാസ് ജയിച്ചവരെക്കാള്‍ കൂടുതല്‍ സീറ്റുണ്ട്. മറ്റുജില്ലകളില്‍ പ്ലസ് വണ്‍ സീറ്റില്‍ കുറവുണ്ടെങ്കിലും ഇതരകോഴ്സുകളിലേക്ക് പലരും ചേക്കേറുമെന്നതിനാല്‍ പ്രവേശനത്തെ ബാധിക്കാനിടയില്ല.
കഴിഞ്ഞവര്‍ഷം അനിശ്ചിതത്വത്തെത്തുടര്‍ന്ന് 33,150 സീറ്റുകള്‍ താത്കാലികമായി വര്‍ധിപ്പിക്കേണ്ടിവന്നിരുന്നു. മുന്‍വര്‍ഷങ്ങളില്‍ 20 ശതമാനംവരെ സീറ്റുകള്‍ വര്‍ധിപ്പിക്കാറുണ്ട്.
ഏകജാലകം: നടപടികളില്‍ പുനഃപരിശോധനയില്ല
ഹയര്‍സെക്കന്‍ഡറി ഏകജാലക പ്രവേശനനടപടികളിലെ അപാകം പരിഹരിക്കണമെന്നാവശ്യപ്പെട്ട് അധ്യാപകര്‍ രംഗത്തുവന്നിട്ടുണ്ട്. സ്കൂള്‍, കോമ്പിനേഷന്‍ ട്രാന്‍സ്ഫറും സപ്ലിമെന്ററി അലോട്ട്മെന്റും ഒരുമിച്ചുനടത്താത്തതിനാല്‍ ഉയര്‍ന്ന ഡബ്ല്യു.പി.ജി.എ.യുള്ള കുട്ടികള്‍ക്ക് ഉദ്ദേശിച്ച സ്കൂളിലും കോമ്പിനേഷനിലും പ്രവേശം ലഭിക്കുന്നില്ല.
സ്കൂള്‍ കോമ്പിനേഷന്‍ ട്രാന്‍സ്ഫറും സപ്ലിമെന്ററി അലോട്ട്മെന്റും ഒരു പൊതുമെറിറ്റിന്റെ അടിസ്ഥാനത്തില്‍ നടത്തിയാല്‍ പ്രവേശന നടപടികള്‍ സുതാര്യമാകുമെന്ന് കേരള ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് യൂണിയന് ജനറല്‍ സെക്രട്ടറി അബ്ദുല്‍ ജലീല്‍ ചൂണ്ടിക്കാട്ടി.
സ്കൂളുകളില്‍നിന്ന് അനുവദിക്കുന്ന ക്ലബ്ബ് സര്‍ട്ടിഫിക്കറ്റുകള്‍ എണ്ണം നിജപ്പെടുത്തണം. ബോണസ് പോയന്റ് അനുവദിക്കുന്നതില്‍ പുനഃപരിശോധന വേണമെന്നും അധ്യാപകര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്ലസ്വൺ സീറ്റ് (ബ്രാക്കറ്റിൽ പത്താംക്ലാസ് വിജയിച്ചവർ)
തിരുവനന്തപുരം31,375 (34,039)
കൊല്ലം 26,622 (30,534)
പത്തനംതിട്ട 14,781 (10,437)
ആലപ്പുഴ 22,639 (21,879)
കോട്ടയം 22,208 (19,393)
ഇടുക്കി 11,867 (11,294)
എറണാകുളം 32,539 (31,780)
തൃശ്ശൂർ 32,561 (35,671)
പാലക്കാട് 28,267 (38,972)
കോഴിക്കോട് 34,472 (43,496)
മലപ്പുറം 53,225 (77,691)
വയനാട് 8706 (11,946)
കണ്ണൂർ 27,767 (35,167)
കാസർകോട് 14,278 (19,658)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..