പ്രതീകാത്മകചിത്രം | ഫൊട്ടൊ: എൻ.എം.പ്രദീപ് മാതൃഭൂമി
തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പ്രവേശന നടപടികള്‍ തിങ്കളാഴ്ച ആരംഭിക്കും. ആദ്യഘട്ടത്തില്‍ത്തന്നെ മൂന്ന് അലോട്ട്മെന്റുകള്‍ നടത്താനും ആവശ്യമായ ജില്ലകളില്‍ സീറ്റുവര്‍ധന അനുവദിക്കാനും തീരുമാനിച്ചു. നീന്തലിന് നല്‍കിയിരുന്ന രണ്ടു ബോണസ് പോയന്റ് ഇക്കുറി ഉണ്ടാവില്ല.
തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എല്ലാ സര്‍ക്കാര്‍സ്കൂളുകളിലും 30 ശതമാനവും എയ്ഡഡ് സ്കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റുവര്‍ധന അനുവദിച്ചു. ആവശ്യപ്പെടുന്ന എയ്ഡഡ് സ്കൂളുകള്‍ക്ക് 10 ശതമാനംകൂടി വര്‍ധന അനുവദിക്കാനും തീരുമാനിച്ചു.
കൊല്ലം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റുവര്‍ധന അനുവദിക്കും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളില്‍ സീറ്റുവര്‍ധനയില്ല.
കഴിഞ്ഞ അധ്യയനവര്‍ഷം താത്കാലികമായി അനുവദിച്ച 75 ബാച്ചുകളും ഷിഫ്റ്റ് ചെയ്ത നാലുബാച്ചുകളും ഉള്‍പ്പെടെ 81 താത്കാലിക ബാച്ചുകള്‍ ഈ വര്‍ഷമുണ്ടാകും. അപേക്ഷകര്‍ക്ക് സ്വന്തമായോ പത്താംക്ലാസില്‍ പഠിച്ചിരുന്ന ഹൈസ്കൂളിലെ കംപ്യൂട്ടര്‍ലാബ് സൗകര്യവും അധ്യാപകരുടെ സഹായവും ഉപയോഗിച്ചോ ഓണ്‍ലൈനായി അപേക്ഷ നല്‍കാം.
സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലും അപേക്ഷാസൗകര്യമുണ്ട്. 21-ന് പരീക്ഷണ അലോട്ട്മെന്റ് നടത്തും.
ആദ്യ അലോട്ട്മെന്റ് 27-നും മുഖ്യഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ഓഗസ്റ്റ് 11-നും നടത്തും. ഓഗസ്റ്റ് 17-ന് ക്ലാസ് ആരംഭിക്കും. സപ്ലിമെന്ററി അലോട്ട്മെന്റുകള്‍ക്കുശേഷം സെപ്റ്റംബര്‍ 20-ന് പ്രവേശന നടപടികള്‍ അവസാനിപ്പിക്കും.
അക്കാദമിക മികവും ബോണസ് പോയന്റും പരിഗണിച്ച് വിദ്യാര്‍ഥിയുടെ വെയിറ്റഡ് ഗ്രേഡ് പോയന്റ് ആവറേജ് (ഡബ്ല്യു.ജി.പി.എ.) കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അര്‍ഹത നിശ്ചയിക്കുന്നത്.
ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രവേശനത്തിനുള്ള അപേക്ഷകള്‍ www.admission.dge.kerala.gov.in എന്ന ഏകജാലക പോര്‍ട്ടല്‍ വഴി സമര്‍പ്പിക്കാം. അവസാനതീയതി ജൂലായ് 18.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..